സാകിയ: പോരാട്ടത്തിന്റെ അമ്മ; നീതിക്കുവേണ്ടി കാത്തിരുന്നത് വർഷങ്ങൾ

അഹമ്മദാബാദ് ∙ 2002 ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ അമ്മമുഖമായിരുന്നു ഇന്നലെ അന്തരിച്ച സാകിയ ജാഫ്രി. ഭർത്താവ് ഇഹ്സാൻ ജാഫ്രി ഉൾപ്പെടെ കലാപത്തിൽ കൊല്ലപ്പെട്ടവർക്കു നീതിതേടി, പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ പതിറ്റാണ്ടുകളാണു സാകിയ പോരാടിയത്. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതെൽവാദ് ഉൾപ്പെടെയുള്ളവർ കൂടെനിന്നു.59 കർസേവകർ കൊല്ലപ്പെട്ട ഗോധ്‌ര സംഭവത്തിനു പിറ്റേന്നാണ് 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിന്റെ കിഴക്കുഭാഗത്തെ ചമൻപുരയിലുള്ള പാർപ്പിട കേന്ദ്രമായ ഗുൽബർഗ് സൊസൈറ്റിയിൽ കൂട്ടക്കുരുതി നടന്നത്. പ്രമുഖ കോൺഗ്രസ് നേതാവും മുൻ എംപിയുമായ എഹ്സാൻ ജാഫ്രി ഇവിടെ താമസിക്കുന്നതിനാൽ രക്ഷ കിട്ടുമെന്നു കരുതിയാണു സമീപത്തെ മുസ്‌ലിം കുടുംബങ്ങൾ അവിടെ അഭയം തേടിയത്. രാവിലെ തന്നെ അക്രമി സംഘം സൊസൈറ്റി വളഞ്ഞതോടെ ഉന്നത നേതാക്കളെയും പൊലീസിനെയും സഹായത്തിനായി ജാഫ്രി വിളിച്ചെങ്കിലും പ്രതികരണം തണുത്തതായിരുന്നു.അക്രമികളുമായി ചർച്ച നടത്താൻ ഇറങ്ങിവന്ന ജാഫ്രിയെ വെട്ടി കഷണങ്ങളാക്കി തീയിലിട്ടെന്നാണു കേസ്. 10–12 സ്ത്രീകൾ കൂട്ടമാനഭംഗത്തിനിരയായി. അഞ്ചുമണിയോടെ മാത്രമാണ് പൊലീസ് എത്തിയത്. നാലു മണിക്കൂറോളം അക്രമികളെ സ്വതന്ത്രമായി വിഹരിക്കാൻ പൊലീസ് അനുവദിച്ചു എന്നാണ് ആരോപണമുയർന്നത്. ‘അദ്ദേഹത്തിന്റെ തുണിയുരിഞ്ഞ്, കൈകാലുകൾ വെട്ടിനുറുക്കി, തീയിലിട്ടു ജീവനോടെ കത്തിച്ചു. ഇതു ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാണ്’ – വിചാരണ വേളയിൽ സാകിയ ജാഫ്രി പ്രത്യേക കോടതി ജഡ്ജി ബി.യു. ജോഷിക്കു മുന്നിൽ കണ്ണീരൊഴുക്കിക്കൊണ്ടു പറഞ്ഞു.സംഭവം നടന്നു നാലുവർഷത്തോളം നീതി കിട്ടുമെന്ന പ്രതീക്ഷയിൽ സാകിയ കാത്തിരുന്നു. എന്നാൽ അന്വേഷണം വഴിതിരിഞ്ഞുപോകുന്നതു കണ്ടിട്ടാണു സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗുൽബർഗ് കേസിൽ 11 പേർ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടെങ്കിലും ‘എന്നെ സംബന്ധിച്ചിടത്തോളം കേസ് അവസാനിച്ചിട്ടില്ല. തുടങ്ങിയേടത്തു തന്നെ നിൽക്കുകയാണ്.’ എന്നായിരുന്നു വിധി വന്നശേഷമുള്ള സാകിയുടെ പ്രതികരണം.
Source link