സുപ്രിയയ്ക്കും മകൾക്കും ഞാന്‍ സംവിധാനംചെയ്യുന്നത് ഇഷ്ടമല്ല, ലാൽ സർ അന്നു പറഞ്ഞത് ഒരിക്കലും മറക്കില്ല: പൃഥ്വിരാജ്

മോഹൻലാൽ ഇല്ലായിരുന്നെങ്കിൽ താനൊരു സംവിധായകന്‍ ആകില്ലായിരുന്നുവെന്ന് പൃഥ്വിരാജ് സുകുമാരൻ. ഇവന് സിനിമ എടുക്കാൻ അറിയുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ച സമയത്താണ് ‘ലൂസിഫർ’ എന്ന വലിയ സിനിമയുമായി മോഹൻലാൽ തനിക്കൊപ്പം നിന്നതെന്നും ‘എമ്പുരാൻ’ സിനിമയ്ക്കു വേണ്ടി മോഹൻലാൽ ചെയ്തു തന്ന സഹായങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും പൃഥ്വി പറയുന്നു. കൊച്ചിയിൽ നടന്ന ‘എമ്പുരാൻ’ ടീസർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
‘‘സംവിധായകന്റെ മുകളില്‍ വിശ്വാസം എന്നൊക്കെ പറയുമ്പോള്‍ എനിക്ക് പേടിയാണ്. ഞാനിപ്പോഴും എന്റെ മൂന്നാമത്തെ സിനിമ മാത്രം ചെയ്യുന്ന തുടക്കക്കാരനാണ്. ഞാന്‍ സിനിമ സംവിധാനം പഠിച്ചിട്ടില്ലെന്ന് ആളുകള്‍ പറയും. എന്നാല്‍, ഞാന്‍ ഫിലിം മേക്കിങ് ഒരുപാട് പഠിച്ചിട്ടുണ്ട്. ഇവിടെയിരിക്കുന്ന സംവിധായകരുടെ കൂടെയൊക്കെ ജോലി ചെയ്യുമ്പോള്‍ ഞാന്‍ ഫിലിം മേക്കിങ് പഠിക്കുകയാണ്.
അവരുടെ സെറ്റുകളിലെ ഓരോ ദിവസവും ഓരോ സീനും ഓരോ ഷോട്ടും എനിക്ക് ഒരു ട്യൂഷന്‍ തന്നെയായിരുന്നു. എന്റെ ഓരോ സിനിമകളും കാണുമ്പോള്‍ ആളുകൾ ചോദിക്കും, ആരാണ് പ്രചോദനമെന്ന്. പ്രത്യേകിച്ചും എമ്പുരാന്റെ കഥ നടക്കുന്ന രാജ്യത്തിന്റെ വെളിയിലൊക്കെ ആയതുകൊണ്ട് ഹോളിവുഡ് സിനിമകളാണോ പ്രചോദനമെന്ന് പലർക്കും സംശയമുണ്ടാകും. ഇവിടെ ഇരിക്കുന്ന ജോഷി സാറും ഷാജി സാറും സത്യൻ സാറുമൊക്കെയാണ് എന്റെ പ്രചോദനം.
സുപ്രിയയ്ക്കും മോള്‍ക്കും ഞാന്‍ സിനിമ സംവിധാനം ചെയ്യുന്നത് ഇഷ്ടമല്ല. കാരണം ആ സമയത്ത് വീട്ടിൽ നിന്നും ഒരുപാട് ദിവസം മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. എന്റെ സിനിമ സംവിധാനത്തിന്റെ പ്രോസസ് അങ്ങനെയായതുകൊണ്ട് ഒരുപാട് മാസങ്ങള്‍ കുടുംബത്തെ കാണാതെ മാറിനില്‍ക്കേണ്ടിവരും. അഭിനയം ആണെങ്കില്‍ ഷൂട്ടിങ് ഇല്ലാത്ത ദിവസം വീട്ടില്‍ പോകാം. മോള്‍ എന്നോട് ചോദിക്കും അടുത്തത് അഭിനയമാണോ സംവിധാനം ആണോ എന്ന്. സംവിധാനം ആണെങ്കില്‍ ‘അയ്യോ വീണ്ടും പോയി’ എന്നാവും പറയുക.
വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ കുറച്ച് വട്ടുള്ള ആള്‍ക്കാരാണെന്ന് തോന്നും. എന്റത്ര വട്ടുള്ള ആളുകള്‍ ആരുമില്ലെന്ന് ഞാന്‍ കുറച്ച് ആത്മവിശ്വാസത്തോടെ പറയുമായിരുന്നു. ശരിക്കും എന്നേക്കാള്‍ വട്ടുള്ള ഒരാളുണ്ട്, ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ ആശയം പറയുന്നതുമുതല്‍ ഇത് ഏറ്റവും കൂടുതല്‍ മനസിലാവുന്ന ആള്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. ദുബായിലെ ആശിര്‍വാദിന്റെ ഓഫിസില്‍ വച്ചാണ് ആന്റണിയേയും ലാലേട്ടനേയും ആദ്യമായി എമ്പുരാൻ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുന്നത്. ആന്റണീ, ആ കുട്ടി അഞ്ചാറ് ഹെലികോപ്റ്റര്‍ ഒക്കെ പറയുന്നുണ്ട് എന്നായിരുന്നു ലാലേട്ടന്റെ പ്രതികരണം. അന്നത്തെ നരേഷനിൽ മൂപ്പർക്ക് മനസ്സിലായതാണ് ഈ സിനിമ. അണ്ണാ ഇതെങ്ങോട്ടാണ് ഈ പോക്ക് എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുമെങ്കിലും എന്റെ സിനിമ മനസിലാക്കി കൂടെ നില്‍ക്കുന്ന നിര്‍മാതാവ് ഉണ്ടെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. എന്നെ സഹിച്ചതിന് നന്ദി. ഈ പടം കഴിഞ്ഞിട്ട് അടുത്തൊരു വലിയ സിനിമ ചെയ്യണം.
മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ ഒരുസംവിധായകന്‍ പോലുമാകുമോയെന്ന് ഉറപ്പില്ല. ലൂസിഫർ ചെയ്യുമ്പോൾ ആർക്കും ഒരു ഗ്യാരണ്ടിയുമില്ലായിരുന്നു. എനിക്ക് സിനിമ എടുക്കാനറിയുമോ എന്നുപോലും അറിയില്ല. അങ്ങനെ എന്നോടൊപ്പം എന്റെ ഡ്രൈവിങ് ഫോഴ്സ് ആയി ഒപ്പം നിന്ന ആളാണ് ലാൽ സർ.
മറ്റേത് സിനിമകളേക്കാളും കാലാവസ്ഥ മൂലം ഒരുപാട് പ്രതിസന്ധികൾ എമ്പുരാന് നേരിടേണ്ടി വന്നു. അങ്ങനെ വരുമ്പോൾ പൈസ ഒരുപാട് ചെലവാകും.എക്സ്ട്രീം ബിസിയായ സമയത്താണ് ലാൽ സാറിനെ ഗുജറാത്ത് ഷെഡ്യൂളിൽ കൊണ്ടുവന്നത്. അതിന്റെയൊരു ക്ലൈമാക്സ് ഭാഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടത്. പക്ഷേ മഴ കാരണം ആഴ്ചകളോളം ഷൂട്ടിങ് ഇല്ലാതെ ലാൽ സർ അവിടെ ഇരുന്നിട്ടുണ്ട്. ഇന്ന് ഷൂട്ടിങില്ലെന്നു പറയാൻ ലാൽ സാറിന്റെ അടുത്ത് ചെല്ലും. അങ്ങനെ അഞ്ചാറ് ദിവസം കഴിഞ്ഞപ്പോഴും എനിക്കു തന്നെ വിഷമം തോന്നി. ‘മോനേ അത് കുഴപ്പമില്ല, നന്നായി എടുത്താൽ മതിയെന്നായിരുന്നു’ ലാൽ സാറിന്റെ പ്രതികരണം. അതൊന്നും ഒരിക്കലും മറക്കില്ല. ഞാനൊരു ആക്സിഡെന്റല്‍ ഡയറക്ടർ ആണ്. ഒരുപക്ഷേ ലാലേട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാനൊരു സംവിധായകനും ആകില്ലായിരുന്നു.
ലൂസിഫറിന് പ്രേക്ഷകര്‍ തന്ന വിജയമാണ് എമ്പുരാന്‍ ഉണ്ടാവാനുള്ള ഏറ്റവും വലിയ കാരണം. ലോകത്തിലെ ഏറ്റവും ബസ്റ്റ് ടീം എന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ സിനിമയില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച സംഘം ലോകത്തിലെ ഏത് ഇന്‍ഡസ്ട്രിയിലെ എത്ര വലിയ സിനിമ വേണമെങ്കിലും കൈകാര്യം ചെയ്യാന്‍ പറ്റിയ ടീമാണ്.
