‘കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് ദേഷ്യമുണ്ടെന്ന് തോന്നുന്നു’, ബഡ്‌ജറ്റിന് പിന്നാലെ പരിഹാസവുമായി യുഡിഎഫ്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ബിജെപിയുടെ ലോക്‌സഭാംഗം ഉണ്ടായിട്ടുപോലും ബഡ്‌ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും പരിഗണിക്കാത്ത ബഡ്‌ജറ്റാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്‌ജറ്റ് ആണിത്. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി ഒരു പദ്ധതി പോലുമില്ലെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾ നിരാശ നൽകുന്നതാണെന്ന് മുസ്‌ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേരളം കേന്ദ്രത്തിന്റെ ചിന്തയിൽ പോലുമില്ലാത്ത അവസ്ഥയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമുണ്ടായിട്ടും സഹായങ്ങൾ ഒന്നുമില്ല. ഇലക്ഷൻ വരാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബഡ്‌ജറ്റ്. ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയും ഉണ്ടായിട്ടുപോലും കേരളത്തിന് പ്രയോജനമില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയോട് എന്തോ ദേഷ്യം ഉണ്ടെന്ന് തോന്നുന്നുവെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
എൻഡിഎയുടെ മുന്നണി ഭരിക്കുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശിനെ കേന്ദ്ര സർക്കാർ ക്രൂരമായി അവഗണിച്ചെന്നും ബീഹാറിന് ബൊണാൻസ അടിച്ചെന്നും കോൺഗ്രസിന്റെ ദേശീയ നേതാവ് ജയ്റാം രമേശും പരിഹസിച്ചിരുന്നു. ‘എനിക്ക് മനസിലാവുന്നില്ല, ഇന്ത്യൻ സർക്കാരിന്റെ ബഡ്ജറ്റാണോ ഇത്, അല്ലെങ്കിൽ ബീഹാർ സർക്കാരിന്റേതാണോ? ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തിൽ മുഴുവൻ കേട്ടത് ഒരു സംസ്ഥാനത്തെക്കുറിച്ച് മാത്രമാണ്’- എന്നാണ് മറ്റൊരു കോൺഗ്രസ് നേതാവായ മനീഷ് തിവാരി വിമർശിച്ചത്.
Source link