‘എന്റെ കാര്‍ ഓടിക്കാന്‍ ധാരാളം പേര്‍ വന്നു, പക്ഷേ അവരാരും ആന്റണി പെരുമ്പാവൂര്‍ ആയില്ല’: ആശീർവാദ് സിനിമാസിന് 25 വയസ്സ്

എവിടെ തുടങ്ങിയാലും ആത്മാർഥമായി ശ്രമിച്ചാല്‍ എവിടെയും എത്താം എന്നതിന്റെ എക്കാലത്തെയും മികച്ച മാതൃകയാണ് ആന്റണി പെരുമ്പാവുര്‍. ശാസ്ത്രീയമായ അടിത്തറയില്ലാത്ത കേവലം വിശ്വാസങ്ങളെന്ന് പറഞ്ഞ് ചിലര്‍ പരിഹസിച്ചേക്കാം. എങ്കിലും പറയാതെ വയ്യ. ചില നല്ല നേരത്ത് തുടങ്ങുന്ന ദൗത്യങ്ങള്‍ വിചാരിക്കാത്ത തലങ്ങളിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ട് പോകുമെന്ന് പറയുന്നത് എത്ര ശരിയാണ്. കുറഞ്ഞപക്ഷം ആന്റണി പെരുമ്പാവൂരിന്റെ കാര്യത്തിലെങ്കിലും. ദൈവം കണ്ണ് തുറന്ന ഏതോ വിശുദ്ധനിമിഷത്തിലാകാം ആന്റണി ആദ്യമായി മോഹന്‍ലാലിനെ കണ്ടുമുട്ടുന്നത്. അവിടെ നിന്നിങ്ങോട്ട് ആന്റണിയുടെ തലവര മാറി. ഒപ്പം മലയാള സിനിമയുടെയും.
ജീവിതം അടിമുടി മാറുന്നു
വർഷം 1988. തിയറ്ററിന്റെ മുന്‍നിരയിലിരുന്ന് മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് കയ്യടിച്ച പെരുമ്പാവുര്‍ക്കാരന് അവിചാരിതമായി ഒരു ദിവസം തന്റെ ആരാധ്യപുരുഷനെ നേരിട്ടല്‍ കാണാനും അടുത്തിടപഴകാനും അവസരമൊരുങ്ങി. പെരുമ്പാവൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ ഓട്ടം കാത്തുകിടക്കുന്ന ഇടവേളയില്‍ പട്ടണപ്രവേശം എന്ന പടത്തിന്റെ സെറ്റില്‍ ഒരു ഡ്രൈവര്‍ക്ക് പകരക്കാരനായി ഓടാന്‍ അവസരം ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് ആന്റണിയുടെ കിളി പോയി. ഓടേണ്ടത് സാക്ഷാല്‍ മോഹന്‍ലാലിന് വേണ്ടിയാണെന്ന് അറിഞ്ഞപ്പോള്‍ രണ്ടാമത്തെ കിളിയും കൂടൊഴിഞ്ഞു. പിന്നെ മുന്നും പിന്നും നോക്കാതെ ഒരു ഓട്ടമായിരുന്നു.
ഏതാനം ദിവസങ്ങള്‍ മാത്രം നീണ്ടു നിന്ന ഒരു ബന്ധം. തന്റെ ആരാധ്യപുരുഷനായ ലാല്‍ സാറിനെ കുറച്ച് ദിവസങ്ങള്‍ അടുത്തു നിന്ന് കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ആന്റണി. ജോലി തീര്‍ത്ത് മടങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു.
‘ഇനി എവിടെയെങ്കിലും വച്ച് കണ്ടാല്‍ സര്‍ എന്നെ തിരിച്ചറിയുമോ ?’
