ആന്തരികാവയവങ്ങൾ ലാബിലേക്ക് മാറ്റും, നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നാഷണൽ ടൈഗർ അതോറിട്ടി നിയമം അനുസരിച്ച്

വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നാഷണൽ ടൈഗർ അതോറിട്ടിയുടെ നടപടികൾ അനുസരിച്ചായിരിക്കുമെന്ന് വനംവകുപ്പ്. പോസ്റ്റ്മോർട്ടം നടത്തുന്നതിനായി വലിയ സംഘമാണ് കുപ്പാടിയിലെ ആശുപത്രിയിൽ എത്തിച്ചേരുന്നത്. ഇതിനായി നാഷണൽ ടൈഗർ അതോറിട്ടി പ്രതിനിധിയും ആശുപത്രിയിലെ വെറ്ററിനറി ഉദ്യോഗസ്ഥനും സർക്കാർ ഇതര പ്രതിനിധിയും ഉണ്ടായിരിക്കണം. കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിനുശേഷം ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റും. ഈ റിപ്പോർട്ട് കൂടി വന്നതിനുശേഷമേ യഥാർത്ഥ മരണ കാരണം വ്യക്തമാകുകയുളളൂ.
കഴിഞ്ഞ ദിവസം രാത്രിയോടെ കടുവയുണ്ടായിരുന്ന കൃത്യമായ സ്ഥലം കണ്ടെത്തിയിരുന്നുവെന്നാണ് ഡാേക്ടർ അരുൺ സക്കറിയ പറഞ്ഞത്. രാത്രി കടുവയെ മയക്കുവെടി വയ്ക്കുന്നത് പ്രായോഗികമല്ലെന്നും ശേഷം ഇന്ന് പുലർച്ചയോടെ വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴ് വയസുളള പെൺകടുവയെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. കഴുത്തിലെ ആഴത്തിലുളള മുറിവുകൾ മാത്രമാണോ മരണകാരണം എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.അതിനിടയിൽ പഞ്ചാരക്കൊല്ലിയിൽ ഇനിയും കടുവയുണ്ടോയെന്ന സംശയവും വനംവകുപ്പിനുണ്ട്. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾ ഇനിയും ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബത്തേരിയിലും കടുവയുടെ സാന്നിദ്ധ്യം ഉളളതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഈ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ വനം വകുപ്പ് പരിശോധന നടത്തിയിരുന്നു.
Source link