KERALAM

‘കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ സർക്കാരിനോട് നിരോധിക്കാൻ പറയണം, വിൽക്കുന്നത് കൊണ്ടാണ് വാങ്ങുന്നത്’

കോഴിക്കോട്: മാർക്കറ്റിൽ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നടൻ ആസിഫ് അലി. ഇത് വിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ വാങ്ങിപ്പോകുന്നത്, വിൽക്കുന്നില്ലെങ്കിൽ ഞങ്ങൾ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. എംവിഡി ഉദ്യോഗസ്ഥരുമായി ചേർന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേർന്നസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എംവിഡി ഉദ്യോഗസ്ഥരിൽ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചോദ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ആസിഫ് മറുപടി പറയാൻ തുടങ്ങിയത്. ‘വണ്ടിയുടെ കൂൾ ഫിലിം, അലോയ് വീൽ, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാൻ നിങ്ങൾ ഗവൺമെന്റിനോട് പറയണം. ഞങ്ങൾ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങൾ റോഡിൽ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങൾ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വിൽക്കുന്നില്ലെങ്കിൽ ഞങ്ങൾ ഒരിക്കലും മേടിക്കില്ല.

ചൂടുള്ളത് കൊണ്ടും പ്രൈവസി പ്രശ്നങ്ങളുള്ളത് കൊണ്ടും പല സമയത്തും ഞങ്ങൾക്ക് കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടി വന്നേക്കാം. ഇത് ഞാൻ ഒരിക്കലും നിങ്ങളെ മോശമാക്കി പറയുന്നതല്ല. അവസരം കിട്ടുമ്പോൾ ഞങ്ങൾ ഉപയോഗിക്കാറുണ്ട്. അത് കീറിക്കളയുന്നതിനേക്കാൾ നല്ലത് വിൽക്കാൻ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്’- അസിഫ് അലി പറഞ്ഞു. ആസിഫ് ചോദ്യത്തിന് മറുപടി പറഞ്ഞതോടെ സദസ് ചിരിച്ചുകൊണ്ടാണ് ഏറ്റെടുത്തത്.


Source link

Related Articles

Back to top button