ആദ്യ സിനിമ, 1 മണിക്കൂർ വിഎഫ്എക്സ്: റൈഫിൾ ക്ലബിലെ വെടിവയ്പ്പുകൾക്ക് പിന്നിൽ

ആദ്യ സിനിമ, 1 മണിക്കൂർ വിഎഫ്എക്സ്: റൈഫിൾ ക്ലബിലെ വെടിവയ്പ്പുകൾക്ക് പിന്നിൽ | Malayalam Movie Latest News | Tamil Movie Latest News | Gossip News | OTT Release | Best Web Series | Tollywood News | മലയാള സിനിമ വാർത്തകൾ | തമിഴ് സിനിമ വാർത്തകൾ | ഒടിടി വാർത്തകൾ | ഒടിടി റിലീസ്
ആദ്യ സിനിമ, 1 മണിക്കൂർ വിഎഫ്എക്സ്: റൈഫിൾ ക്ലബിലെ വെടിവയ്പ്പുകൾക്ക് പിന്നിൽ
ഹരിത ശാലിനി ഹരിലാൽ
Published: January 27 , 2025 08:19 AM IST
1 minute Read
പുതുമയും പൂർണതയും കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ആഷിഖ് അബു ചിത്രം റൈഫിൾ ക്ലബ്. 1980–കളിലെ കഥ പറഞ്ഞ ചിത്രത്തിൽ വി.എഫ്.എക്സ് നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത്. കാടും മൃഗങ്ങളും റൈഫിൾ ക്ലബും വെടിവയ്പ്പും ഉൾപ്പെടെയുളള കാഴ്ചകൾ പ്രേക്ഷകർക്കു നവ്യാനുഭവം പകർന്നു. 45 മിനിറ്റോളം നീളുന്ന വി.എഫ്.എക്സ് രംഗങ്ങൾ സിനിമയിൽ ഒരുക്കിയത് നവാഗതനായ അനീഷ് കുട്ടിയാണ്. മുളുനീള വി.എഫ്.എക്സ് ചെയ്ത ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായതിന്റെ സന്തോഷം മനോരമ ഓൺലൈനിനൊപ്പം പങ്കിടുകയാണ് അനീഷ്.
റാണി പത്മിനി വഴി റൈഫിൾ ക്ലബിലേക്ക്
ആഷിഖ് അബു സംവിധാനം ചെയ്ത ‘റാണി പത്മിനി’ എന്ന സിനിമയിൽ ചെറിയ ഒരു സീക്വൻസിനായി വിഎഫ്എക്സ് ചെയ്തിരുന്നു. ആ പരിചയമാണ് വിഎഫ്എക്സിന് വലിയ പ്രാധാന്യമുളള റൈഫിൾ ക്ലബിലേക്ക് എത്തിച്ചത്. സിനിമയിലേക്ക് വിളിച്ചപ്പോൾ വലിയ ആവേശമാണ് തോന്നിയത്. ആഷിഖ് അബു അർപ്പിച്ച വിശ്വാസമാണ് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിച്ചത്. ഓരോ സീനും എങ്ങനെയായിരിക്കും എന്നതിനെ കുറിച്ച് എല്ലാവർക്കും വ്യക്തമായ ധാരണയുണ്ടായിരുന്നതും പ്രയോജനകരമായി.
വിഎഫ്എക്സിനെ മികച്ചതാക്കിയത് കഥ പറച്ചിൽ
സിനിമയുടെ കഥപറച്ചിൽ രീതി മോശമായിരുന്നെങ്കിൽ വിഎഫ്എക്സ് വിജയിക്കില്ലായിരുന്നു. കഥയുടെ ഒഴുക്കിൽ ആരും വിഎഫ്എക്സ് ശ്രദ്ധിച്ചില്ല. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് രാത്രിയാണെന്നത് വിഎഫ്എക്സ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കി. സ്ക്രീനിൽ കാണുന്നതൊക്കെ യഥാർഥ്യമാണോ എന്ന് രണ്ടാമതൊന്നു ചിന്തിക്കാനുളള അവസരം പ്രേക്ഷകർക്കു ലഭിക്കാതിരുന്നതും ഗുണകരമായി. പരിചയസമ്പന്നരായ സഹപ്രവർത്തകരും ജോലി എളുപ്പമാക്കി. കഥയ്ക്ക് അനുയോജ്യമായ രീതിയിൽ ആവശ്യത്തിന് മാത്രം വിഎഫ്എക്സ് ഉപയോഗിച്ചതും ദൃശ്യാനുഭവം മികച്ചതാക്കാൻ സഹായിച്ചു.
