KERALAM

‘ഗോപൻ സ്വാമിയല്ല, ഇനി ദൈവമാണ്’; ദൈവത്തെ തൊഴാൻ ധാരാളം തീർത്ഥാടകർ എത്തുന്നുണ്ടെന്ന് മകൻ

തിരുവനന്തപുരം: ‘ഗോപൻ സ്വാമി സമാധിയായി’- ആഴ്ചകൾക്ക് മുമ്പ് കേരളക്കരയാകെ ചർച്ചയായ ഒരു വിഷയമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ അടക്കം ഇത് വലിയ ചർച്ചാ വിഷയമായിരുന്നു. കേരളത്തിൽ അടുത്തിടെയൊന്നും കേട്ടുകേൾവിയില്ലാത്ത സമാധി വിവാദത്തിന് കേരള പൊലീസും ജില്ലാ ഭരണകൂടവും ഇടപെട്ടാണ് അവസാനം കുറിച്ചത്. മക്കൾ ഒരുക്കിയ ‘സമാധി പീഠം’ പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. പിന്നീട് ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെ മക്കൾ വീണ്ടും സമാധിയിരുത്തുകയായിരുന്നു.

നെയ്യാറ്റിൻകര കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിന് സമീപത്താണ് ഗോപനെ സമാധിയിരുത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരികൂടിയായ മകൻ രാജസേനനാണ് പൂജാ കർമ്മങ്ങൾ ചെയ്യുന്നത്. തന്റെ അച്ഛൻ ഗോപൻ സ്വാമിയല്ലെന്നും ദൈവമാണെന്നും മകൻ രാജസേനൻ പറയുന്നു. ദൈവത്തെ കാണാൻ ഒരുപാട് തീർത്ഥാടകർ അവിടെ എത്തുന്നുണ്ടെന്നും മകൻ പറയുന്നു.

‘തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണം. സമാധിയിരുത്തണമെന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ചെയ്തത് കൊണ്ട് മാത്രമാണ് അച്ഛനെ ലോകം അറിഞ്ഞത്. ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും അത് നടക്കുന്നതായിരിക്കും. ഈശ്വരൻ നിശ്ചയിക്കുന്നതിനപ്പുറത്തേക്ക് ഈ ലോകത്ത് ഒന്നും ഇല്ല. എല്ലാ ജാതിമത വിഭാഗങ്ങളും ഈശ്വരനെ തൊഴാൻ ഇവിടെ എത്തുന്നതായിരിക്കും’- മകൻ രാജസേനൻ പറഞ്ഞു.

എന്നാൽ മകൻ പറയുന്നത് പോലെ അവിടെ തീർത്ഥാടകർ ആരും തന്നെ എത്തുന്നില്ലെന്നാണ് വിവരം. സ്വകാര്യ ചാനലിന്റെ പ്രതിനിധി മണിക്കൂറുകളോളം അവിടെ ചെലവഴിച്ചിട്ടും ഒരാൾ പോലും അവിടെ തൊഴാൻ എത്തിയിട്ടില്ല. രണ്ടാമത് സംസ്‌കാരം നടന്ന ചടങ്ങുകൾക്ക് കുറച്ച് ഹിന്ദു സംഘടനകളുടെ സാന്നിദ്ധ്യം ഉണ്ടായതൊഴിച്ചാൽ മലയാളികളും സോഷ്യൽ മീഡിയയും ഗോപനെയും സമാധിയെയും മറന്ന മട്ടാണ്.


Source link

Related Articles

Back to top button