വിഴിഞ്ഞം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബാകും: മന്ത്രി വാസവൻ

തിരുവനന്തപുരം: തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028ൽ പൂർത്തിയാകുന്നതോടെ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബ്ബായി വിഴിഞ്ഞം മാറുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര കോൺക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന്റെയും പുരോഗതിയുടെയും കവാടമായി വിഴിഞ്ഞം മാറും. ഇതിനൊപ്പം വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും 17 ചെറുകിട തുറമുഖങ്ങളും ചേരുന്നതോടെ കേരളം ദക്ഷിണേഷ്യയിലെ തുറമുഖങ്ങളുടെ നായകനാകും. വിഴിഞ്ഞം പൂർത്തിയാകുന്നതോടെ സുസ്ഥിര, പരിസ്ഥിതി സൗഹാർദ്ദ വികസനത്തിന് സംസ്ഥാനം ലോകമാതൃകയാകും. ചരക്കു നീക്കത്തിൽ വ്യവസായികളുടെ ആശങ്ക പരിഹരിക്കാൻ തുറമുഖത്തേക്ക് റോഡ്, റെയിൽ കണക്ടിവിറ്റി ഉറപ്പാക്കും. ബാലരാമപുരത്ത് നിന്ന് തുറമുഖത്തേക്കുള്ള 10കിലോമീറ്റർ റെയിൽവേ ടണൽ നാലുവർഷത്തിനകം യാഥാർത്ഥ്യമാക്കും. രണ്ടുവർഷത്തിനകം ദേശീയപാത 66ലേക്കുള്ള കണക്ടിവിറ്റിയൊരുക്കും. അതുവരെ ദേശീയപാതയിലേക്ക് താത്കാലിക ഗതാഗതത്തിനുള്ള സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.രാജീവ്, വിഴിഞ്ഞം പോർട്ട് സി.ഇ.ഒ പ്രദീപ് ജയരാമൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, വിസിൽ എം.ഡി ദിവ്യ എസ്.അയ്യർ തുടങ്ങിയവർ സംസാരിച്ചു.
തൊഴിൽ പ്രശ്നമുണ്ടാവില്ല:
മന്ത്രി ശിവൻകുട്ടി
വിഴിഞ്ഞത്തെ നിക്ഷേപകർക്ക് തൊഴിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം വരും തലമുറയ്ക്ക് അഭിവൃദ്ധിയേകുന്ന ആഗോള സമുദ്ര ശക്തികേന്ദ്രമാകും. കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക മേഖലയെ പുനർ നിർവചിക്കുന്നതായിരിക്കും തുറമുഖം. മുന്നൂറിലേറെ പ്രതിനിധികളും അമ്പതിലേറെ നിക്ഷേപകരും കോൺക്ലേവിലെത്തി. വൻ നിക്ഷേപങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വ്യാവസായിക വികസനം എന്നിവയിലേക്കുള്ള വാതിലുകൾ തുറക്കുന്ന ചർച്ചകളുണ്ടായി. പുരോഗതിയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമെത്തുന്നെന്ന് സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Source link