KERALAM

വിജയൻ കുട്ടിയുടെ വീട്ടി​ൽ അഭിമാനക്കണ്ണീർ

കൊല്ലം: മരണാനന്തര ബഹുമതിയായി ജി.വിജയൻ കുട്ടിക്ക് ശൗര്യചക്ര പ്രഖ്യാപിച്ചത് അറിഞ്ഞപ്പോൾ തോരാ കണ്ണീരിനിടയിലും ഭാര്യ നിഷ വിജയനും മക്കളായ രമ്യയ്ക്കും ഭവ്യയ്ക്കും അഭിമാനം. ഗ്രഫ് ജീവനക്കാരനായിരുന്ന ശാസ്താംകോട്ടയ്ക്കടുത്ത് കുന്നത്തൂർ മാനാമ്പുഴ ഗായത്രിയിൽ ജി.വിജയൻകുട്ടി (49) കഴിഞ്ഞ ജൂൺ 15നാണ് വീരമൃത്യു വരിച്ചത്. കാശ്മീരിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിക്കുകയായിരുന്നു. റിയാസി അർനാസ് മാഹോർ റോഡിലെ ഖർഡ് പാലത്തിൽ വച്ച് വിജയൻകുട്ടി ഓടിച്ചിരുന്ന ബുൾഡോസർ 3000 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

28 വർഷം മുൻപാണ് വിജയൻകുട്ടി ജോലിയിൽ പ്രവേശിച്ചത്. അപകടത്തിൽ മരിക്കുന്നതിന് രണ്ട് മാസം മുൻപ് വീടിനടുത്തുള്ള തൃക്കണ്ണാപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് നാട്ടിൽ എത്തിയിരുന്നു. അവധി കഴിഞ്ഞ് മടങ്ങുന്നതിന് മുൻപ് ഭാര്യയോടും മക്കളോടും സ്വയം വിരമിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ,​ അതിന് അപേക്ഷ നൽകാനുള്ള സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതിനിടെയാണ് അപകടമുണ്ടായത്.


Source link

Related Articles

Back to top button