INDIALATEST NEWS

ആരോഗ്യ ഇൻഷുറൻസ്: 10 ശതമാനത്തിലേറെ പ്രീമിയം കൂട്ടരുത്; 60 കഴിഞ്ഞവർക്ക് ആശ്വാസ ഉത്തരവ്


ന്യൂഡൽഹി ∙ 60 വയസ്സു കഴിഞ്ഞവരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിലെ വാർഷിക വർധന 10% കവിയരുതെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഉത്തരവിട്ടു. ഇന്നലെത്തന്നെ ഇതു പ്രാബല്യത്തിലായി.ഇൻഷുറൻസ് പ്രീമിയത്തിൽ കുത്തനെയുള്ള വർധനയ്ക്കു കൂച്ചുവിലങ്ങിട്ടത് മുതിർന്ന പൗരർക്ക് ഏറെ ആശ്വാസകരമാണ്. പ്രീമിയം 10 ശതമാനത്തിലേറെ കൂട്ടണമെങ്കിൽ കമ്പനികൾ ഇനി ഐആർഡിഎഐയുടെ മുൻകൂർ അനുമതി തേടണം. മുതിർന്ന പൗരർക്കുള്ള ഇൻഷുറൻസ് പോളിസികൾ പിൻവലിക്കുന്നതിനും ഐആർഡിഎഐയുടെ അനുമതി വേണം.60 കഴിഞ്ഞവരുടെ പ്രീമിയത്തിൽ വൻ വർധനയുണ്ടാകുന്നതായി ഐആർഡിഎഐ നിരീക്ഷിച്ചു. ക്ലെയിം തുക അനുസരിച്ചാണ് പ്രീമിയം. പ്രായമായവരുടെ ക്ലെയിം തുക ഉയരാനുള്ള പ്രധാന കാരണം ആശുപത്രികൾ ഈടാക്കുന്ന ഉയർന്ന ചികിത്സച്ചെലവാണ്.പ്രീമിയം വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരിമിത വരുമാനമുള്ള മുതിർന്ന പൗരരെ ആയതിനാലാണ് 1999 ലെ ഐആർഡിഎഐ നിയമത്തിലെ വ്യവസ്ഥകൾപ്രകാരം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം, ഇതുമൂലമുള്ള വരുമാനനഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനികൾ മറ്റു പ്രായക്കാരുടെ പ്രീമിയം തുക ആനുപാതികമായി വർധിപ്പിച്ചേക്കാം.


Source link

Related Articles

Back to top button