KERALAM

കെ സുരേന്ദ്രന് താൽപര്യമില്ല, പക്ഷേ കേന്ദ്രനേതൃത്വം അനുകൂലം; കൂടുതൽ കരുത്താർജിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിയാൻ അനുവദിക്കണമെന്ന ആവശ്യം കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചതായി സൂചന. അഞ്ച് വർഷമായി സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ തുടരുകയാണ് സുരേന്ദ്രൻ. എന്നാൽ തൃശൂരിലെ ലോക്‌സഭ സീറ്റ് ഉൾപ്പടെ നേടി ബിജെപി കേരളത്തിൽ ഏറെ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ ഉടൻ സുരേന്ദ്രനെ മാറ്റാനും കേന്ദ്രനേതൃത്വത്തിന് താൽപര്യമില്ല.

എം.ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ഉയർന്നുകേൾക്കുന്നത്. എന്നാൽ അപ്രതീക്ഷമായി രണ്ട് പേരുകൾ ഉയർന്നുവരുന്നത് മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി. മുരളീധരന്റെയും, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയുമാണ്. മുരളീധരൻ പ്രസിഡന്റായിരുന്ന സമയത്താണ് ബിജെപിക്ക് കേരളത്തിൽ ഏറ്റവും വളർച്ച നേടാൻ കഴിഞ്ഞതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. രാജീവ് ചന്ദ്രശേഖറാകട്ടെ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നതും.

പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയ ഒഴിവിലാണ് കെ. സുരേന്ദ്രൻ കേരളത്തിലെ ബിജെപി അദ്ധ്യക്ഷനാകുന്നത്. 2020 ഫെബ്രുവരി 15ന് ആയിരുന്നു അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. രണ്ട് ടേം അദ്ധ്യക്ഷപദവിയിൽ തുടരുന്ന സുരേന്ദ്രൻ തന്നെ സംസ്ഥാന അദ്ധ്യക്ഷനായി തുടരട്ടെയെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചാൽ പാർട്ടിയിൽ കൂടുതൽ കരുത്തനായി കെ. സുരേന്ദ്രൻ മാറും.

അതേസമയം, സംഘടനാശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ ഉണർവുണ്ടാക്കാനും സംസ്ഥാന നേതാക്കളെയും ജില്ലാഅദ്ധ്യക്ഷ പദവികളിലേക്ക് നിയോഗിക്കുകയാണ് ബി.ജെ.പി. കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബി.ജെ.പി വിഭജിച്ചിരുന്നു. ഇവിടേക്കാണ് മുപ്പത് പ്രസിഡന്റുമാർ എത്തുന്നത്.


Source link

Related Articles

Back to top button