സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഇന്നലെ ലഭിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത്

തിരുവനന്തപുരം: ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയതിലൂടെ ഏറ്റവും അധികം നേട്ടം സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക്. പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ ജീവനക്കാരിൽ മുക്കാൽ പങ്കിനും ആദായ നികുതി അടയ്‌ക്കേണ്ടിവരില്ല. വളരെ കുറച്ചുപേർക്ക് മാത്രാമാകും നികുതി അടയ്‌ക്കേണ്ടിവരിക.
എൽഡി ക്ലർക്ക് വരെയുള്ള ജീവനക്കാർ ഇപ്പോൾ തന്നെ നികുതിക്ക് പുറത്താണ്. യുഡി ക്ലർക്ക്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി അദ്ധ്യാപകർ തുടങ്ങിയവരും നികുതി അടയ്‌ക്കേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടൽ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശമ്പള പരിഷ‌്കരണം നടപ്പിൽ വന്നാലും കൂടുതൽപ്പേരും പുതിയ പരിധിക്ക് പുറത്തുപോകാൻ ഇടയില്ലെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ ജീവനക്കാർക്കും പുതിയ പ്രഖ്യാപനം കാര്യമായ പ്രയോജനമുണ്ടാക്കും.
ശരാശരി ഒരു ലക്ഷം രൂപവരെ പ്രതിമാസ വരുമാനമുള്ളവർക്ക് ആദായനികുതി ഉണ്ടാവില്ല. ശമ്പളക്കാർക്ക് 75000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉള്ളതിനാൽ പ്രതിവർഷം 12.75 ലക്ഷംവരെ ആദായനികുതിയില്ല. നാലിന്റെ ഗുണിതങ്ങളാക്കി ഏഴ് ആദായ നികുതി സ്ളാബുകൾ ഉണ്ടാവും (നിലവിൽ 6). പുതിയ സ്ളാബിൽ 12 മുതൽ 24 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 70,000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെ ലാഭം .
ഏഴരക്കോടി ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് ആദായ നികുതി ഇളവെങ്കിൽ സർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവ് ഉണ്ടാവും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പുതിയ ആദായ നികുതി സ്കീം പ്രകാരമാണ് ആനുകൂല്യം ലഭിക്കുന്നത്.ഭവന വായ്പാ തിരിച്ചടവ്, ഇൻഷ്വറൻസ് പ്രീമിയം തുടങ്ങിയവ ഇനം തിരിച്ച് ഇളവ് അനുവദിച്ചിരുന്ന പഴയ സ്കീം ഇതോടെ അപ്രസക്തമാവും.
Source link