KERALAM

നരഭോജി കടുവയെ തേടി തെരച്ചിൽ ആരംഭിച്ചു, പഞ്ചാരക്കൊല്ലിയിൽ 48 മണിക്കൂർ കർഫ്യൂ തുടങ്ങി

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തുകയും ആർആർ‌ടി സംഘാംഗം ജയസൂര്യയ്‌ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്‌ത കടുവയെ തേടി ദൗത്യസംഘം. രാവിലെ ആറ് മണിമുതൽ തന്നെ കടുവയെ കണ്ടെത്താനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും ഇനിയും നരഭോജി കടുവയെ പിടികൂടാനാകാത്തതിനാൽ കണ്ടെത്തി വെടിവയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരച്ചിൽ.

വനനിയമം പറഞ്ഞ് കടിച്ചുതൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്തുണ്ടാകരുതെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. വിവരം വനംമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിക്കുകയും ചെയ്‌തിരുന്നു. കടുവയെ നരഭോജിയായി ഉത്തരവ് പുറപ്പെടുവിച്ചത് കഴിഞ്ഞദിവസമായിരുന്നു.കടുവയെ വെടിവച്ചുകൊല്ലാൻ കേരള പൊലീസിലെ ഷാർപ്പ്ഷൂട്ടർമാർ വയനാട്ടിൽ എത്തുമെന്ന് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വ്യക്തമാക്കിയിരുന്നു.

പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് നിലവിലുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദ്ദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർത്ഥികൾക്കായി പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.


Source link

Related Articles

Back to top button