KERALAM

സ്വാമി സുഗുണാനന്ദ സമാധിയായി

ശിവഗിരി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിലെ മുതിർന്ന അംഗം സ്വാമി സുഗുണാനന്ദ (74) സമാധിയായി. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 12.30 ന് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു സമാധി.

പത്തനംതിട്ട അടൂർ ആനയാടിയിലായിരിന്നു പൂർവ്വാശ്രമം. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ പഠനം പൂർത്തിയാക്കിയ ശേഷം 1983 ൽ ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയിൽ അംഗമായി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന ഗീതാനന്ദസ്വാമിയിൽ നിന്നാണ് സന്യാസദീക്ഷ സ്വീകരിച്ചത്. ശിവഗിരിമഠം ശാഖാ സ്ഥാപനങ്ങളായ പാലക്കാട് ധർമ്മഗിരി ആശ്രമം, ആലുവ തൊട്ടുമുഖം, കർണാടകയിൽ കുടുക് ആശ്രമം, കാഞ്ചീപുരം സേവാശ്രമം, മദ്രാസ് ശ്രീനാരായണമന്ദിരം, കൊറ്റനല്ലൂർ ആശ്രമം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് കാഞ്ചീപുരം സേവാശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

മിഷൻ ആശുപത്രിയിൽ നിന്നും ഭൗതികദേഹം മഠത്തിലെത്തിച്ച് പ്രാർത്ഥനയ്ക്ക് ശേഷം നാലു മണിക്ക് ശിവഗിരിക്ക് സമീപം സമാധി പറമ്പിൽ ആചാരവിധി പ്രകാരം സമാധി ഇരുത്തി. ചടങ്ങുകൾക്കു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ നേതൃത്വം നല്‍കി. സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ശ്രീനാരായണതീർത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ദേശികാനന്ദയതി, സ്വാമി ഹംസതീർത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി സത്യാനന്ദസരസ്വതി, സ്വാമി പത്മാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി വെങ്കിടേശ്വര, നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുസവിധ്, സ്വാമി ആത്മധർമ്മൻ, ബ്രഹ്മചാരിമാർ,വൈദികർ, ഗുരുധർമ്മ പ്രചരണസഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും ഭാരവാഹികളും മറ്റു പ്രവർത്തകരും, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, സ്വാമിയുടെ കുടുംബാംഗങ്ങൾ, അന്തേവാസികൾ ഭക്തജനങ്ങൾ തുടങ്ങി വിവിധ തുറകളിൽപ്പെട്ടവർ സമാധിയിരുത്തൽ ചടങ്ങിൽ പങ്കെടുത്തു.


Source link

Related Articles

Back to top button