‘അതെന്ത് ചോദ്യമാണ് ആന്റണി’ എന്ന് ലാല്‍ സ്‌റ്റൈലില്‍ പറഞ്ഞ് മോഹന്‍ലാല്‍ ചിരിച്ചു. ആ ചിരി ആന്റണിയുടെ മനസില്‍ നിന്ന് ഒഴിഞ്ഞുപോയില്ല. അതേ വര്‍ഷം തന്നെ കൊച്ചിയില്‍ മൂന്നാംമുറയുടെ ഷൂട്ടിങ് നടക്കുന്നതറിഞ്ഞ് ആന്റണി സുഹൃത്തുക്കളുമായി കാണാന്‍ പോയി. ദൂരെ മാറി നിന്ന ആന്റണിയെ ലാല്‍ കൈകാട്ടി വിളിച്ചപ്പോള്‍ മറ്റാരെയോ ആണ് വിളിക്കുന്നതെന്ന ധാരണയില്‍ ആന്റണി ചുറ്റിലും നോക്കി. അത് തന്നെയാണെന്ന് മനസിലായപ്പോള്‍ ഉത്സാഹപൂര്‍വം ഓടി അടുത്തുചെന്നു. ആന്റണി എന്താണ് ഇവിടെയെന്ന് ലാല്‍ ചോദിച്ചപ്പോള്‍ ആ ഓർമശക്തിയും കരുതലും ആന്റണിയുടെ മനസില്‍ കൊണ്ടു. അന്ന് ലാല്‍ ചോദിച്ചു.
‘കുറച്ച് ദിവസം എന്റെ വണ്ടി ഓടിക്കാമോ?’
ആന്റണിക്ക് അതില്‍പ്പരം സന്തോഷം മറ്റൊന്നില്ലായിരുന്നു. ഷൂട്ടിങ് അവസാനിക്കും വരെ ആന്റണി ലാലിനൊപ്പം നിന്നു. പായ്ക്കപ്പിന്റെ അന്ന് ലാല്‍ ചോദിച്ചു.
‘ആന്റണി പോരുന്നോ എന്റെ കൂടെ?’
ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്ന് ആരോ ക്ഷണിക്കും പോലെയാണ് ആന്റണിക്ക് തോന്നിയത്. രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
‘ഞാന്‍ വരാം സര്‍’ എന്ന് മാത്രം പറഞ്ഞു.
ആന്റണി അന്ന് വാഹനം ഓടിച്ചുകൊണ്ടു പോയത് ലാലിന്റെ മനസ്സിലേക്കായിരുന്നു. ഭാര്യ സുചിത്രയും ആന്റണിയും ഏതാണ്ട് ഒരേ കാലത്താണ് തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് ലാല്‍ പറയുമായിരുന്നു. രണ്ടും ഭാഗ്യജാതകമുളളവര്‍. അവര്‍ വന്നു കയറിയ ശേഷം ലാല്‍ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് മാത്രമല്ല മലയാളത്തില്‍ മറ്റൊരു നടനും സ്വപ്നം കാണാനാവാത്ത നേട്ടങ്ങളുടെ പറുദീസയിലെത്തി മോഹന്‍ലാല്‍ എന്ന താരം.
സന്തതസഹചാരിയില്‍ നിന്ന് നടനിലേക്ക്…
പിന്നീട് മോഹൻലാല്‍ അഭിനയിച്ച പല സിനിമകളിലും വളരെ ചെറിയ വേഷങ്ങളില്‍ ആന്റണിയും അഭിനയിച്ചു. കിലുക്കത്തില്‍ ആന്റണി എന്ന പേരില്‍ തന്നെയാണ് അഭിനയിച്ചത്.‘സാറിനെ ആ ഹോട്ടലുകാര്‍ അന്വേഷിക്കുന്നു’ എന്ന് ഒരു ചെറുപ്പക്കാരന്‍, ലാലിന്റെ കഥാപാത്രം താമസിക്കുന്ന വീട്ടില്‍ വന്ന് പറയുന്നു. അത്രേയുളളു. ആ പടം ഒരു ചരിത്രവിജയമായി. തുടര്‍ന്ന് അങ്കിള്‍ബണ്‍ എന്ന സിനിമയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായി അഭിനയിച്ചു. അയിത്തം, കമലദളം, പിന്‍ഗാമി, ഗാന്ധര്‍വ്വം, തേന്‍മാവില്‍ കൊമ്പത്ത്, കാലാപാനി, വര്‍ണ്ണപ്പകിട്ട്, ചന്ദ്രലേഖ, ഹരികൃഷ്ണന്‍സ്, ഇരുവര്‍, അയാള്‍ കഥയെഴുതുകയാണ്, ഒപ്പം, ദൃശ്യം, പുലിമുരുകന്‍, ഒടിയന്‍, ലൂസിഫര്‍, ബ്രോ ഡാഡി, നേര്…എന്നിങ്ങനെ നിരവധി സിനിമകളില്‍ ആന്റണി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഇതില്‍ ഏറിയപങ്കും വന്‍ഹിറ്റുകളായിരുന്നു. ലാലിന്റെ ജനപ്രീതിക്കും താരമൂല്യത്തിനും അഭിനയശേഷിക്കുമൊപ്പം ആന്റണിയുടെ സാന്നിധ്യവും സിനിമയുടെ വിജയഘടകങ്ങളിലൊന്നായി കരുതപ്പെട്ടു. അതൊരു സത്യമോ മിഥ്യയോ എന്ന് ഉറപ്പിക്കാനാവില്ലെങ്കിലും അതൊരു വിശ്വാസമായിരുന്നു.