നായയും കുരങ്ങും വരെ മായം
കടുവയും പന്നിയും മാത്രമല്ല, നായയും കുരങ്ങനും വരെ വിഎഫ്എക്സ് ആയിരുന്നു. കേരളത്തിൽ ഷൂട്ട് ചെയ്യാൻ പറ്റാതിരുന്നതിനെ തുടർന്ന് ആന്ധ്രാപ്രദേശിലേക്ക് ലൊക്കേഷൻ മാറ്റേണ്ടി വന്നു. ഫ്ലൈറ്റിൽ പോകാൻ തീരുമാനിച്ചപ്പോൾ നായയെ കൊണ്ടുപോകാൻ കഴിയാതെ വരികയും തുടർന്ന് സി.ജി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കാട്ടിൽ വച്ച് കാണുന്ന നായയുടെയും കുരങ്ങിന്റെയും എല്ലാ രംഗങ്ങളും വിഎഫ്എക്സാണ്. അത് അധികമാർക്കും മനസ്സിലായില്ല എന്നതാണു വസ്തുത.
യഥാർഥ വിഡിയോകൾ പാഠം
സിനിമയിൽ വർക്ക് ചെയ്യുന്നതിനു മുമ്പായി റെഫർ ചെയ്തത് യഥാർഥ വിഡിയോകളാണ്. ഓരോ മൃഗത്തിന്റെയും ചലനവും നീക്കങ്ങളും യഥാർഥ വിഡിയോ നോക്കി മനസ്സിലാക്കി. എങ്ങനെയാണ് നായയും കടുവയും തമ്മിൽ പോരാടുന്നതെന്ന് വിഡിയോ കണ്ടു മനസ്സിലാക്കി. അതിൽ നിന്നും സിനിമയ്ക്ക് അനുയോജ്യമായ നീക്കങ്ങൾ ആലോചിച്ചു കണ്ടെത്തി സിനിമാറ്റിക് സ്റ്റൈൽ കൂടി ചേർത്ത് ചിത്രീകരിച്ചു. ‘എ’ സർട്ടിഫിക്കേഷൻ ലഭിക്കാതിരിക്കാൻ രക്തം ചിന്തുന്നതും മറ്റും പേടിപ്പെടുത്തും വിധമല്ലാതെയാണ് കാണിച്ചിരിക്കുന്നത്. അവസാന ഷോട്ടിൽ ഹോളിക്ക് നിറം ഉപയോഗിക്കുന്നത് പോലെയാണ് രക്തം ഉപയോഗിച്ചിരിക്കുന്നത്.
ഇനിയുമുണ്ട്, കുറേയേറെ
മലയാള സിനിമയിൽ സി.ജി, വി.എഫ്.എകിസ് തുടങ്ങിയ മേഖലകളിൽ വലിയ പരീക്ഷണങ്ങൾ നടക്കുന്നില്ല. സൂപ്പർമാനും അവഞ്ചേഴ്സിനും പിറകിൽ വരെ മലയാളികളുണ്ട്. പക്ഷേ അവർക്ക് പ്രവർത്തിക്കാൻ മലയാള സിനിമയിൽ അവസരങ്ങളില്ല. തിയറ്ററിൽ ത്രസിപ്പിക്കുന്ന സിനിമകാണാൻ അനിമെ കണ്ട് വളരുന്ന യുവ തലമുറയ്ക്ക് താൽപ്പര്യമുണ്ട്. അവർക്ക് വേണ്ടി മലയാള സിനിമയിൽ ഞങ്ങൾക്കും ചിലത് ചെയ്യാൻ കഴിയും.
English Summary:
Interview of VFX Artist Aneesh Kutty
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-aashiqabu f3uk329jlig71d4nk9o6qq7b4-list 6eu4teb9ki3mgik7na5p33v889
Source link