ഡൽഹിയിൽ തിരിച്ചെത്തി ‘മോദി ഗാരന്റി’

ന്യൂഡൽഹി ∙ ഡൽഹിയിൽ ‘മോദീസ് ഗാരന്റി’ പറഞ്ഞ് വോട്ടുതേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നതോടെ ‘മോദിയുടെ ഗാരന്റിക്ക് വോട്ട്’ പ്രയോഗം പ്രധാനമന്ത്രി പ്രസംഗത്തിൽ അധികം ഉൾപ്പെടുത്താതെയിരിക്കുകയായിരുന്നു. ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ യോഗങ്ങളിൽ സർക്കാരിന്റെ നേട്ടവും സ്വപ്നവും പറഞ്ഞിരുന്നെങ്കിലും സ്വന്തം പേരിനു കൂടുതൽ പ്രാമുഖ്യം നൽകിയുള്ള രീതി ഒഴിവാക്കിയായിരുന്നു മോദിയുടെ പ്രസംഗം. എന്നാൽ, ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ജയം മോദിക്കു വീണ്ടും ആത്മവിശ്വാസം നൽകിയിരിക്കുന്നുവെന്ന സൂചനയാണു ഡൽഹിയിലെ തിരഞ്ഞെടുപ്പു വേദിയിൽ കേട്ടത്. തുടർച്ചയായി മൂന്നാം വട്ടവും കേന്ദ്രഭരണം നേടിയെങ്കിലും ഡൽഹിയിൽ രണ്ടര പതിറ്റാണ്ടിലേറെയായി അധികാരത്തിനു പുറത്താണ് ബിജെപി. എങ്ങനെയും ഡൽഹി പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപിയുടെ പ്രചാരണം.
Source link