10 മണിക്കൂർ നീണ്ട ദൗത്യം; കടൽകൊള്ളക്കാരെ തുരത്തി 17 പേരെ രക്ഷിച്ചു: പൈലറ്റിന് സേനാ മെഡൽ

ന്യൂഡൽഹി∙ 10 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ കടൽക്കൊള്ളക്കാരിൽനിന്ന് കപ്പലിനെയും അതിലുണ്ടായിരുന്ന 17 പേരെയും രക്ഷിച്ച ഇന്ത്യൻ വ്യോമസേനയുടെ അതിസാഹസിക സൈനിക നീക്കത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2024 മാര്‍ച്ച് 16ന് നടന്ന ഓപ്പറേഷനില്‍ നിര്‍ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അക്ഷയ് സക്സേനയെ അഭിനന്ദിച്ചുകൊണ്ടാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് സക്സേനയ്ക്ക് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇത്തവണ ധീരതയ്ക്കുള്ള വായുസേന മെഡൽ ലഭിച്ചിരുന്നു. തീരെ വെളിച്ചമില്ലാത്ത സാഹചര്യത്തിൽ 10 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ അക്ഷയ് സക്സേന രണ്ട് റെയ്ഡിങ് ക്രാഫ്റ്റ് ബോട്ടുകളും 18 മാർകോസ് ടീം അംഗങ്ങളെയും എയർ ഡ്രോപ് ചെയ്യുകയും സൊമാലിയൻ തീരത്തെ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽനിന്ന് കപ്പലിലെ 17 അംഗ ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്ത സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പുറത്തുവന്നത്. സംഭവം ഇങ്ങനെ: 2024 മാർച്ച് 15ന് സൊമാലിയൻ തീരത്തുവച്ച് കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തു. നാവികസേനയുടെ കപ്പലിനുനേർക്ക് വെടിയുതിർക്കുകയും ഡ്രോൺ വെടിവച്ചിടുകയും ചെയ്തു. ഈ കടൽക്കൊള്ളക്കാരെ നേരിടാനായി നാവിക സേനയുടെ 18 കമാൻഡോകളെ അക്ഷയ് സക്സേന പൈലറ്റായ സി–17 വിമാനത്തിലാണ് എയർഡ്രോപ് ചെയ്തത്. ഇവർക്ക് സഞ്ചരിക്കാനുള്ള രണ്ട് സിആർആർസി (കോമ്പാറ്റ് റബറൈസ്ഡ് റെയ്ഡിങ് ക്രാഫ്റ്റ്) ബോട്ടുകളും എയർഡ്രോപ് ചെയ്തു. നാലു മണിക്കൂറോളം പറന്നതിനുശേഷമാണ് സൊമാലിയൻ മേഖലയിലേക്ക് അക്ഷയ് കമാൻഡോകളെ എത്തിച്ചത്. സൊമാലിയൻ തീരത്തിന് 1450 നോട്ടിക്കൽ മൈൽ അടുത്തായിരുന്നു ഇത്. കടലിൽ ഇറങ്ങിയ സംഘം കടൽക്കൊള്ളക്കാരെ കീഴ്പ്പെടുത്തി കപ്പൽ തിരിച്ചെടുത്തു. 17 ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. അക്ഷയ് സക്സേനയുടെ നിർണായക ഇടപെടലാണ് ഓപ്പറേഷന്റെ വിജയത്തിന് സഹായിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Source link