INDIALATEST NEWS

‘എനിക്കു ഭയമില്ല’: കേജ്‌രിവാളിന്റെ വീടിനു മുൻപിൽ മാലിന്യം തള്ളി സ്വാതി മലിവാള്‍, കേസ്


ന്യൂഡൽഹി ∙ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധം; നേതൃത്വം നൽകിയത് എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാൾ‌. നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ ആയിരുന്നു പാർട്ടി എംപിയുടെ പ്രതിഷേധം.‘വികാസ്പുരിയിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടക്കുന്നതിനെതിരെ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വനിതകൾ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനാണ് അവിടെയെത്തിയത്. കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’ – ട്രക്കിൽനിന്ന് കേജ്‌രി‌വാളിന്റെ വീടിനു മുന്നിൽ മാലിന്യമിറക്കുന്നതിനിടെ മലിവാൾ പറഞ്ഞു.പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും മലിവാളിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സ്വാതിയെ പിന്നീട് വിട്ടയച്ചു. മാലിന്യവുമായി എത്തിയ ട്രക്കിൽ കേജ്‌രിവാളിന്റെ വലിയ കട്ടൗട്ട് പതിപ്പിച്ചിരുന്നു. ഒട്ടേറെ വനിതകളും മലിവാളിനെ അനുഗമിച്ചു. ‘ഡൽഹിയുടെ മുക്കം മൂലയും മാലിന്യം കൊണ്ടു നിറഞ്ഞു. റോഡുകൾ പൊട്ടിത്തകർന്നു. കാനകൾ നിറഞ്ഞൊഴുകി ദുർഗന്ധം പരത്തുന്നു. കേജ്‌രിവാൾ ജനങ്ങളിൽ നിന്നകന്നു. ജനങ്ങൾക്കിടയിൽ എന്താണ് നടക്കുന്നതെന്നോ അവർ നേരിടുന്ന പ്രശ്നങ്ങളെന്താണെന്നോ കേജ്‌രിവാൾ അറിയുന്നില്ല. കേജ്‌രിവാളിന്റെ ഗുണ്ടകളെയോ പൊലീസിനെയോ എനിക്കു ഭയമില്ല’ –മലിവാൾ പറഞ്ഞു.


Source link

Related Articles

Back to top button