നടന്‍ ജനാര്‍ദ്ദനന്റെ മുഖത്ത് ആദ്യഷോട്ടെടുത്താല്‍ സിനിമ വന്‍ഹിറ്റാകുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ജൂലൈ 4ന് റിലീസ് ചെയ്യപ്പെടുന്ന സിനിമകള്‍ തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് ദിലീപും ചിങ്ങം ഒന്നിന് പൂജ നടക്കുന്ന തങ്ങളുടെ സിനിമകള്‍ മെഗാഹിറ്റുകളാകുമെന്ന് സിദ്ദിഖ് ലാലും വിശ്വസിച്ചിരുന്ന കാലം. മോഹന്‍ലാലിന്റെ കരിയര്‍ മാറ്റി മറിച്ച മൂന്ന് സിനിമകള്‍-ദൃശ്യവും പുലിമുരുകനും ലൂസിഫറും- അദ്ദേഹത്തെ പാന്‍ ഇന്ത്യന്‍ താരമാക്കി എന്ന് മാത്രമല്ല ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയനാക്കി. 200 കോടി ക്ലബ്ബിലേക്ക് ഒരു മലയാളപടം എത്തുക എന്ന ചരിത്രദൗത്യത്തിനും നിമിത്തമായി. ഈ പ്രൊജക്ടുകളെല്ലാം ആന്റണിയുടെ തീരുമാനങ്ങള്‍ കൂടിയായിരുന്നു. കഥയും തിരക്കഥയും നിശ്ചയിക്കുന്നതടക്കമുളള കാര്യങ്ങളില്‍ അദ്ദേഹം നിര്‍ണ്ണായക സ്വാധീനം ചെലുത്തി. അതോടെ ആന്റണിയുടെ ബോധ്യങ്ങള്‍ കഴമ്പുളളതാണെന്ന് മോഹന്‍ലാല്‍ ഉറച്ച് വിശ്വസിച്ച് തുടങ്ങി. പിന്നീട് ഏത് തീരുമാനത്തിലും ആന്റണിയുടെ വാക്കുകള്‍ വിലപ്പെട്ടതായി.
ഡ്രൈവറില്‍ നിന്ന് മാനേജരിലേക്ക്
പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങുന്നതില്‍ അല്‍പ്പം മിടുക്ക് കുറഞ്ഞയാളായിരുന്നു പണ്ട് മോഹന്‍ലാല്‍. ആളുകളോട് നോ പറയാന്‍ വിമുഖതയുളള പ്രകൃതം. മാര്‍ക്കറ്റില്‍ ജ്വലിച്ചു നില്‍ക്കുന്ന നടന്‍ സ്ഥിരമായി വാങ്ങുന്നതിലും വളരെ കുറച്ച് പണം തന്ന് പരിചയത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ ചൂഷണം ചെയ്യുന്നവര്‍ ഒരു വശത്ത് . മറുവശത്ത് നിശ്ചയിച്ച പ്രതിഫലം തീര്‍ത്ത് നല്‍കാതെ കയ്യൊഴിയുന്നവര്‍. വണ്ടിച്ചെക്ക് നല്‍കി കബളിപ്പിക്കുന്നവര്‍. ആ വകയില്‍ കോടികളുടെ നഷ്ടം സംഭവിച്ചയാളാണ് ലാല്‍. അന്ന് ഇന്നത്തെ പോലെ മലയാള നടീനടന്‍മാര്‍ക്ക് മാനേജേഴ്‌സ് ഒന്നുമുണ്ടായിരുന്നില്ല.
