പ്രതീക്ഷകളേറെ; വരുമാന, കമ്മി കണക്കില്ല

ന്യൂഡൽഹി∙ ആകെ ശുഭാപ്തിവിശ്വാസമാണ് ബജറ്റിൽ പ്രകടമാക്കുന്നതെങ്കിലും, പതിവിനു വിരുദ്ധമായി അടുത്ത രണ്ട് കൊല്ലങ്ങളിൽ ധനക്കമ്മി, റവന്യൂ കമ്മി, നികുതി വരുമാനം, നികുതിയിതര വരുമാനം തുടങ്ങിയവ എത്ര ശതമാനമായിരിക്കുമെന്ന് നിർവചിച്ചിട്ടില്ല. ആഗോള അസ്ഥിരത മൂലം ധനകാര്യ നയങ്ങളുടെ നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്നതിനാലാണിത്. ധനക്കമ്മി 2024–25ലെ 15,69,527 കോടിയിൽ നിന്ന് 15,68,936 കോടിയായി കുറച്ചതിലൂടെ ശതമാനക്കണക്കിൽ അത് 4.8–ൽ നിന്ന് 4.4 ആയി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. റവന്യു കമ്മി 6,10,098 കോടിയിൽ നിന്ന് (1.9%) 5,23,846 കോടിയായും (1.5) കുറഞ്ഞിട്ടുണ്ട്.മൊത്തം സർക്കാർ ചെലവ് 50,65,345 കോടി രൂപയും, അതിൽ മൂലധനച്ചെലവ് 11,21090 രൂപയുമായി കണക്കാക്കിക്കൊണ്ടുള്ള ബജറ്റാണ് 2025–26 സാമ്പത്തികവർഷത്തേക്കായി ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. റവന്യൂ വരുമാനം 30,87,960 കോടിയിൽ നിന്ന് 34,20,409 കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. അതിൽ നികുതിയിനത്തിൽ മാത്രം 28,37,409 കോടിയാണു പ്രതീക്ഷിക്കുന്നത്. അടങ്കൽതുകയിൽ ഇത് 25,56,960 കോടിയായിരുന്നു.വരവിന്റെ 22% വരുമാനനികുതിയും, 17% കോർപറേഷൻ നികുതിയും, 24% വായ്പകളായും, 18% ജിഎസ്ടി ആയും, 9% നികുതിയിതര വരുമാനത്തിലൂടെയും, 5% എക്സൈസും 4% കസ്റ്റംസ് തീരുവയായും 1% വായ്പയിതര മൂലധനവരുമാനമായുമാണ് പ്രതീക്ഷിക്കുന്നത്. ചെലവിന്റെ 22% സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതമാണ്. കൂടാതെ 8% ധനകമ്മിഷൻ നിശ്ചയിച്ച പ്രകാരം സംസ്ഥാനങ്ങൾക്ക് നൽകേണ്ടതുമുണ്ട്. 20% പലിശ ഇനത്തിൽ. 16% കേന്ദ്ര പദ്ധതികൾക്കും, 8% കേന്ദ്രം സ്പോൺസർ ചെയ്യുന്ന പദ്ധതികൾക്കും. 4% പെൻഷനും 8% രാജ്യരക്ഷയ്ക്കും 6% സബ്സിഡികൾക്കും. 8% മറ്റു ചെലവുകൾക്ക് ദേശീയോൽപാദന വളർച്ച നിരക്ക് 6.4 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്.സ്വകാര്യ ഉപഭോഗ ചെലവ് നടപ്പുവർഷത്തിൽ 7.3% ഉയർന്നതായാണു കരുതുന്നത്. 2024–25–ൽ ഖാരിഫ് വിളവെടുപ്പ് ഉയരുന്നതുമൂലം കാർഷികമേഖലയിൽ 3.8% , വ്യവസായമേഖലയിൽ 6.2% എന്നിങ്ങനെയാണു വളർച്ച പ്രതീക്ഷിക്കുന്നത്. വ്യവസായ ഉൽപന്നങ്ങളുടെ കയറ്റുമതിയെ ആഗോള അസ്ഥിരത ബാധിച്ചിട്ടുണ്ടെങ്കിലും സർവീസ് മേഖല 7.2% വളർന്നിട്ടുണ്ടെന്നും കണക്കാക്കുന്നു.മുൻകൊല്ലത്തെ 5.4 ശതമാനത്തിൽ നിന്ന് ശരാശരി വിപണി വിലക്കയറ്റം നടപ്പുവർഷത്തിൽ 4.9% ആയി കുറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം 2024–25 ൽ വർധിച്ചതായാണ് ബജറ്റിൽ അവവകാശപ്പെടുന്നത് – 2024–25 ഏപ്രിൽ–ഒക്ടോബർ കാലത്ത് 14.5 ബില്യൻ ഡോളർ.വിദേശനാണ്യ നിക്ഷേപം ഡിസംബർ അവസാനം 640.3 ബില്യൻ ഡോളറുണ്ടായിരുന്നു. വിദേശകടത്തിന്റെ 90 ശതമാനവും ഇതുകൊണ്ടു നേരിടാനാവും.
Source link