സമരം തീർന്നിട്ടും 1000ലേറെ റേഷൻ കടകൾ തുറന്നില്ല, സ്റ്റോക്ക് കുറവെന്ന് വ്യാപാരികൾ

തിരുവനന്തപുരം: സർക്കാരുമായുള്ള ചർച്ചയെത്തുടർന്ന് അനിശ്ചിതകാല സമരം തിങ്കളാഴ്ച തന്നെ പിൻവലിച്ചെങ്കിലും ഇന്നലെ ആയിരത്തിലേറെ റേഷൻ കടകൾ തുറന്നില്ല. ആദ്യദിനം തന്നെ സമരം പിൻവലിച്ചതിൽ ഒരുവിഭാഗം വ്യാപാരികൾക്ക് പ്രതിഷേധമുണ്ട്. എന്നാൽ, ഇതുമൂലമല്ല, ഭക്ഷ്യസാധനങ്ങൾ ആവശ്യത്തിന് സ്റ്റോക്കില്ലാത്തതാണ് കാരണമെന്ന് സംഘടനാ നേതാക്കൾ.
സംസ്ഥാനത്തെ 14,014 റേഷൻ കടകളിൽ വൈകിട്ട് 4.50ന് പ്രവർത്തിച്ചത് 13,007എണ്ണം. 6.40 ആയപ്പോഴേക്കും അത് 12,342 ആയി. ഇതേക്കുറിച്ച് പൊതുവിതരണ വകുപ്പ് അന്വേഷണം തുടങ്ങി. ഇന്നലെ 1.40 ലക്ഷം പേരാണ് റേഷൻ കടകളിലെത്തിയത്. സാധാരണ രണ്ടു ലക്ഷത്തിലേറെ പേർ എത്താറുണ്ട്. സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
റേഷൻ കടകളിലെ സ്റ്റോക്കടക്കം വിലയിരുത്താൻ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വിതരണക്കാരുടെ കുടിശിക നൽകിയെങ്കിലും കോഴിക്കോട് ടൗൺ, കൊയിലാണ്ടി, കാർത്തികപള്ളി, പാലക്കാട് എന്നിവിടങ്ങളിൽ സാധനങ്ങൾ എത്തിച്ചു തുടങ്ങിയിട്ടില്ല. അവരുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തർക്കമാണ് കാരണം.
തൊഴിൽവകുപ്പുമായി ബന്ധപ്പെട്ട് ഇതു പരിഹരിക്കാൻ ഡി.എസ്.ഒമാർക്ക് മന്ത്രി നിർദ്ദേശം നൽകി. സ്റ്റോക്ക് സംബന്ധിച്ച പരാതികൾ റേഷൻ കടകളിലെത്തി പരിശോധിക്കാൻ റേഷനിംഗ് ഇൻസ്പെക്ടർമാരോടും താലൂക്ക് സപ്ലൈ ഓഫീസർമാരോടും നിർദ്ദേശിച്ചു.
ഇ പോസ്: കരാർ പുതുക്കും
റേഷൻകടകളിൽ ഇ പോസ് സേവനം നൽകുന്ന ഹൈദരാബാദിലെ ലിങ്ക് ഡവെൽ ടെലി സിസ്റ്റം കമ്പനിയുമായി ഭക്ഷ്യവകുപ്പ് കരാർ പുതുക്കും. സേവന ഫീസ് ഇനത്തിലെ കുടിശിക രണ്ടു കോടിയിലധികമായതോടെ 31നു ശേഷം സേവനം അവസാനിപ്പിക്കുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിലടക്കം കമ്പനി പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ ഉടൻ ചർച്ച നടത്തി ധാരണയിലെത്തും. ഇ പോസ് യന്ത്രത്തിലെ സ്‌കാനറുകൾ മാറ്റി സുരക്ഷ വർദ്ധിപ്പിക്കാനും തീരുമാനമുണ്ടാകും.
Source link