ആന്റണി ആദ്യം ഡ്രൈവറും പിന്നീട് മാനേജരുമായി മാറിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. നയാപൈസയ്ക്ക് ലാലിനെ പറ്റിക്കാന്‍ ആര്‍ക്കും കഴിയാതെയായി. ഒരു വിട്ടുവീഴ്ചയുമില്ലാതെ കണക്ക് പറഞ്ഞ് പണം വാങ്ങാനുളള ആര്‍ജ്ജവം ആന്റണിക്കുണ്ടായിരുന്നു. അത് ലാല്‍ സാര്‍ എന്ന വടവൃക്ഷം കനിഞ്ഞ് നല്‍കിയ അനുമതിയുടെ പിന്‍ബലത്തിലായിരുന്നു. ആന്റണി വന്നതോടെ ഞാനും എന്നിലേക്ക് വന്നതോടെ ആന്റണിയും രക്ഷപ്പെട്ടു എന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ തന്നെ പറഞ്ഞു.
താന്‍ ബിസിനസിന് പറ്റിയ ആളല്ലെന്നും അത്തരം കാര്യങ്ങള്‍ മാനേജ് ചെയ്യാനുളള വൈഭവം തനിക്കില്ലെന്നും മോഹന്‍ലാല്‍ പലപ്പോഴും തുറന്ന് പറഞ്ഞു. എന്നാല്‍ ആന്റണിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുന്നതില്‍ മോഹന്‍ലാല്‍ വിജയിച്ചു. വിശ്വസ്തതയായിരുന്നു മോഹന്‍ലാല്‍ ആന്റണിയില്‍ കണ്ട ഏറ്റവും വലിയ ഗുണം. ആന്റണി ഇടപെട്ടതോടെ മോഹന്‍ലാല്‍ സാമ്പത്തികമായി കൂടുതല്‍ അഭിവൃദ്ധിയിലേക്ക് വളര്‍ന്നു. അഭിനയിക്കുന്ന സിനിമകളുടെ പ്രതിഫലം കൃത്യമായി ലഭിക്കാന്‍ തുടങ്ങി. കൂടുതല്‍ പടങ്ങളും ആന്റണിയുടെയും ലാലിന്റെയും നേതൃത്വത്തിലുളള ആശീര്‍വാദ് സിനിമാസ് നിർമിക്കാന്‍ തുടങ്ങി. എന്നാല്‍ തന്റെ ഏതെങ്കിലും മിടുക്കുകൊണ്ടാണ് ലാല്‍ സാറിന്റെ ജീവിതത്തില്‍ ഗുണകരമായി പലതും സംഭവിക്കുന്നതെന്ന് ആന്റണി ഭാവിച്ചില്ല.
കണക്കുപുസ്തകങ്ങളില്ലാത്ത ബന്ധം
ആന്റണിയുടെ ജീവിതസാരസര്‍വസ്വം തന്നെ ലാല്‍ സാറായിരുന്നു. അവര്‍ തമ്മില്‍ ഒരിക്കലും കണക്ക് പറഞ്ഞില്ല. കണക്കുകള്‍ വച്ചില്ല. മോഹന്‍ലാലിന്റെ നന്മ മാത്രമായിരുന്നു ആന്റണിയുടെ അജണ്ട. നിഷ്‌കാമകര്‍മ്മിയായ ഒരാത്മാവ് ആന്റണിയില്‍ കുടികൊളളുന്നു എന്ന് തോന്നിയ നിമിഷം മോഹന്‍ലാല്‍ നിര്‍ണ്ണായകമായ ഒരു തീരുമാനം എടുത്തു. പ്രണവം ആര്‍ട്‌സ് എന്ന തന്റെ പഴയ ബാനറിന് തിരശ്ശീലയിട്ട് ആന്റണിയുടെ ഉടമസ്ഥതയില്‍ ഒരു നിർമാണക്കമ്പനി ആരംഭിക്കുക. ആശീര്‍വാദ് സിനിമാസ് എന്ന് പേരും നല്‍കി. നരസിംഹമായിരുന്നു ആ കൂട്ടായ്മയില്‍ ആദ്യം പുറത്തു വന്ന ചിത്രം. അക്കാലത്ത് നിലനിന്ന സകല കളക്ഷന്‍ റിക്കാര്‍ഡുകളും തല്ലിയുടച്ച ചിത്രം. 1 കോടി 10 ലക്ഷത്തില്‍ തീര്‍ത്ത പടം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാരിക്കൂട്ടിയത് 22 കോടിയാണ്. ഇരുപത് ഇരട്ടിയിലേറെ.
