പ്രതികൂല നികുതിനയങ്ങൾ മാറണം, പ്രവാസികളെ തിരിച്ചെത്തിക്കണം

35 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജരാണു വിദേശത്തു ജീവിക്കുന്നത്; ലോകത്തെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ പ്രവാസി സമൂഹങ്ങളിലൊന്ന്. ബിസിനസ്, നിക്ഷേപങ്ങൾ, ജോലി എന്നിവയിലൂടെ വിദേശത്തു സമ്പത്തു കെട്ടിപ്പടുത്ത ഉയർന്ന ആസ്തിയുള്ള വ്യക്തികളാണ് (ഹൈ നെറ്റ്‌വർത് ഇന്റിവിജ്വൽസ് – എച്ച്എൻഐസ്) അവരിൽ ഏറെയും. പ്രതികൂല നികുതി നയങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അവരിൽ പലരും ഇന്ത്യയിലേക്കു മടങ്ങുമായിരുന്നു. സാമ്പത്തിക വളർച്ചയ്ക്കായി അവരുടെ സമ്പത്തു പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ നികുതി ഘടന തടസ്സമായി മാറുന്നു. അതു പ്രവാസികളുടെ സാമ്പത്തികവും ബൗദ്ധികവുമായ മൂലധനം പൂർണ തോതിൽ പ്രയോജനപ്പെടുത്തുന്നതിൽ നിന്നു രാജ്യത്തെ തടയുന്നു.അമിതമായ നികുതികളും ഉദ്യോഗസ്ഥ പരിശോധനയും അതിസമ്പന്നരായ പല പ്രവാസികളെയും വിദേശത്തു തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു. ഇതെല്ലാം കാരണം, പ്രവാസികളുടെ നിക്ഷേപങ്ങളും സമ്പത്തും വിദേശത്തു തന്നെ തുടരുകയാണ്. പ്രവാസി സമ്പത്ത് ഇന്ത്യയിലേക്കു വരികയാണെങ്കിൽ ഉപഭോഗ മൂല്യം വർധിക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥ വളരും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടെയുള്ള നിക്ഷേപങ്ങൾക്കും അവർ നൽകുന്ന സംഭാവനകൾ സാമൂഹിക പുരോഗതിക്കും കാരണമാകും. തിരികെയെത്തുന്ന പ്രവാസികളുടെ വിദേശ വരുമാനത്തെയും നിക്ഷേപങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കുന്ന ലളിതമായ നയം മാറ്റം നടപ്പാക്കിയാൽ അതു വിദേശനാണ്യ കരുതൽ ശേഖരം ശക്തിപ്പെടുത്തും. മടങ്ങിവരുന്ന പ്രവാസികളെ ബാധ്യതയായല്ല, ആസ്തിയായി കണക്കാക്കണം.
Source link