KERALAM

രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയേയും പ്രതിചേർത്തേക്കും; നിർണായകമായി ഹരികുമാറുമായുള്ള വാട്‌സാപ്പ് ചാറ്റ്

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുങ്ങിമരണമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ കുഞ്ഞിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് വ്യക്തമായി. കുട്ടിയുടെ കൈയിൽ രണ്ട് പാടുകളുണ്ട്. ഇത് കിണറ്റിൽ എറിഞ്ഞപ്പോൾ പറ്റിയതാകാമെന്നാണ് സൂചന. ദേഹത്ത് മറ്റ് മുറിവുകളൊന്നുമില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുണ്ട്.കുട്ടിയുടെ മൃതദേഹം അമ്മയുടെ വീട്ടിലെത്തിച്ചിട്ടുണ്ട്. വീട്ടുവളപ്പിൽ സംസ്‌കരിക്കും. കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിട്ടുണ്ട്. താനാണ് കൊന്നതെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് ഇയാളുടെ മൊഴി. എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല.കുട്ടിയുടെ അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. യുവതിയേയും പ്രതിചേർത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇതിൽ നിന്ന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്തിനാണ് കുട്ടിയെ കൊന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അന്വേഷണത്തിന്റെ തുടക്കം മുതൽ ഇയാൾ പൊലീസിനോട് സഹകരിച്ചിരുന്നില്ല. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഹരികുമാറിന്റെ മുറിയിലെ കട്ടിൽ കത്തിയിരുന്നു. എന്തുകൊണ്ട് കട്ടിൽ കത്തിയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.

നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയിൽ നാട്ടുകാർ പറഞ്ഞിരുന്നു. കുട്ടിയുടെ അച്ഛൻ, അമ്മ, എന്നിവരെ ചോദ്യം ചെയ്‌തുവരികയാണ്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്.

ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.
TAGS: CASE DIARY, BALARAMAPURAM MURDER CASE, LATEST NEWS, KERALA, CHILD MURDER CASE


Source link

Related Articles

Back to top button