ആന്റണി തൊട്ടാല്‍ പൊന്നാകുമെന്ന് ആര്‍ക്കും തോന്നും വിധമായിരുന്നു തുടര്‍ന്നുളള ജൈത്രയാത്ര. രാവണപ്രഭു, നാട്ടുരാജാവ്, നരന്‍, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ചൈനാ ടൗണ്‍, സ്പിരിറ്റ്, ദൃശ്യം, എന്നും എപ്പോഴും, ഒപ്പം , ലൂസിഫര്‍, ദൃശ്യം 2, ബ്രോ ഡാഡി, ട്വല്‍ത്ത്മാന്‍, നേര് ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളില്‍ ഏറിയ പങ്കും ബ്ലോക്ക്ബസ്റ്ററുകളായി. അപ്പോഴും ഒരു യാഥാര്‍ത്ഥ്യം നിലനിന്നു. ഇടയ്ക്ക് ആന്റണിയുടെ പോലും ചില കണക്കുകൂട്ടലുകള്‍ പാളിപ്പോയി. സിനിമകള്‍ മോശമായപ്പോള്‍ പരാജയങ്ങളുമുണ്ടായി. ഇതൊന്നും ആന്റണിയുടെ വളര്‍ച്ചയെ തെല്ലും ബാധിച്ചില്ല. വീഴ്ചകളുടെ പതിന്മടങ്ങ് മുകളിലായിരുന്നു നേട്ടങ്ങളുടെ ഗ്രാഫ്. വിദേശസിനിമകള്‍ കേരളക്കരയില്‍ നിന്ന് കോടികള്‍ വാരുന്ന കാഴ്ച പലരും കാര്യമാക്കാതിരുന്നപ്പോള്‍ ആന്റണിയെ ഇരുത്തി ചിന്തിപ്പിച്ചു. എന്തുകൊണ്ട് നമുക്കും ഗ്ലോബല്‍ സബ്ജക്ടുകള്‍ വച്ച് സിനിമയെടുത്ത് ആഗോളതലത്തില്‍ റിലീസ് ചെയ്ത് ബിസിനസ് സാധ്യതകള്‍ വര്‍ധിപ്പിച്ചു കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് വ്യവസ്ഥാപിത സിനിമാക്കാര്‍ അതിനെ ലഘൂകരിച്ചപ്പോള്‍ ലൂസിഫറിലുടെ തന്റെ കാഴ്ചപ്പാടുകള്‍ക്ക് റിസള്‍ട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു. പിന്നീട് ആന്റണി മലയാള സിനിമാ നിർമാണ വിതരണ പ്രദര്‍ശന മേഖലയിലെ അനിഷേധ്യ നാമങ്ങളിലൊന്നായി മാറി.
ലാല്‍സാര്‍ നല്‍കിയ പിന്‍തുണ
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളുടെ നിർമാതാവ് എന്ന തലത്തിലേക്ക് ഉയര്‍ന്നു നിന്നപ്പോഴും ആന്റണി സഹജമായ ചിരിയോടെ മോഹന്‍ലാലിന്റെ പിന്നില്‍ നിന്നു. നിഴലായി ഒതുങ്ങിക്കൂടി. തിരക്കുളളയിടങ്ങളില്‍ ആള്‍ക്കൂട്ടത്തിന്റെ തള്ളലിൽ പെടാതെ സ്വന്തം കൈകള്‍ കൊണ്ട് ലാലിന് രക്ഷാകവചം ഒരുക്കി. ദീര്‍ഘദൂരയാത്രകളില്‍ കഴിയുന്നതും അദ്ദേഹം തന്നെ ലാലിന്റെ വണ്ടിയോടിച്ചു. ഇപ്പോഴും ഞാനാണ് ലാല്‍ സാറിന്റെ ഡ്രൈവര്‍ എന്ന് വിളിച്ചു പറയാന്‍ അദ്ദേഹത്തിന് അഭിമാനക്ഷതമില്ല. ഒന്നുമല്ലാതിരുന്ന എന്നെ എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം എവിടെയോ എത്തിച്ചത് ലാല്‍ സാറിന്റെ മനസാണ്. ആ നന്മകളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നതാണ് ആന്റണിയുടെ സാക്ഷ്യം.
