ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ചു, ഉഗ്രസ്ഫോടനം; വീടുകൾ ഒഴിപ്പിച്ചു– വിഡിയോ

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിന് തീപിടിച്ച് ഉഗ്രസ്ഫോടനം. ഇന്നു പുലർച്ചെ മൂന്നരയോടെ താന ടീല മോഡ് ഏരിയയിലെ ഡൽഹി-വസീറാബാദ് റോഡിൽ ഭോപുര ചൗക്കിലാണ് സംഭവം. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം മൂന്നു കിലോമീറ്റർ ദൂരെ വരെ കേട്ടു. ആളുകൾ വീടുകളിൽനിന്നു പുറത്തിറങ്ങി. ആളപായമോ പരുക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ ഒരു വീടിനും ഒരു ഗോഡൗണിനും കേടുപാടുകൾ സംഭവിച്ചു.സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തുടർന്നതിനാൽ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ട്രക്കിനു സമീപം എത്താൻ സാധിച്ചില്ലെന്ന് ചീഫ് ഫയർ ഓഫിസർ രാഹുൽ കുമാർ പറഞ്ഞു. ‘‘രണ്ടു മൂന്നു വീടുകളിലേക്കും ചില വാഹനങ്ങളിലേക്കും തീ പടർന്നു. തീ പൂർണമായും അണച്ചുകഴിഞ്ഞു.’’– അദ്ദേഹം പറഞ്ഞു. നൂറിലധികം സിലിണ്ടറുകൾ ട്രക്കിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സമീപത്തെ വീടുകൾ പൊലീസ് ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Source link