2 വയസുകാരിയുടെ കൊലപാതകം കസ്റ്റഡിയിലായ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിൽ
തിരുവനന്തപുരം/ ബാലരാമപുരം: ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടുവയസുകാരി ദേവനന്ദയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡ് ആസ്ഥാനത്ത് സെക്ഷൻ ക്ലാർക്കാണെന്ന പേരിൽ ജോലി വാഗ്ദാനം ചെയ്ത്, പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെന്ന പത്ത് പരാതികൾ ബാലരാമപുരം പൊലീസിന് ലഭിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ഷിജുവിൽ നിന്ന് 10ലക്ഷം രൂപ വാങ്ങി, ഡ്രൈവർ തസ്തികയിലേക്ക് വ്യാജനിയമന ഉത്തരവ് നൽകിയ കേസിലാണ് അറസ്റ്റ്. ശ്രീതുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുഞ്ഞിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായതിന് പിന്നാലെയാണ് സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊലീസിലെത്തിയത്. അന്വേഷണത്തിൽ ഇവർ ദേവസ്വം ബോർഡിൽ ഒരുഘട്ടത്തിലും ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ശ്രീതുവിന്റെ മൂത്തമകൾ പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ അംഗങ്ങളാണ് ഭൂരിഭാഗം പരാതിക്കാരും.കുഞ്ഞ് മരിച്ച ദിവസം മുതൽ ശ്രീതു പൊലീസ് കസ്റ്റഡിയിലായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും മൊഴികളിലും പെരുമാറ്റത്തിലും വൈരുദ്ധ്യമുള്ളതിനാൽ കുഞ്ഞിന്റെ സംസ്‌കാരത്തിൽപോലും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല. ഇന്നലെവരെ മഹിളാമന്ദിരത്തിലായിരുന്നു പാർപ്പിച്ചിരുന്നത്.
കസ്റ്റഡി അപേക്ഷ ഇന്ന് നൽകും
രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. ഇടയ്ക്കിടെ മാനസികവിഭ്രാന്തി കാണിക്കുന്നതിനാൽ മനോരോഗ വിദഗ്ദ്ധന്റെ നേതൃത്വത്തിലാകും ഇനിയുള്ള ചോദ്യം ചെയ്യൽ. കുഞ്ഞ് ജനിച്ചശേഷം ശ്രീതുവിന് തന്നോട് അടുപ്പം കുറഞ്ഞെന്നും അതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. കുടുംബബന്ധങ്ങൾക്ക് ചേരാത്ത പെരുമാറ്റം പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിൽ ശ്രീതുവിന്റെ പങ്ക് കണ്ടെത്തിയിട്ടില്ല. ഇവർക്കെതിരായ മറ്റു പരാതികളും അന്വേഷിക്കുന്നുണ്ട്.
കെ.എസ്.സുദർശൻ,
റൂറൽ എസ്.പി
നടപടിയെടുക്കും: ദേവസ്വം ബോർഡ്
ശ്രീതു ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ശ്രദ്ധിൽപ്പെട്ടിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
Source link