ആന്റണി ഇന്ന് എത്തി നില്‍ക്കുന്ന ഉയരങ്ങള്‍ അചിന്ത്യമാണ്. നിർമാതാവായി തുടങ്ങി ആശീര്‍വാദ് മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ സമുച്ചയങ്ങളിലുടെ പന്തലിച്ച് മാക്‌സ് ലാബ് എന്ന വിതരണക്കമ്പനിയിലൂടെ കടന്ന് അതിരുകളില്ലാത്ത പല സംരംഭങ്ങളിലേക്കും നീളുന്നു. രണ്ട് ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന പുരസ്‌കാരവും ഒരു ഫിലിം ഫെയര്‍ അവാര്‍ഡും നേടിയ നിർമാതാവാണ് അദ്ദേഹം. നിർമാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളും ചേര്‍ന്ന് രൂപീകരിച്ച ഫിയോക്ക് എന്ന സംഘടനയുടെ പ്രസിഡന്റാണ്. ഇന്ന് ആശീര്‍വാദ് സിനിമാസിന് ഹോങ്കോങ്ങിലടക്കം ആഫീസുകളുണ്ട്.
പരിമിതികളുടെ പാരമ്യതയില്‍ നിന്ന് സ്വപ്നങ്ങള്‍ക്കപ്പുറമുളള ഉയരങ്ങള്‍ എത്തിപ്പിടിക്കാം എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് ആന്റണി. പെരുമ്പാവൂര്‍ മലേക്കുടി വീട്ടില്‍ ജോസഫിന്റെയും ഏലമ്മയുടെയും മകനായി ജനിച്ച ആന്റണിക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം കടക്കാന്‍ സാഹചര്യം അനുവദിച്ചില്ല. ഉപജീവനാർഥം ടാക്‌സി ഡ്രൈവറുടെ തൊഴില്‍ സ്വീകരിച്ച ആന്റണിയുടെ ഏറ്റവും വലിയ മികവ് സൂക്ഷ്മതയേറിയ ഡ്രൈവിങ്ങിനൊപ്പം കറകളഞ്ഞ ആത്മാർഥതയും സത്യസന്ധതയുമായിരുന്നു. വിശ്വസിക്കാന്‍ കൊളളാവുന്നവന്‍ എന്ന ഏകഗുണമാണ് മോഹന്‍ലാലിലേക്ക് ആന്റണിയെ ഇത്രമേല്‍ അടുപ്പിച്ചത്.
ആന്റണിയുടെ ഉളളില്‍ ഒളിഞ്ഞിരിക്കുന്ന മികച്ച ബിസിനസുകാരനെ കണ്ടെത്താന്‍ മോഹന്‍ലാല്‍ എന്ന മഹാനടന്‍ വേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അടുപ്പക്കാര്‍ നിഷേധിക്കും. ഇരുവരും പരസ്പരപൂരകമാണെന്നതാണ് വാസ്തവം. ആന്റണിക്ക് ലാലും ലാലിന് ആന്റണിയും അത്രമേല്‍ വലിയ അനിവാര്യതയായിരുന്നു. ഇത്രയധികം പടങ്ങള്‍ നമ്മള്‍ ഒരുമിച്ച് ചെയ്തില്ലേ ഇനി ആന്റണി മറ്റാരെയെങ്കിലും വച്ച് സിനിമയെടുക്കൂ എന്ന് ലാല്‍ പറഞ്ഞപ്പോഴും ആന്റണി സൗമ്യമായി ചിരിച്ചു.
‘ലാല്‍ സാറിനെ വച്ചല്ലാതെ മറ്റൊരു സിനിമ ആലോചിക്കാന്‍ എനിക്കാവില്ല’ എന്ന് പറഞ്ഞ് ആന്റണി ലാലിനെ ഞെട്ടിച്ചു.
മലയാളത്തിലെ ഏറ്റവും വലിയ ബാനറായ ആശീര്‍വാദ് സിനിമാസിന്റെ സാരഥിയായതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആന്റണി നല്‍കിയ മറുപടിയും ശ്രദ്ധേയം.
