ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിസ്റ്റായി, കരമന ജയൻ, പ്രകാശ് ബാബു, നിവേദിത ജില്ലാ പ്രസിഡന്റുമാർ

# 30 പ്രസിഡന്റുമാരിൽ സംസ്ഥാന നേതാക്കളും
#ഔദ്യോഗിക പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംഘടനാശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ ഉണർവുണ്ടാക്കാനും സംസ്ഥാന നേതാക്കളെയും ജില്ലാഅദ്ധ്യക്ഷ പദവികളിലേക്ക് ബി.ജെ.പി നിയോഗിക്കുന്നു. കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബി.ജെ.പി വിഭജിച്ചിരുന്നു. മുപ്പത് പ്രസിഡന്റുമാരെ
നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേന്ദ്രം അംഗീകരിച്ച പട്ടികയനുസരിച്ച് ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും സീനിയർ നേതാവുമായ കരമന ജയൻ തിരുവനന്തപുരം സെൻട്രൽ ജില്ലാ പ്രസിഡന്റാകും.
സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു കോഴിക്കോട് ടൗണിലും സംസ്ഥാന വക്താവായ സന്ദീപ് വാചസ്പതി ആലപ്പുഴയിലും പ്രസിഡന്റാവും. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ കോഴിക്കോട് നോർത്തിലാണ് പ്രസിഡന്റാവുന്നത്.
മഹിള മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ തൃശ്ശൂർ വെസ്റ്റിലും മഹിളാമോർച്ച ദേശീയ സമിതിയംഗം എം.എൽ.അശ്വിനി കാസർകോട്ടും അദ്ധ്യക്ഷമാരാകും.കൊല്ലം ഇൗസ്റ്റിൽ രാജി പ്രസാദും മലപ്പുറത്ത് ദീപ പുഴയ്ക്കലും പ്രസിഡന്റുമാരാകുന്നതോടെ മൊത്തം നാലു വനിതകൾ ഈ പദവികളിലെത്തും.
പത്തനംതിട്ടയിൽ വി. എ സൂരജ് തുടരും. കോഴിക്കോട് റൂറലിൽ ദേവദാസും ആലപ്പുഴ നോർത്തിൽ അഡ്വ. ബിനോയിയും അദ്ധ്യക്ഷനാകും.
എസ്.സി.വിഭാഗത്തിൽ നിന്നു രണ്ടുപേരുണ്ട്.തൃശ്ശൂരിൽ ജസ്റ്റിൻ ഉൾപ്പെടെ മൂന്ന് പേർ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ്.
ശേഷിക്കുന്ന ജില്ലകളിൽ ജില്ലാ നേതാക്കൾതന്നെ അദ്ധ്യക്ഷൻമാരാവും.
സാധ്യതാപട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.ഇതിൽ നിന്ന് ഓരോരുത്തരെ നിശ്ചയിച്ച് ഇന്നലെ കേന്ദ്ര നേതൃത്വം പട്ടിക തിരിച്ചുനൽകി. ഇന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ച് നടപടികൾ പൂർത്തിയാക്കിയാണ് നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. നാരായണൻ നമ്പൂതിരിയാണ് വരണാധികാരി.
അഞ്ചു ജില്ലകളിൽ മൂന്നു
പ്രസിഡന്റുമാർ വീതം
പത്തനംതിട്ട,വയനാട്,കാസർകോട് ഒഴിച്ചുള്ള ജില്ലകളെയാണ് വിഭജിച്ചത്.തിരുവനന്തപുരം, എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട് എന്നിവ മൂന്ന് സംഘടനാ ജില്ലകളായി. ബാക്കിയുള്ള ഓരോ ജില്ലയിലും രണ്ട് സംഘടനാ ജില്ലകളുണ്ട്.
Source link