പാലക്കാട് ജില്ലാ അദ്ധ്യക്ഷനായി പ്രശാന്ത് ശിവൻ വന്നാൽ രാജിയെന്ന് 11 കൗൺസിലർമാർ, ഒപ്പം കൂട്ടാൻ കോൺഗ്രസ് ശ്രമം

പാലക്കാട്: പാർട്ടി ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രശാന്ത് ശിവനെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചാൽ രാജിവയ്‌ക്കുമെന്ന് കൂടുതൽ കൗൺസിലർമാർ. പാലക്കാട് നഗരസഭയിൽ ഇതോടെ ബിജെപി ഭരണനഷ്‌ട ഭീഷണിയിലാണ്. 11 കൗൺസിലർമാരാണ് നേരത്തെ രാജി ഭീഷണി മുഴക്കിയിരുന്നത്. അൽപസമയത്തിനകം പ്രശാന്ത് ശിവനെ ജില്ലാ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുമെന്നാണ് വിവരം. അതേസമയം രാജിക്കില്ലെന്നും ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചെന്നും പാലക്കാട് നഗരസഭ ചെയർപെഴ്‌സൺ പ്രമീള ശശിധരൻ അറിയിച്ചു. ബിജെപിക്കൊപ്പമുണ്ടെന്നും പ്രശാന്ത് ശിവൻ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രമീള വ്യക്തമാക്കി. പാലക്കാട് അടിയന്തര കൗൺസിൽ യോഗം വിളിച്ചു. പ്രശ്‌നപരിഹാരത്തിന് ആർഎസ്‌എസ് നേതൃത്വം ഇടപെട്ടതായാണ് സൂചന.
പ്രശാന്ത് ശിവന്റെ പേര് പ്രഖ്യാപിച്ചാൽ അപ്പോൾതന്നെ സംസ്ഥാനനേതൃത്വത്തിന് രാജിക്കത്ത് നൽകാനാണ് കൗൺസിലർമാർ തീരുമാനിച്ചിരിക്കുന്നത്. ബിജെപി ദേശീയ കൗൺസിലംഗം എൻ.ശിവരാജൻ, സംസ്ഥാന ട്രഷറർ ഇ.കൃഷ്‌ണദാസ് എന്നിവരും രാജിഭീഷണി മുഴക്കിയവരിലുണ്ട്. കൂട്ടരാജിവന്നാൽ ബിജെപിക്ക് പാലക്കാട് നഗരസഭ നഷ്‌ടമാകും. 52 അംഗ കൗൺസിലിൽ 28 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 17 അംഗങ്ങളാണ് യുഡിഎഫിനുള്ളത്.
ഇടഞ്ഞുനിൽക്കുന്ന കൗൺസിലർമാരെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സന്ദീപ് വാര്യരുമായി ചർച്ച നടന്നതായും സൂചനകളുണ്ട്. കൗൺസിലർമാർക്ക് സംസ്ഥാന ബിജെപി നേതൃത്വം ഇതിനിടെ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചതെന്നും എതിർക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ലെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നൽകുന്ന മുന്നറിയിപ്പ്.
Source link