നിയമ ഭേദഗതി ബിൽ; ലക്ഷ്യം ഗവർണറുടെ പ്രതിനിധി എത്തുന്നത് തടയൽ

തിരുവനന്തപുരം: സിൻഡിക്കേറ്റിനെ അക്കാഡമിക് സമിതിയാക്കാനെന്ന പേരിൽ സർക്കാർ കൊണ്ടുവരുന്ന സർവകലാശാലാ നിയമഭേദഗതി ബില്ലിന്റെ യഥാർത്ഥലക്ഷ്യം ഗവർണറുടെ പ്രതിനിധികൾ സിൻഡിക്കേറ്റിലെത്തുന്നത് തടയൽ. കേരള, കാലിക്കറ്റ് സർവകലാശാലകളിലെ സെനറ്റിലേക്ക് ഗവർണറുടെ 17 നോമിനികളെത്തുന്നുണ്ട്. ഗവർണറുമായി അനുനയത്തിലായതിനാൽ ഇത് കുറയ്ക്കില്ലെങ്കിലും ഇവർ സിൻഡിക്കേറ്റിലെത്തുന്നത് തടയാൻ സിൻഡിക്കേറ്റിൽ അനദ്ധ്യാപക മേഖലയിലെ അംഗങ്ങളെ ഒഴിവാക്കി.
നിലവിൽ കേരളയിൽ രണ്ടും കാലിക്കറ്റിൽ ഒന്നും സിൻഡിക്കേറ്റംഗങ്ങൾ ഗവർണറുടെ പ്രതിനിധികളാണ്. ബി.ജെ.പിക്കാർ സിൻഡിക്കേറ്റിലെത്തുന്നത് തടയാനാണ് ഭേദഗതിയെന്നാണ് വിലയിരുത്തൽ. ഭേദഗതി നിയമമായാൽ കേരളയിലും കാലിക്കറ്റിലും സിൻഡിക്കേറ്റിലെ 6 അനദ്ധ്യാപകർ ഇല്ലാതാവും. ബില്ലിൽ ഗവർണർ ഒപ്പിടുന്നതോടെ സിൻഡിക്കേറ്റുകൾ അനദ്ധ്യാപകരെ ഒഴിവാക്കി പുനഃസംഘടിപ്പിക്കേണ്ടി വരും. സെനറ്റിൽ ഇവരുടെ അംഗത്വം നഷ്ടമാവില്ല. കേരളയിലും കാലിക്കറ്റിലും സിൻഡിക്കേറ്റിലെ അംഗസംഖ്യ 26ൽ നിന്ന് 16ആയി ചുരുങ്ങും. മറ്റിടങ്ങളിൽ 15പേരുണ്ടാവും.
കേരളയിൽ നിലവിലുള്ള 105 അംഗ സെനറ്റ് അടക്കം യൂണിവേഴ്സിറ്രികളിലെ സെനറ്റിന്റെയും വലിപ്പം കുറയ്ക്കാനായിരുന്നു സർക്കാരിന് മുന്നിലുള്ള ശുപാർശ. എന്നാൽ സെനറ്റിന്റെ വലിപ്പം കുറയ്ക്കാതെ സിൻഡിക്കേറ്റംഗങ്ങളുടെ എണ്ണം ചുരുക്കാനാണ് സർക്കാർ തീരുമാനിച്ചത്. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി സെനറ്റും സിൻഡിക്കേറ്റും അക്കാഡമിക് സമിതികളാക്കി മാറ്റാനാണ് ശ്യാം.ബി മേനോൻ കമ്മിഷന്റെ ശുപാർശ. ഇതനുസരിച്ചുള്ള കരടുബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്.
Source link