KERALAM

പ്രധാന ‘പ്രസാദം’ മദ്യം, പുണ്യസ്ഥലങ്ങളിലെ മദ്യനിരോധനത്തിൽ നിന്ന് ക്ഷേത്രത്തെ ഒഴിവാക്കിയേക്കും

ഭോപ്പാൽ: ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും മദ്യത്തിനും മാംസാഹാരത്തിനും വിലക്കുണ്ട്. എന്നാൽ രാജ്യത്തെ ഒരു ക്ഷേത്രത്തിൽ ‘പ്രസാദമായി’ മദ്യം നൽകുന്ന പതിവുണ്ട്. മദ്ധ്യപ്രദേശ് ഉജ്ജയിനിലെ കാല ഭൈരവ് മന്ദിറിലാണ് ഈ പതിവുള്ളത്.

വഴിപാടുകൾക്കായി നൽകുന്ന കൂടാരത്തിൽ ഒരു കുപ്പി മദ്യവും ഒരു തേങ്ങയും സാധാരണമാണ്. ക്ഷേത്രത്തിന് പുറത്തെ എല്ലാ കടകളിലും ഇത് ലഭ്യമായിരിക്കും. ക്ഷേത്രത്തിന് പുറത്തായി സർക്കാരിന്റെ മദ്യശാലകളും പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ഉജ്ജയിനിലെ മദ്യഷാപ്പുകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിൽ കാല ഭൈരവ ക്ഷേത്രം ഉൾപ്പെട്ടേക്കില്ല എന്നാണ് വിവരം.

ക്ഷേത്ര പാരമ്പര്യങ്ങൾ ഒരിക്കലും തകർക്കാനാവില്ലെന്ന് കാല ഭൈരവ ക്ഷേത്ര പൂജാരി ഓം പ്രകാശ് ചതുർവേദി പറഞ്ഞു. 2016ൽ മദ്യനിരോധന സമയത്തും സിംഹാസ്ഥ ഉത്സവത്തിൽ പ്രതിഷ്ഠയ്ക്ക് മദ്യം നേദിച്ചിരുന്നു. വഴിപാടുകൾക്കായി ഭക്തർക്ക് മദ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ ക്ഷേത്രത്തിന് പുറത്തായി മദ്യഷാപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രതിഷ്ഠകൾ ശാന്തസ്വരൂപത്തിലുള്ളതാണ്. കലിക ദേവിക്കും മദ്യം നേർച്ചയായി നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിൽ മദ്യം പ്രസാദമായി നൽകുന്നതിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ രാജ്‌നാരായൺ സോണി പറഞ്ഞു. ക്ഷേത്രത്തിന് പുറത്ത് നിലവിൽ രണ്ട് മദ്യ കൗണ്ടറുകളാണുള്ളത്. എക്‌സൈസ് വകുപ്പിന്റെ കീഴിലാണ് അവ പ്രവർത്തിക്കുന്നത്. ലൈസൻസുള്ള മറ്റ് മദ്യഷോപ്പുകളൊന്നും സമീപത്തില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.

TAGS: NEWS 360, NATIONAL, NATIONAL NEWS, UJJAIN KAL BHAIRAV MANDIR, LIQUOR PRASAD


Source link

Related Articles

Back to top button