KERALAM

നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന പരാതി; തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രശാന്തൻ

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന് കെെക്കൂലി കൊടുത്തുവെന്ന പരാതിയിൽ തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ചെങ്ങളായിയിലെ പെട്രോൾ പമ്പ് ഉടമ പ്രശാന്തൻ. ഇക്കാര്യമാവശ്യപ്പെട്ട് പ്രശാന്തൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി.

താൻ ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്നും പ്രശാന്തൻ വ്യക്തമാക്കി.

നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ക്വാർട്ടേഴ്സിലെത്തി പണം കൈമാറിയതെന്നുമാണ് ടിവി പ്രശാന്തൻ പൊലീസിന് മൊഴി നൽകിയത്. തന്റെ പമ്പിന് എൻഒസി നൽകാൻ എഡിഎം കൈക്കൂലി വാങ്ങിയെന്നാണ് ഗവ. മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ കൂടിയായ പ്രശാന്തൻ നൽകിയ പരാതിയിലുള്ളത്.

പെട്രോൾ പമ്പിന് എൻഒസി നൽകാത്തതിൽ അഴിമതി നടന്നതായി എഡിഎമ്മിന് നൽകിയ യാത്രഅയപ്പ് യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ എട്ടിന് പെട്രോൾ പമ്പിന് എൻഒസി ലഭിച്ചിരുന്നു. കെെക്കൂലി കൊടുത്തെന്ന കാര്യം ഒക്ടോബർ പത്തിന് പ്രശാന്തൻ വിജിലൻസിനെ അറിയിച്ചു. ഒക്ടോബർ 14ന് വിജിലൻസ് സിഐ പ്രശാന്തന്റെ മൊഴിയെടുത്തു. അന്ന് വെെകിട്ടായിരുന്നു യാത്രയയപ്പ് യോഗം നടന്നത്. വിജിലൻസ് ഡിവെെഎസ്‌പിക്ക് അന്ന് തന്നെ റിപ്പോർട്ട് നൽകിയിരുന്നു. പ്രശാന്തന്റെ മൊഴിയുടെ കാര്യം നവീൻ ബാബുവിന് അറിയില്ലായിരുന്നു. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


Source link

Related Articles

Back to top button