പൂനെയില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിന് തോല്‍പ്പിച്ചു, ട്വന്റി 20 പരമ്പര ഇന്ത്യക്ക് സ്വന്തം

പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. സന്ദര്‍ശകരെ 15 റണ്‍സിന് തോല്‍പ്പിച്ചതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ 3-1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ മറുപടി 19.4 ഓവറുകളില്‍ 166 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റുകള്‍ വീത്ം വീഴ്ത്തിയ കണ്‍കഷന്‍ സബ് ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി എന്നിവരാണ് ഇംഗ്ലീഷ് നിരയെ എറിഞ്ഞിട്ടത്.
സ്‌കോര്‍: ഇന്ത്യ 181-9 (20) | ഇംഗ്ലണ്ട് 166-10 (19.4)
182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട് 23(21), ബെന്‍ ഡക്കറ്റ് 39(19) എന്നിവര്‍ ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ആറ് ഓവറില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 2(3) പെട്ടെന്ന് മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഹാരി ബ്രൂക് 51(26) ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
മറുവശത്ത് ലിയാം ലിവിംഗ്സ്റ്റണ്‍ 9(13), ജേക്കബ് ബേഥല്‍ 6(9), ബ്രൈഡന്‍ കാഴ്‌സ് 0(2) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ജോഫ്ര ആര്‍ച്ചറും 0(2) വന്നപോലെ മടങ്ങി. 19ാം ഓവറില്‍ ജേമി ഓവര്‍ടണ്‍ 19(15) ഉയര്‍ത്തിയടിച്ച പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ച് വിട്ട് കളഞ്ഞുവെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ ഹര്‍ഷിത് റാണ താരത്തെ ക്ലീന്‍ ബൗള്‍ഡ് ആക്കി. ഇതോടെ അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ 19 റണ്‍സെന്ന നിലയിലായി ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം.
അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ 20ാം ഓവറിലെ നാലാം പന്തില്‍ പത്താമനായി സാഖിബ് മഹ്‌മൂദ് 1(2) പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീല വീണു. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി, ഹര്‍ഷിത് റാണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. അര്‍ഷ്ദീപിനും അക്‌സര്‍ പട്ടേലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 79ന് അഞ്ച് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്. സഞ്ജു സാംസണ്‍ 1(3), തിലക് വര്‍മ്മ 0(1), സൂര്യകുമാര്‍ യാദവ് 0(4) എന്നവര്‍ സാഖിബ് മഹ്‌മൂദ് എറിഞ്ഞ രണ്ടാം ഓവറില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 12-3. നാലാം വിക്കറ്റില്‍ അഭിഷേക് ശര്‍മ്മ 29(19), റിങ്കു സിംഗ് 30(26) സഖ്യം ടീമിനെ കരകയറ്റി.
ആറാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ 53(30), ശിവം ദൂബെ 53(34) സഖ്യം തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. ദൂബെ രണ്ട് സിക്സും ഏഴ് ബൗണ്ടറികളും പായിച്ചപ്പോള്‍ നാല് വീതം ഫോറും സിക്സുമാണ് ഹാര്‍ദിക്കിന്റെ ബാറ്റില്‍ നിന്ന് ഒഴുകിയത്. അക്സര്‍ പട്ടേല്‍ 5(4) റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സാഖിബ് മെഹ്‌മൂദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജേമി ഓവര്‍ടണ്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ബ്രൈഡന്‍ കാഴ്സിനും ആദില്‍ റഷീദിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
Source link