ബാബാ സിദ്ദിഖി മരണം: ബിൽഡർമാരും രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള ക്വട്ടേഷനെന്ന് മകൻ; കാര്യമാക്കാതെ കുറ്റപത്രം

ബിൽഡർമാരും രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള ക്വട്ടേഷനെന്ന് ഷീസാൻ; കാര്യമാക്കാതെ കുറ്റപത്രം | മനോരമ ഓൺലൈൻ ന്യൂസ്- mumbai india news malayalam | Baba Siddiqui murder | Sheezan’s statement points fingers at prominent builders, politicians | Malayala Manorama Online News
ബാബാ സിദ്ദിഖി മരണം: ബിൽഡർമാരും രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള ക്വട്ടേഷനെന്ന് മകൻ; കാര്യമാക്കാതെ കുറ്റപത്രം
മനോരമ ലേഖകൻ
Published: January 29 , 2025 10:31 AM IST
1 minute Read
ബാബ സിദ്ദിഖി (Photo: X/ @BabaSiddique)
മുംബൈ ∙ മുൻമന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകനും മുൻ എംഎൽഎയുമായ ഷീസാൻ സിദ്ദിഖി രാഷ്ട്രീയ നേതാക്കൾക്കും കെട്ടിട നിർമാതാക്കൾക്കും എതിരെ പൊലീസിന് മൊഴി നൽകിയിരുന്നതായി റിപ്പോർട്ട്. ‘ബാന്ദ്ര ഈസ്റ്റിലും വെസ്റ്റിലുമുള്ള ചേരി പുനർനിർമാണ പദ്ധതികളുമായി ബന്ധപ്പെട്ട് പല തർക്കങ്ങളുമുണ്ടായിരുന്നു. അതിലെല്ലാം ഇടപെട്ടിരുന്ന എന്റെ പിതാവിനോട് കെട്ടിട നിർമാതാക്കൾക്ക് ഉൾപ്പെടെ ശത്രുത ഉണ്ടായിരുന്നു’ എന്നാണു ഷീസാന്റെ മൊഴി.
നബിൽ പട്ടേൽ ഗ്രൂപ്പ്, ഗോയങ്ക, അദാനി ഗ്രൂപ്പ്, മുന്ദ്ര ബിൽഡേഴ്സ് തുടങ്ങിയ ഒട്ടേറെ പ്രമുഖ കെട്ടിട നിർമാതാക്കളെ സംശയമുനയിൽ നിർത്തുന്നതാണ് ഈ മൊഴി. മുന്ദ്ര ബിൽഡേഴ്സിന്റെ ആളുകൾ പിതാവിനോട് മോശമായി പെരുമാറിയെന്ന പറയുന്ന ഷീസാൻ ശിവസേനാ നേതാവ് അനിൽ പരബിനെതിരെയും മൊഴി നൽകിയിട്ടുണ്ട്.
‘മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അടുപ്പമുള്ള ബിജെപി നേതാവ് മോഹിത് കാംബോജ് എന്റെ പിതാവിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. വിവരങ്ങൾ പിതാവിന്റെ ഡയറിയിലുണ്ട്. കൊലപാതക ദിവസം വൈകിട്ട് 5.30നും 6.30നുമിടയിൽ വാട്സാപ് കോളിൽ ഇരുവരും ബന്ധപ്പെട്ടിരുന്നു.’– കുറ്റപത്രത്തിൽ ഷീസാന്റെ മൊഴിയായി രേഖപ്പെടുത്തി. അതേസമയം, സിദ്ദിഖിയുടെ കൊലപാതകം ബിൽഡർമാരും രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള ക്വട്ടേഷനാണെന്ന ഷീസാന്റെ വാദത്തിനു പൊലീസ് കാര്യമായ പ്രാധാന്യം നൽകിയിട്ടില്ല.
ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിയാണ് കൃത്യത്തിനു പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളുമായി അൻമോൽ ബന്ധപ്പെട്ടിരുന്നെന്നും കൃത്യം നടത്താൻ ഫ്ലാറ്റും കാറും വാഗ്ദാനം ചെയ്തിരുന്നെന്നും 5 ലക്ഷം രൂപ കൈമാറിയെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബർ 12നാണ് സിദ്ദിഖി വെടിയേറ്റു മരിച്ചത്. 26 പേരാണ് പിടിയിലായത്.
English Summary:
Baba Siddiqui murder: Sheezan Siddiqui’s statement implicates builders and political leaders in his father Baba Siddiqui’s murder, but police downplay the claim, focusing instead on an underworld connection.
mo-crime 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-baba-siddique 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-crime-murder 7pm8hh3ufefsg6knh54ecj5l5p
Source link