INDIA

വനിതകൾക്ക് മാസം 2,100 രൂപ, ‘കേജ്‌രിവാൾ കി ഗാരന്റി’; 15 ഉറപ്പുകളുമായി പ്രകടന പത്രിക പുറത്തിറക്കി എഎപി

ന്യൂഡൽഹി∙ എഴുതി തയാറാക്കിയ 15 വാഗ്ദാനങ്ങളുടെ പട്ടികയിൽ ജനസമക്ഷം ഒപ്പുവച്ച് ആംആദ്മി പാർട്ടിയുടെ പ്രകടന പത്രിക ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ പുറത്തിറക്കി. ‘കേജ്‌രിവാൾ കി ഗാരന്റി’ (കേജ്‌രിവാളിന്റെ ഉറപ്പ്) എന്ന പേരിലാണു പത്രിക പുറത്തിറക്കിയത്. 2020 തിരഞ്ഞെടുപ്പിൽ അരവിന്ദ് കേജ്‌രിവാളാണ് ആദ്യമായി ‘ഗാരന്റി’ എന്ന വാക്ക് ഉപയോഗിച്ചത് എന്ന അവകാശവാദത്തോടെയായിരുന്നു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ പ്രകാശനം.

മുഖ്യമന്ത്രി അതിഷി മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, മുതിർന്ന നേതാവ് മനീഷ് സിസോദിയ എന്നിവരും കേജ്‌രിവാളിനൊപ്പം വേദിയിലുണ്ടായിരുന്നു. ബിജെപി അധികാരത്തിലെത്തിയാൽ ഡൽഹിയിൽ എഎപി ജനങ്ങൾക്കു നൽകിയ സൗജന്യങ്ങളെല്ലാം നിർത്തലാക്കുമെന്നും അതുവഴി ഒരു കുടുംബത്തിന് പ്രതിമാസം 25,000 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും കേജ്‌രിവാൾ മുന്നറിയിപ്പു നൽകി.

‘‘നടപ്പാക്കും എന്നുറപ്പുള്ള വാഗ്ദാനങ്ങളെ ആം ആദ്മി പാർട്ടി ജനങ്ങൾക്കു നൽകാറുള്ളൂ. ഡൽഹിയിലെ റോഡുകൾ രാജ്യാന്തര നിലവാരമുള്ളതാക്കും, 24 മണിക്കൂറും മുടക്കമില്ലാത്ത ശുദ്ധജലം, യമുന ശുദ്ധീകരണം തുടങ്ങിയ വിഷയങ്ങൾ 2020ൽ തന്നെ എഎപി ജനങ്ങൾക്കു മുന്നിൽ വച്ചതാണ്. എന്നാൽ, കോവിഡ് വ്യാപനം കാരണം ഇവ പൂർത്തിയാക്കാനായില്ല. തുടർന്നാണ് രാഷ്ട്രീയ ഗൂഢാലോചന നടത്തി എതിരാളികൾ തങ്ങളെ ജയിലിലടച്ചത്. അതിനാൽ വാക്കു പാലിക്കാനായില്ല. വീണ്ടും അധികാരത്തിലെത്തിയാൽ ആദ്യ മൂന്നു വർഷത്തിനുള്ളിൽ ഈ മൂന്നു പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും’’– കേജ്‌രിവാൾ പറഞ്ഞു.
പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഒരു മാസത്തിനിടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കിടെ പലതവണയായി പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചാണ് ഇന്നലെ ‘കേജ്‌രിവാൾ കി ഗാരന്റി’ എന്ന പേരിൽ പ്രകടന പത്രികയിറക്കിയത്.

കേജ്‌രിവാളിന്റെ 15 ഉറപ്പുകൾ ഇങ്ങനെ:
∙ ഡൽഹി നിവാസികൾക്കു കൂടുതൽ തൊഴിലവസരങ്ങൾ.∙ മഹിള സമ്മാൻ യോജന – അർഹരായ വനിതകൾക്ക് മാസം 2,100 രൂപ.∙ സഞ്ജീവനി യോജന – മുതിർന്ന പൗരൻമാർക്കു സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ.∙ പിഴവ് വന്ന ശുദ്ധജല ബില്ലുകൾ എഴുതിത്തള്ളും.∙ 24 മണിക്കൂറും മുടക്കമില്ലാതെ ശുദ്ധജലവിതരണം.∙ യമുനാനദി ശുചീകരണം.∙ റോഡുകളുടെ വികസനം.∙ പൂജാരിമാർക്കും ഗ്രന്ഥിമാർക്കും 18,000 രൂപ മാസ ശമ്പളം.∙ വാടകയ്ക്കു താമസിക്കുന്നവർക്കും സൗജന്യ വൈദ്യുതിയും ശുദ്ധജലവും.∙ കാനകളുടെ നവീകരണം.‌∙ ഓട്ടോ–ടാക്സി ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് 1 ലക്ഷം രൂപ ധനസഹായം, 10 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും.∙ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിൽ സുരക്ഷാ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകും.∙ ഡോ. അംബേദ്കർ സ്കോളർഷിപ് –ദലിത് വിദ്യാർഥികൾക്ക് വിദേശ പഠനത്തിന്റെ മുഴുവൻ പഠനച്ചെലവും.∙ ‍ഡൽഹി മെട്രോയിൽ യാത്രാനിരക്കിൽ വിദ്യാർഥികൾക്ക് 50% ഇളവ്.∙ എല്ലാവർക്കും റേഷൻ കാർ‍ഡ്, പാവപ്പെട്ടവർക്കു സൗജന്യ റേഷൻ.

English Summary:
AAP Manifesto: National convener Arvind Kejriwal released the manifesto of the Aam Aadmi Party by publicly signing the list of 15 written promises.


Source link

Related Articles

Back to top button