INDIALATEST NEWS

‘നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ജനങ്ങളുടെ ബജറ്റ്’; വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നു’


ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ജനങ്ങളുടെ ബജറ്റ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു പിന്നാലെ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.ജനങ്ങളിൽ സമ്പാദ്യം വർധിപ്പിക്കുക എന്നതിലൂന്നിയുള്ള ബജറ്റാണ് ഇത്തവണത്തേത്. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലും ഉള്ളവരുടെ നികുതിയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ഇടത്തരക്കാർക്ക് വലിയ ഗുണമുണ്ടാക്കും. പുതുതായി ജോലിക്കു ചേർന്നിട്ടുള്ളവർക്ക് ഇത് വലിയ അവസരമാണ് തുറന്നിടുന്നത്. വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ പ്രധാന നിമിഷമാണ് 2025ലെ ഈ ബജറ്റ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുന്നതും സമഗ്ര വികസനം ഉറപ്പുനൽകുന്നതും ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതുമാണ് ബജറ്റ്.വലിയ മാറ്റങ്ങൾക്ക് ബജറ്റ് വഴിയൊരുക്കും. യുവാക്കൾക്ക് പുതിയ മേഖലകൾ തുറന്നിടുന്ന ബജറ്റ് രാജ്യത്തിന്റെ ഭാവി വളർച്ചയെ നയിക്കാൻ അവരെ പ്രാപ്തരാക്കും. കപ്പൽ നിർമാണത്തിന് വ്യവസായ പദവി നൽകിയത് വരും വർഷങ്ങളിൽ വലിയ മാറ്റമാണ് കൊണ്ടുവരുക. രാജ്യത്ത് വലിയ കപ്പലുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കും. ഒട്ടേറെപ്പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ് കപ്പൽ നിർമാണം. ടൂറിസം മേഖലയിലും ബജറ്റ് മാറ്റങ്ങൾ കൊണ്ടുവരും. ഗിഗ് മേഖലയിലെ തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ആരോഗ്യ ഇൻഷുറൻസും നൽകുന്നതിലൂടെ തൊഴിലുകളുടെ മഹത്വത്തോടുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത വ്യക്തമാകുകയാണ്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ പരിധി 5 ലക്ഷമാക്കി ഉയർത്തിയത് കാർഷിക മേഖലയിലും ഗ്രാമീണ സമ്പദ് ‌വ്യവസ്ഥയിൽ ആകെയും വിപ്ലവം സൃഷ്ടിക്കും. മുൻപത്തെ ബജറ്റുകൾ എങ്ങനെയെങ്കിലും സർക്കാർ ഖജനാവുകൾ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ മാത്രം തയാറാക്കപ്പെട്ടിരുന്നതാണെങ്കിൽ ജനങ്ങളുടെ പോക്കറ്റ് നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ ബജറ്റുകൾ തയാറാക്കുന്നത്. ജനങ്ങളുടെ സമ്പാദ്യം ഉയർത്തി അവരെയും വികസനത്തിൽ പങ്കാളികളാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button