മൊഴികളിൽ വെെരുദ്ധ്യം, വീട്ടിനുള്ളിൽ കുരുക്കിട്ട നിലയിൽ കയറുകൾ; രണ്ടുവയസുകാരിയുടെ മരണത്തിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്ത് നിന്ന് കാണാതായ രണ്ടുവയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴികളിൽ വെെരുദ്ധ്യങ്ങളേറെയെന്ന് പൊലീസ്. അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടിയെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ രക്ഷിതാക്കളുടെ മുറിയിൽ ആയിരുന്നുവെന്നാണ് അയൽക്കാർ പറയുന്നത്.
കുട്ടിയെ കാണാതാകുന്നതിന് മുൻപ് അമ്മയുടെ സഹോദരന്റെ മുറിയിൽ തീപിടിത്തം ഉണ്ടായി. ഈ മുറിയിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. 30 ലക്ഷം രൂപ കാണാനില്ലെന്ന് പറഞ്ഞ് രണ്ടുദിവസം മുൻപ് കുടുംബം വ്യാജ പരാതി നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ വീട്ടിൽ കുരുക്കിട്ട നിലയിൽ കയറുകളും കണ്ടെത്തി. ഇന്ന് കുട്ടിയുടെ മുത്തച്ഛൻ മരിച്ചതിന്റെ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയിരുന്നു. ഈ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന് മാതാവ് പറയുന്നത്.
കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ, അമ്മൂമ്മ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയെ കാണാതാകുമ്പോൾ ആരുടെ കൂടെയായിരുന്നു? എത്ര മണിക്കാണ് കാണാതായത് തുടങ്ങിയ വിവരങ്ങളിൽ വ്യക്തയില്ല. കുടുംബത്തിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകളായ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കുട്ടിയെ കാണാനില്ലെന്ന് ഇന്ന് രാവിലെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കെെവരികളുള്ള കിണറായതിനാൽ കുട്ടി തനിയെ വീഴാനുള്ള സാദ്ധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം.
Source link