ലൂസിഫർ സംവിധാനം ചെയ്യാൻ വേണ്ടി മുരളി ഗോപിയെ കണ്ട ആളല്ല ഞാൻ, മറ്റൊരു സിനിമയില്‍ ഞങ്ങൾ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ലൂസിഫറിന്റെ കഥ ഞങ്ങൾക്കിടയിൽ വരുന്നത്. ലൂസിഫറിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത് തുടങ്ങുമ്പോൾ തന്നെ ഇതൊരു ഒറ്റ സിനിമയിൽ പറഞ്ഞു തീർക്കാൻ പറ്റുന്ന കഥയല്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അന്നു ശരിക്കും ഒരു സിനിമയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒന്നും അത്ര കോമൺ അല്ല. നമ്മളൊരു സിനിമയുടെ രണ്ടാം ഭാഗം, മൂന്നാം ഭാഗം എന്നൊക്കെ പറഞ്ഞാൽ ആൾക്കാര്‍ കുറച്ചെങ്കിലും ഒന്ന് നെറ്റി ചുളിക്കുന്ന ഒരു കാലമായിരുന്നു.
ഒന്നാം ഭാഗം ചെയ്യുന്ന സമയത്ത് രണ്ടാം ഭാഗത്തെ ഇപ്പോൾ ഒന്നും പറയരുതെന്ന് തീരുമാനിച്ചിരുന്നു. ഒന്നാം ഭാഗത്തിന് കിട്ടുന്ന പ്രതികരണങ്ങൾ കണ്ടിട്ട് മാത്രമേ രണ്ടാം ഭാഗത്തെപ്പറ്റി ചിന്തിക്കാൻ കഴിയൂ. എമ്പുരാൻ ഉണ്ടായതിൽ ഒരു വലിയ നന്ദി പറയേണ്ടത് പ്രേക്ഷകരോടാണ്. കാരണം അവർ ലൂസിഫറിനു തന്ന ആ മഹാവിജയമാണ് എമ്പുരാൻ എന്ന സിനിമ ഉണ്ടാകാനുള്ള ഏറ്റവും വലിയ കാരണം. അല്ലെങ്കിൽ എമ്പുരാൻ സംഭവിക്കില്ലായിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തെപ്പറ്റിയും ഞാൻ ഇക്കാര്യം തന്നെയാണ് പറയുന്നത്. എമ്പുരാൻ എന്ന സിനിമയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്വീകരണം കണ്ടിട്ട് മാത്രമേ മൂന്നാം ഭാഗം പ്രഖ്യാപിക്കാൻ കഴിയൂ. ഈ പാർട്ട് ടു ഒരു വലിയ വിജയം ആവട്ടെ.
മൂന്നാം ഭാഗം ഇതുപോലെയല്ല കുറച്ചു വലിയ പടമാണ്. എമ്പുരാന് ഒരു വലിയ മഹാവിജയം പ്രേക്ഷകർ സമ്മാനിച്ചാലാണ് മൂന്നാം സംഭവിക്കുക. ശരിക്കും പറഞ്ഞാൽ മൂന്നാം ഭാഗം ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ കഥ തീരണ്ടേ. ഇപ്പോൾ ലൂസിഫർ നമ്മൾ കൊണ്ടു തീർത്തത് വേണമെങ്കിൽ രണ്ടാം ഭാഗം ഇല്ലാതിരിക്കാം എന്നൊരു രീതിയിൽ ആണല്ലോ. പക്ഷേ എനിക്ക് ഒരു കാര്യം പറയാൻ പറ്റുന്നത് എമ്പുരാൻ തീരുമ്പോൾ മൂന്നാം ഭാഗം ഇല്ലെങ്കിൽ കഥ മുഴുവൻ ആകില്ല എന്ന വ്യക്തമായ ഒരു പോയിന്റിലാണ്. അപ്പോൾ മൂന്നാം ഭാഗം ഉണ്ടായേ മതിയാകൂ എന്ന് എനിക്ക് പറയേണ്ടി വരും. കാരണം ഈ സിനിമ തീരുന്ന ഒരു പോയിന്റിൽ അയ്യോ ഇതിന്റെ കഥ ബാക്കി ഇനി അറിയണമല്ലോ എന്ന് പ്രേക്ഷകന് തോന്നും. മൂന്നാം ഭാഗം ചെയ്യാൻ ചെയ്യാൻ പറ്റട്ടെ അതിന് പ്രേക്ഷകർ നമുക്കൊപ്പം നിൽക്കട്ടെ നിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’’–പൃഥ്വിരാജിന്റെ വാക്കുകള്‍.
Source link