WORLD

പുതിനെ വധിക്കാനുള്ള പദ്ധതി ആഗോളസുരക്ഷയ്ക്ക് ഭീഷണി, ആണവയുദ്ധത്തിനിടയാക്കും- റഷ്യന്‍ നേതാവ്


മോസ്‌കോ: ജോ ബൈഡന്‍ ഭരണകൂടം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന യു.എസ്. മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണിന്റെ പ്രസ്താവന ആഗോളതലത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ദ ടക്കര്‍ കാള്‍സണ്‍ ഷോ എന്ന പോഡ്കാസ്റ്റിലൂടെയാണ് കാള്‍സണ്‍ ഇത്തരമൊരാരോപണം ഉന്നയിച്ചത്. തന്റെ ആരോപണം സ്ഥാപിക്കാനുതകുന്ന തെളിവുകളൊന്നും കാള്‍സണ്‍ നല്‍കിയിട്ടില്ല. കാള്‍സന്റെ പ്രസ്താവനയെ റഷ്യ ഗൗരവമായാണെടുത്തിരിക്കുന്നതെന്ന് റഷ്യയുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പുതിന് നേരെയുള്ള ഏതൊരാക്രമണവും വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ വിയാചെസ്ലാവ് വൊളോദിന്‍ പറഞ്ഞു. പുതിനെ അപായപ്പെടുത്താനുള്ള നീക്കമുണ്ടാകുന്ന പക്ഷം ആണവയുദ്ധത്തിനുവരെ സാധ്യതയുണ്ടെന്ന് വൊളോദിന്‍ കൂട്ടിച്ചേര്‍ത്തു. പുതിനെ വധിക്കാനുള്ള പദ്ധതിയോ അതിനെ കുറിച്ചുള്ള ചര്‍ച്ചകളോ വലിയ കുറ്റകൃത്യമാണെന്നും ആഗോള സുരക്ഷയ്ക്കുവരെ ഭീഷണിയാകുന്ന സംഗതിയാണെന്നും ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും വൊളോദിന്‍ പറഞ്ഞു.


Source link

Related Articles

Back to top button