KERALAM

അര്‍ദ്ധ സെഞ്ച്വറികളുമായി തകര്‍ത്താടി ഹാര്‍ദിക്കും ദൂബെയും; തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യ

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറുകളില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യ നേടിയത്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 79ന് അഞ്ച് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ ഈ സ്‌കോറിലേക്ക് എത്തിയത്. അതേസമയം, മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. സഞ്ജു സാംസണ്‍ 1(3), തിലക് വര്‍മ്മ 0(1), സൂര്യകുമാര്‍ യാദവ് 0(4) എന്നവര്‍ സാഖിബ് മഹ്‌മൂദ് എറിഞ്ഞ രണ്ടാം ഓവറില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 12-3. നാലാം വിക്കറ്റില്‍ അഭിഷേക് ശര്‍മ്മ 29(19), റിങ്കു സിംഗ് 30(26) സഖ്യം ടീമിനെ കരകയറ്റി. 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. ആദില്‍ റഷീദിന്റെ പന്തില്‍ അഭിഷേക് ശര്‍മ്മ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

ടീം സ്‌കോര്‍ 79ല്‍ എത്തിയപ്പോള്‍ റിങ്കുവും വീണു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ 53(30), ശിവം ദൂബെ 53(34) സഖ്യം തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ദൂബെ രണ്ട് സിക്‌സും ഏഴ് ബൗണ്ടറികളും പായിച്ചപ്പോള്‍ നാല് വീതം ഫോറും സിക്‌സുമാണ് ഹാര്‍ദിക്കിന്റെ ബാറ്റില്‍ നിന്ന് ഒഴുകിയത്. അക്‌സര്‍ പട്ടേല്‍ 5(4) റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മെഹ്‌മൂദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജേമി ഓവര്‍ടണ്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബ്രൈഡന്‍ കാഴ്‌സിനും ആദില്‍ റഷീദിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.


Source link

Related Articles

Back to top button