എൻ.ഡി.എയിൽ ഉറച്ചുനിൽക്കും: തുഷാർ വെള്ളാപ്പള്ളി

ചേർത്തല: ബി.ഡി.ജെ.എസ് തുടർന്നും എൻ.ഡി.എയിൽ ഉറച്ചുനിൽക്കുമെന്നും മറിച്ചുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിൽ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തെ യോഗത്തിൽ മുന്നണി വിടുന്നതിനെ സംബന്ധിച്ച് അംഗങ്ങൾ നടത്തിയത് വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണ്. പ്രമേയം അവതരിപ്പിച്ചെന്ന പേരിൽ വാസ്തവവിരുദ്ധമായ വാർത്തകളാണ് പ്രചരിപ്പിച്ചത്. ഘടകകക്ഷിയെന്നനിലയിൽ അർഹമായ സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുണ്ട്. മുന്നണിയിൽ പ്രവേശിച്ച ഘട്ടത്തിൽ ബി.ജെ.പി നേതൃത്വം എം.പി സ്ഥാനമുൾപ്പെടെ വാഗ്ദാനം ചെയ്തെങ്കിലും നിരസിച്ചു. എൻ.ഡി.എ കേരളത്തിൽ ഒന്നുമല്ലാതിരുന്ന ഘട്ടത്തിലാണ് മുന്നണിയിൽ എത്തിയത്. എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണിയിലെ പ്രശ്നങ്ങൾ വച്ചുനോക്കുമ്പോൾ ബി.ജെ.പിയിലെ തർക്കം നിസാരമാണ്. ബി.ഡി.ജെ.എസിന് കേരളത്തിലെ എല്ലായിടത്തും വോട്ടുബാങ്കുണ്ട് .പെട്ടിഓട്ടോയിൽ കയറ്റാൻപോലും ആളില്ലാത്തവരാണ് ഇരുമുന്നണികളിലേയും ഘടകകക്ഷികൾ. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല. കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട്ട് ബ്രൂവറി പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള ചേർത്തലയിലെ അടച്ചുപൂട്ടിയ വാരനാട്ടെ മാക്ഡവൽ കമ്പനി ഏറ്റെടുത്ത് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും തുഷാർ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം ഉണ്ടാക്കുന്നതിനെ കുറിച്ച് യോഗം വിലയിരുത്തി.
കുട്ടനാട് നെൽ കർഷകരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് രൂപം നൽകും.തദ്ദേശസ്വയംഭരണ തിരെഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ജില്ല കൺവൻഷനുകൾക്ക് എപ്രിൽ അഞ്ച് മുതൽ തുടക്കമാകും.യോഗത്തിൽ കെ.പത്മകുമാർ,സന്തോഷ് അരയക്കണ്ടി,എ.എൻ.അനുരാഗ്,എൻ.ഉണ്ണികൃഷ്ണൻ ചാലക്കുടി,സംഗീത വിശ്വനാഥ്,അഡ്വ.പി.എസ്.ജ്യോതിസ്,എ.ബി.ജയപ്രകാശ്, രാജേഷ് നെടുമങ്ങാട്,പൈലി വാത്യാട്ട്, അനിരുദ്ധ് കാർത്തികേയൻ,തമ്പി മേട്ടുതറ,തഴവ സഹദേവൻ,പച്ചയിൽ സന്ദീപ്,അനീഷ് പുല്ലുവേലി,സന്തോഷ് ശാന്തി, രാകേഷ് കോഴഞ്ചേരി,ഡി.പ്രേംരാജ് എന്നിവർ സംസാരിച്ചു.
കേന്ദ്ര ബഡ്ജറ്റ് സ്വാഗതാർഹം
കേന്ദ്ര ബഡ്ജറ്റ് കർഷകർക്കും മത്സ്യമേഖല, കയറ്റുമതി,ചെറുകിട സംരംഭങ്ങൾ,കച്ചവടക്കാർ,വ്യവസായങ്ങൾ തുടങ്ങിയവ മേഖലകൾക്കും പുത്തൻ ഉണർവ് നൽകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബഡ്ജറ്റ് ദിവസം തന്നെ ഓഹരി കമ്പോളം ഉയർന്നത് ഉദാഹരണമാണ്. ആദായനികുതി ഉയർത്തിയത് ഇടത്തട്ടുകാർക്ക് ആശ്വാസം നൽകും.സാധാരണക്കാരെയും ഇടത്തട്ടുകാരെയും കൂടെ ചേർത്തു കൊണ്ടുള്ള ബഡ്ജറ്റ് സ്വാഗതാർഹമാണ്.
Source link