വരുന്നു, ന്യൂജെൻ റോക്കറ്റ്; പുനരുപയോഗിക്കാവുന്ന റോക്കറ്റ് നിർമാണം പുരോഗമിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ
![](https://i0.wp.com/www.onlinekeralanews.com/wp-content/uploads/2024/12/isro.jpg?resize=780%2C470&ssl=1)
ചെന്നൈ ∙ കൂടുതൽ ആധുനികമായ അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന്റെ (എൻജിഎൽവി) രൂപകൽപനയും നിർമാണവുമായി ഐഎസ്ആർഒ മുന്നോട്ടു പോവുകയാണെന്നു ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണിത്. 1,000 ടൺ ഭാരവും 91 മീറ്റർ ഉയരവുമുണ്ടാകും. നിലവിലെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3ന് 43 മീറ്ററാണ് ഉയരം. 20 ടൺ ഭാരമുള്ള പേലോഡുകൾ താഴ്ന്ന ഭ്രമണപഥത്തിലേക്കോ 10 ടൺ പേലോഡ് ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്കോ വഹിക്കാൻ കഴിയുന്നവയാണിവ.
സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്കു സമാനമായി, പുനരുപയോഗം സാധ്യമാക്കിയാണ് എൻജിഎൽവി വിക്ഷേപണങ്ങളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുക. വിക്ഷേപണ ചെലവു ഗണ്യമായി കുറയ്ക്കുകയും ബൂസ്റ്ററിന്റെ പ്രവർത്തനക്ഷമത കൂട്ടുകയും ചെയ്യും. മഹേന്ദ്രഗിരിയിൽ അടുത്തിടെ നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ 4, 5 അടക്കമുള്ള വിക്ഷേപണങ്ങളും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്രാ ശ്രമങ്ങളും ഉൾപ്പെടെ വിവിധ ദൗത്യങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലാകും എൻജിഎൽവിയുടെ നിർമാണം. 4,000 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന മൂന്നാം വിക്ഷേപണത്തറയാകും ഇത്തരം വിക്ഷേപണ വാഹനങ്ങൾ ഉപയോഗിക്കുക. ഇതുവരെ, ഐഎസ്ആർഒ 6 തലമുറകളായുള്ള വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. 46 വർഷത്തിനിടെ നടന്ന 100 വിക്ഷേപണങ്ങൾ വഴി 548 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. അടുത്ത 5 വർഷത്തിൽ 100 വിക്ഷേപണങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യദൗത്യത്തിന് സെഞ്ചറിത്തിളക്കംചെന്നൈ ∙ ആദ്യ ദൗത്യത്തിൽ തന്നെ ‘സെഞ്ചറി’ നേടിയതിന്റെ ആത്മവിശ്വാസത്തിലാണു മിഷൻ ഡയറക്ടറായ തോമസ് കുര്യൻ. 1992 ൽ ഖര ഇന്ധന ഡിസൈൻ വിഭാഗത്തിൽ സയന്റിസ്റ്റ് എൻജിനീയറായി ഐഎസ്ആർഒയിലെത്തിയ അദ്ദേഹം കഴിഞ്ഞ ജൂണിലാണ് ജിഎസ്എൽവി പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റത്. ഈ ചുമതല വഹിക്കുന്നയാളാണ് തുടർന്നുള്ള ജിഎസ്എൽവി ദൗത്യത്തിന്റെ മിഷൻ ഡയറക്ടറാവുന്നത്.
മുൻപ് ജിഎസ്എൽവി റോക്കറ്റുകൾ തുടർച്ചയായി പരാജയപ്പെട്ടിരുന്ന അവസ്ഥ മാറ്റിയെടുക്കാൻ തോമസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു. നാസയുമായി ചേർന്ന് ഐഎസ്ആർഒ നടത്തുന്ന ഏറ്റവും ചെലവേറിയ ഉപഗ്രഹ ദൗത്യമായ എൻഐസാറിന്റെ വിക്ഷേപണത്തിനുള്ള തയാറെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്.
മാവേലിക്കര പുന്നമൂട് പീസ്‌വില്ല കുടുംബാംഗമായ അദ്ദേഹം നിലവിൽ തിരുവനന്തപുരം പോങ്ങുംമൂട് അർച്ചന നഗറിലാണു താമസം. ഭാര്യ ആലപ്പുഴ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം അസി.പ്രഫസർ ഡോ.സൂസി ജോസഫ്. മക്കൾ: ഷേബ ആൻ തോമസ്, ജോർജ് കുര്യൻ തോമസ്.
ആത്മവിശ്വാസത്തോടെ ഡോ.വി.നാരായണൻശ്രീഹരിക്കോട്ട ∙ പുതിയ ചുമതലയേറ്റശേഷമുള്ള ആദ്യ ദൗത്യത്തിനായി ആത്മവിശ്വാസത്തോടെയാണ് ചെയർമാൻ ഡോ. വി.നാരായണൻ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ സെന്ററിലെത്തിയത്. നീല ഓവർകോട്ടും വെള്ള ഷർട്ടും ധരിച്ച് ചിരിയോടെയെത്തിയ അദ്ദേഹം സഹപ്രവർത്തകർക്കു കൈകൊടുത്തശേഷം ക്രമീകരണങ്ങൾ ഒരിക്കൽക്കൂടി വിലയിരുത്തി. വിഐപി ഗാലറിയിലുണ്ടായിരുന്ന മുൻ മേധാവിമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.ശിവൻ, ഡോ. കെ.രാധാകൃഷ്ണൻ തുടങ്ങിയവരെ അഭിവാദ്യം ചെയ്ത ശേഷമാണ് നാരായണൻ ഇരിപ്പിടത്തിലെത്തിയത്
കൃത്യ സമയത്ത് ജിഎസ്എൽവി എഫ് 15 റോക്കറ്റ് കുതിച്ചുയർന്നതോടെ കയ്യടികൾ. ഓരോ ഘട്ടവും വിജയകരമായി പൂർത്തിയാക്കി ഉപഗ്രഹം നിർദിഷ്ട ഭ്രമണപഥത്തിലെത്തിയതോടെ മിഷൻ സെന്ററിൽ സെഞ്ചറി നേട്ടത്തിന്റെ ആഹ്ലാദം. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തണുപ്പും മഞ്ഞും വകവയ്ക്കാതെ വിക്ഷേപണത്തിനു സാക്ഷികളായി.
Source link