ശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ദിയ ഭവനിൽ ശ്യാമ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രാജീവിനെ (38) ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തു. കുടുംബവഴക്കിനിടെയാണ് കൊലപാതകം.
ഞായറാഴ്ച രാത്രി 9ഓടെയായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ രാജീവ് ഭാര്യയുമായി വഴക്കുണ്ടാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് രാജീവ് വീടിന് സമീപത്ത് ഉത്സവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര പരിസരത്തെത്തി നാട്ടുകാരെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. നാട്ടുകാരെത്തുമ്പോൾ ശ്യാമ അബോധവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്നു.
ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ അവിടെ നിന്നാണ് പ്രതി രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രേമിച്ച് വിവാഹിതരായ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സംഭവ സമയത്ത് രണ്ട് വയസുകാരിയായ ഇളയകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്ത മകൾ അപ്പൂപ്പനോടൊപ്പം ഉത്സവത്തിന് പോയിരിക്കുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ദിയരാജ്, ദക്ഷ രാജ്.
Source link