‘ഞാന്‍ ആയി എന്ന് പറയുന്നത് ശരിയല്ല. ലാല്‍സാര്‍ എന്നെ കൊണ്ടുവന്നതാണ്’
ഇങ്ങനെ ഒരു മറുപടി നല്‍കാന്‍ എത്ര പേര്‍ക്ക് കഴിയും? അവിടെയാണ് ആന്റണി വേറിട്ട് നില്‍ക്കുന്നത്. ക്വാളിറ്റിയുളള ഒരു മനുഷ്യനെ ആന്റണിയില്‍ ലാല്‍ കണ്ടു. ഒന്നല്ല പല സന്ദര്‍ഭങ്ങളില്‍. കരിയറിലെ നേട്ടങ്ങള്‍ക്കായി മാത്രമുളള കുട്ടുകെട്ടായിരുന്നില്ല അത്. മോഹന്‍ലാലിന്റെ പിതാവ് വിശ്വനാഥന്‍നായര്‍ അസുഖബാധിതനായിരുന്ന കാലം. ഒരു ദിവസം ആന്റണി ലാലിനെ സമീപിച്ച് പറയുന്നു.
‘സര്‍ അച്ഛന്‍ ഇനി എത്ര കാലമെന്ന് നമുക്കറിയില്ല. അതുകൊണ്ട് ഇക്കുറി അച്ഛന്റെ പിറന്നാള്‍ നമുക്ക് ഗംഭീരമായി ആഘോഷിക്കണം’
‘അതിന് ഒരുപാട് ഒരുക്കങ്ങള്‍ വേണ്ടേ ആന്റണി. അതിനുളള സമയം കിട്ടുമോ?’
‘സര്‍ ഒന്നും അറിയണ്ട. പെര്‍മിഷന്‍ തന്നാല്‍ മതി. ബാക്കിയെല്ലാം ഞാന്‍ ചെയ്തുകൊളളാ’
ആന്റണി ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് ക്ഷണക്കത്ത് അച്ചടിക്കലും ക്ഷണിക്കലും പന്തലിടലും ഭക്ഷണം അറേഞ്ച്‌മെന്റ്‌സടക്കം എല്ലാ കാര്യങ്ങളും ചെയ്തു. ചടങ്ങ് വളരെ ഭംഗിയായി നടന്നു. ഇത്തരം ഒരുപാട് ഘടകങ്ങള്‍ കൂടി ചേര്‍ന്നതാണ് ആന്റണി. ഈ ലേഖകന്‍ മോഹന്‍ലാലുമായി നടത്തിയ ഒരു അഭിമുഖത്തില്‍ വാഹനമോടിക്കാന്‍ വന്ന ആന്റണി എങ്ങനെ ഈ സ്ഥാനത്ത് എത്തി എന്ന ചോദ്യത്തിന് ലാല്‍ നല്‍കിയ മറുപടി ഇതായിരുന്നു. ‘അതിനുളള ക്വാളിറ്റി അയാള്‍ക്കുണ്ട്. എന്റെ കാര്‍ ഓടിക്കാന്‍ ധാരാളം പേര്‍ വന്നിട്ടുണ്ട്. അവരാരും ആന്റണി പെരുമ്പാവുര്‍ ആയില്ല. പ്യൂരിറ്റി ഓഫ് സോള്‍ എന്ന് പറയും. ആന്റണിക്ക് അത് വേണ്ടതിലേറെയുണ്ട്’
പിറക്കാതെ പോയ സഹോദരന്‍
ആള്‍ക്കൂട്ടത്തില്‍ ലാലിന് ചെറിയ പോറല്‍ പോലും ഏല്‍ക്കാതെ സദാ ജാഗരൂകമായ മനസുമായി ആന്റണി ഏത് രാത്രിയിലും ഉണര്‍ന്നിരിക്കുന്നു. അത്രമാത്രം പ്രതിജ്ഞാബദ്ധമായ സമീപനമാണ് ആന്റണിയുടേത്.
തന്നെ വിശ്വസിച്ചാണ് സുചി ചേച്ചി ലാല്‍ സാറിനെ ഒപ്പം അയയ്ക്കുന്നതെന്ന് ആന്റണി പറയും. ആ വീട്ടില്‍ ആന്റണി നിര്‍മ്മാതാവോ ഡ്രൈവറോ ഒന്നുമല്ല. മോഹന്‍ലാലിന് ജനിക്കാതെ പോയ സഹോദരനാണ്. രക്തബന്ധത്തേക്കാള്‍ കര്‍മ്മബന്ധമാണ് വലുതെന്ന് ആന്റണിയും ലാലും തമ്മിലുളള ബന്ധം നമ്മെ ഓര്‍മ്മിപ്പിക്കും.
