KERALAM

 മാതാപിതാക്കളെ ചുട്ടുകൊന്ന സംഭവം കൊല്ലുമെന്ന് നിരന്തരം ഭീഷണി, 7 കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചു

ചെന്നിത്തല: തൃപ്പെരുന്തുറ 16-ാം വാർഡ് കോട്ടമുറിയിൽ മാതാപിതാക്കളെ മകൻ ചുട്ടുകൊന്നത് ആസൂത്രിതമായെന്ന് പൊലീസ്. ഭാര്യയും രണ്ടു മക്കളുമായി വർഷങ്ങളായി അകന്നുകഴിയുന്ന പ്രതി വിജയൻ എണ്ണയ്ക്കാട്ടുള്ള വാടക വീട്ടിലും പിന്നീട് കടത്തിണ്ണകളിലുമായി ജീവിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റിലാണ് മാതാപിതാക്കളുടെ അടുത്തെത്തിയത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു. മിക്കപ്പോഴും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ വിജയൻ, പിതാവ് രാഘവനെ മർദ്ദിക്കുകയും കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ വിജയനെതിരെ സഹോദരിയുടെ മകൾ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു.

കൊലയ്ക്കായി വിജയൻ ദിവസങ്ങൾക്കുമുമ്പേ തയ്യാറെടുപ്പുകൾ നടത്തിയതായി തെളിവുകൾ സൂചിപ്പിക്കുന്നു. പലയിടങ്ങളിൽ നിന്ന് ഏഴ് കുപ്പി പെട്രോൾ വാങ്ങി സൂക്ഷിച്ചതായാണ് സൂചന. പ്രായിക്കരയിലെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കത്തിക്കരിഞ്ഞ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്ന് കുപ്പിയിൽ പാതി പെട്രോൾ കണ്ടെത്തി. അടുക്കളയും കിടപ്പുമുറിയും ഇടനാഴിയുമുള്ള വീട്ടിൽ മാതാപിതാക്കൾ കിടന്ന മുറിയിലേക്കും മറ്റും പെട്രോൾ ഒഴിച്ചശേഷം ഇടനാഴിയിൽ നിന്നുകൊണ്ട് തുണിയിൽ തീകത്തിച്ച് എറിയുകയായിരുന്നെന്നാണ് വിജയൻ പൊലീസിനോടു പറഞ്ഞത്.

ആത്മഹത്യയ്ക്കും ലക്ഷ്യമിട്ടു

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനും വിജയൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായതിനാൽ അത് നടന്നില്ല. സംഭവസ്ഥലത്ത് നിന്ന് 300 മീറ്റർ അകലെ വയലിനക്കരെയുള്ള വീടിന് സമീപം പ്രതി നിൽക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രണ്ട് വഴികളിലൂടെയെത്തി പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.


Source link

Related Articles

Back to top button