പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവ ആക്രമണം; ദൗത്യ സംഘത്തിലെ ഒരു അംഗത്തിന് പരിക്കേറ്റു

വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ പിടികൂടാൻ ശ്രമിച്ച ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. താറാട്ട് ഭാഗത്ത് തിരച്ചിലിനിറങ്ങിയ മാനന്തവാടി ആർആർടി അംഗം ജയസൂര്യയ്ക്കാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഉൾക്കാട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. താറാട്ട് ഭാഗത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്.
മക്കിമല സ്വദേശിയാണ് ജയസൂര്യ. ഇയാളുടെ കൈയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുളള ശ്രമവും പുരോഗമിക്കുന്നുണ്ട്. ജയസൂര്യയെ കടുവ ആക്രമിച്ചപ്പോൾ ആർആർടി സംഘത്തിലെ ബാക്കിയുളളവർ കടുവയെ വെടിവച്ചെന്നും സൂചനയുണ്ട്. ഇന്ന് പുലർച്ചയോടെ എട്ട് പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. കടുവയാണ് ആർആർടി അംഗത്തെ ആക്രമിച്ചതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനും സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാർക്ക് കൂടുതൽ ജാഗ്രതാ നിർദ്ദേശങ്ങൾ വനം വകുപ്പ് നൽകിയിട്ടുണ്ട്.
Source link