INDIALATEST NEWS

തമിഴ്നാട്ടിലെ 4 മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണം: നിത്യാനന്ദയുടെ ആവശ്യം കോടതി തള്ളി


ചെന്നൈ∙ നാലു മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജഡ്ജിമാരായ ആർ. സുബ്ഹമണ്യനും സി. കുമാരപ്പനുമാണ് ഹർജി പരിഗണിച്ചത്. നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ നാലു മഠങ്ങളുടെ അധിപതിയാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് (എച്ച്ആർ ആൻഡ് സിഇ) വിഭാഗം നടത്തിയ നിയമനങ്ങളിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞു. 2024 സെപ്റ്റംബർ 9ന് സിംഗിൾ ബെഞ്ച് ജഡ്ജിയായിരുന്ന എം. ദണ്ഡപാണിയും ഇതേനിലപാട് പറഞ്ഞാണ് നിത്യാനന്ദയുടെ ആവശ്യം തള്ളിയത്. നിത്യാനന്ദ ഇന്ത്യയിൽ ഇല്ലെന്നും മറ്റേതോ സ്ഥലത്തിരുന്ന് എങ്ങനെയാണ് മഠങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുകയെന്നും കോടതി ചോദിച്ചു. എന്നാൽ പ്രതിനിധിയെ വച്ചാണ് ഭരിക്കുകയെന്ന നിലപാട് കോടതി തള്ളി. നിലവിൽ നിത്യാനന്ദ എവിടെയാണെന്ന് വ്യക്തമല്ലെന്നും പിന്നെങ്ങനെയാണ് ഇത്തരം പ്രതിനിധികളെ കോടതി വിശ്വസിക്കുന്നതെന്നുമായിരുന്നു ജസ്റ്റിസ് ദണ്ഡപാണി ചോദിച്ചത്. ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ നിത്യാനന്ദ 2019ലാണ് നേപ്പാൾ വഴി ഇന്ത്യ വിട്ടത്. ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപിൽ കൈലാസ എന്ന സാങ്കൽപിക രാജ്യം രൂപീകരിച്ചാണ് ജീവിക്കുന്നത്. താൻ കൈലാസത്തിലാണ് ജീവിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും യുഎൻ അംഗീകരിച്ചിട്ടുണ്ടെന്നും 50ൽ അധികം രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഉണ്ടെന്നും അഭിഭാഷകനായ ഗോഡ്സൺ സ്വാമിനാഥൻ വഴി സമർപ്പിച്ച ഹർജിയിൽ നിത്യാനന്ദ വാദിച്ചു.


Source link

Related Articles

Back to top button