ഈഴവ വിഭാഗങ്ങൾ എന്നും ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ട : ടി.പി.രാമകൃഷ്ണൻ

കോഴിക്കോട്: ഈഴവ വിഭാഗങ്ങൾ എന്നും ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയാണെന്നും അവർ അടർന്നുപോകില്ലെന്നും , ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യമുണ്ടാക്കുന്ന നഷ്ടം യു.ഡി.എഫിനായിരിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.പറഞ്ഞു. കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ച സി.പി ജോണിന്റെ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഈഴവരുടെ മനസ്സ് ഇടതുപക്ഷത്തിനൊപ്പമാണ്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എൻ.ഡി.എ സഖ്യത്തിലാണെങ്കിലും ഇവിടുത്തെ ഈഴവരുടെ വോട്ട് അങ്ങിനെ ഒഴുകിപ്പോകി ല്ല. എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യം പാർട്ടിയും കേരളത്തിലെ ഇടതുപക്ഷവും ശരിയായ അർഥത്തിൽ വിലയിരുത്തുന്നുണ്ട്. അത്തരത്തിലൊരു വോട്ടുചോർച്ചയും ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താൻ പാർട്ടി സമ്മളനങ്ങൾ ഗൗരവമായി ചർച്ച ചെയ്യും. ഒപ്പം ഇടതുപക്ഷവും.
മലബാറിൽ യാതൊരുതരത്തിലുള്ള ചോർന്നുപോക്കും ഉണ്ടാവില്ല. വടക്കൻജില്ലകളിൽ പ്രശ്‌നങ്ങളൊന്നുമില്ല. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിൽ ഭൂരിപക്ഷവും ഈഴവ വിഭാഗമാണ്. അതേ സമയം തെക്കൻ ജില്ലകളിലാണ് ചെറിയ പ്രശ്‌നങ്ങൾ. അതു പക്ഷെ ഇടതുപക്ഷത്തിനല്ല കോൺഗ്രസിനാവും തിരിച്ചടിയാവുക. തെക്കൻ ജില്ലകളിൽ കോൺഗ്രസിന്റെ എൻ.എസ്.എസ് നിലപാട് അവർക്കുതന്നെ വിനയാവും. 80സീറ്റുകളിൽ ബി.ജെ.പി-ബി.ഡി.ജെ.എസ് കൂട്ടുകെട്ട് നിർണായക ശക്തിയെന്ന വിമർശനം യു.ഡി.എഫിനെ മാത്രം ബാധിക്കുന്നതാണെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.. കേരള കോൺഗ്രസ് ഇപ്പോൾ ഇടതുപക്ഷത്തെ ഉറച്ച സാന്നിധ്യമാണ്. അത് അവരുടെ ഉറച്ച രാഷ്ട്രീയ നിലപാടാണ്. അതിലൊരു ചാഞ്ചാട്ടവും ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്നും ടി.പി.പറഞ്ഞു.
പ്രതികരിക്കാതെ എം.എം.ഹസ്സൻ
സി.പി.ജോണിന്റെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ കേരളകൗമുദിയോടു പറഞ്ഞു.കോൺഗ്രസ് ഒരു ജാതി-മത വിഭാഗങ്ങളെയും അവഗണിക്കുന്ന പാർട്ടിയല്ല.യു.ഡി.എഫ് എല്ലാവർക്കും തുല്യ പരിഗണന നൽകുന്ന മുന്നണിയുമാണ്.കൂടുതലൊന്നും ഇപ്പോൾ പറയാനില്ല.പരസ്യ പ്രസ്താവനകൾ എ.ഐ.സി.സി.സി നേതൃത്വം വിലക്കിയിരിക്കുകയാണെന്നും ഹസ്സൻ പറഞ്ഞു.
Source link