ആന്റണിയുടെ മക്കളുടെ വിവാഹച്ചടങ്ങുകളില്‍ കാരണവസ്ഥാനത്തു നിന്ന് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് ലാലും സുചിത്രയും ചേര്‍ന്നായിരുന്നു. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനോ നിര്‍വചിക്കാനോ സാധിക്കാത്ത വിധം ഗാഢമായ ആത്മബന്ധം ആ കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും ആന്റണിയോടുണ്ട്. ഒരു മെയ്ദിനത്തില്‍ ഏതോ വിരുതൻ ആന്റണിയുടെ പടം വച്ച് എഫ്.ബിയില്‍ ഒരു പോസ്റ്റിട്ടു.‘മുതലാളിയെക്കൊണ്ട് പണിയെടുപ്പിച്ച് കോടികളുണ്ടാക്കിയ ലോകത്തിലെ ആദ്യത്തെ തൊഴിലാളി’. ഒരു സിനിമയുടെ നിർമിതിയില്‍ ചലച്ചിത്ര നിര്‍മ്മാതാവിനുളള പ്രസക്തി അറിയാത്തവരുടെ ക്രൂരവിനോദങ്ങളാണ് ഇതെല്ലാം. കേവലം പണമിറക്കുന്നയാള്‍ മാത്രമല്ല ആന്റണിയെ പോലെ ഒരു നിര്‍മാതാവ്.
കഥ തെരഞ്ഞെടുക്കുന്നത് മുതല്‍ കാസ്റ്റിംഗ് അടക്കം സിനിമയുടെ ഓരോ ഘട്ടത്തിലും അയാളുടെ സജീവമായ ഇടപെടലുകളുണ്ട്. പടത്തിന്റെ മാര്‍ക്കറ്റിങ്ങിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. നിർമാണത്തിനും വിതരണത്തിനും പുറമെ തീയറ്ററുകള്‍ നടത്തുന്ന ചുമതലയും ആന്റണിക്കുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ മഹാവിജയങ്ങള്‍ക്ക് പിന്നില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന നിർമാതാവിന്റെ വലിയ സംഭാവനകളുണ്ട്.
ഒരിക്കല്‍ ആന്റണി പരസ്യമായി പറഞ്ഞു. കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയിലെ ലാല്‍സാറിന്റെ പ്രതിഫലം ഞാന്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. അപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. ഇതില്‍ ആരാണ് മുതലാളി, ആരാണ് തൊഴിലാളി ? ഈ അതിരുകള്‍ നഷ്ടപ്പെടുമ്പോഴാണ് യഥാർഥ സോഷ്യലിസവും കമ്മ്യുണിസവുമെല്ലാം യാഥാര്‍ത്ഥ്യമായിത്തീരുന്നതെങ്കില്‍ അത് സംഭവിക്കുന്ന ഒരേയൊരിടം ആശീര്‍വാദ് സിനിമാസാണ്.
പരസ്പരം കണക്കുകളും നിബന്ധനകളും വയ്ക്കാത്ത രണ്ടുപേരുടെ കൂട്ടായ്മ. അവിടെ മുതലാളി-തൊഴിലാളി ബന്ധത്തേക്കാള്‍ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളതയാണുള്ളത്.
ഒരിക്കല്‍ ആന്റണി പറഞ്ഞു. ‘ആദ്യം വിളിച്ചു തുടങ്ങിയതു പോലെ ഇന്നും ഞാന്‍ അദ്ദേഹത്തെ ലാല്‍സാര്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ എന്റെ മനസില്‍ അദ്ദേഹം എന്റെ ജേഷ്ഠ സഹോദരനാണ്’. ഈ പറയുന്നത് ഒരു ഭംഗിവാക്കല്ല. ഉളളില്‍ തട്ടി ആത്മാര്‍ത്ഥമായി പറയുന്നതാണ്. അത് വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തിയില്‍ പുർണമാക്കുന്നിടത്താണ് മോഹന്‍ലാലും ആന്റണിയും രണ്ടല്ല, ഒന്നാണെന്ന തോന്നല്‍ ജനിക്കുന്നത്.
ആന്റണി ഒരു വ്യക്തിയല്ല. പ്രതീകമാണ്. വിശ്വസ്തതയ്ക്കും പ്രതിബദ്ധതയ്ക്കും എന്നും മൂല്യമുണ്ടെന്ന് ഓരോ മലയാളിയെയും ആഴത്തില്‍ ബോധ്യപ്പെടുത്തുന്നു ആന്റണിയുടെ ജീവിതം.
Source link