വിഴിഞ്ഞം കേന്ദ്രമാക്കി ആഗോള വിതരണ ശൃംഖല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കേന്ദ്രമാക്കി സുസ്ഥിര ആഗോള വിതരണ ശൃംഖല സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ലോകത്തെ ഒന്നാം നമ്പർ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) മേധാവികളായ മിഷേലെ അവേസയും ഗെയ്താനോ എസ്‌പൊസിതോയും വിഴിഞ്ഞം വികസന കോൺക്ലേവിൽ പറഞ്ഞു.
തുറമുഖത്തിന്റെ സുസ്ഥിരവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പുവരുത്താൻ എം.എസ്.സി പ്രതിജ്ഞാബദ്ധമാണ്. 155 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കമ്പനിക്ക് 860 കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം. കോൺക്ലേവിൽ ‘വിഴിഞ്ഞം നാവിഗേറ്റിംഗ് ഫ്യൂച്ചർ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
വിഴിഞ്ഞം തുറമുഖത്തെ ഉത്പാദനക്ഷമത തുടക്കത്തിൽ 35 എം.പി.എച്ച് ആയിരുന്നത് നിലവിൽ 50 ആയിട്ടുണ്ട്. ഡിസംബറിൽ കപ്പലുകളുടെ കാത്തിരിപ്പ് സമയം ശരാശരി 9.8 മണിക്കൂറായി കുറഞ്ഞു. വിഴിഞ്ഞം ടെർമിനലിന്റെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാൻ എം.എസ്.സിയുടെ ഇടപെടലോടെ സാധിച്ചു.
2050ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിവർഷം 22.5 ദശലക്ഷത്തിലധികം ടി.ഇ.യു കാർഗോ കൈകാര്യം ചെയ്യുന്നതാണ് എം.എസ്.സി. ആഗോള വ്യാപാര ശൃംഖലയിൽ വിഴിഞ്ഞം തുറമുഖം സുപ്രധാന ഹബ്ബായി മാറുമെന്ന് ഉറപ്പാണെന്ന് മിഷേലെ അവേസ പറഞ്ഞു.
Source link