ഹിറ്റുകളുടെ മായാവി; തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍

രക്തത്തില്‍ കലയുളളവര്‍ എന്ന് നാട്ടുഭാഷയില്‍ പറയും ജന്മസിദ്ധമായ പ്രതിഭയുളളവര്‍ എന്ന് ശുദ്ധമലയാളത്തിലും ഇന്‍ബോണ്‍ ടാലന്റ് എന്ന് ആംഗലേയ ഭാഷയിലും പറയും. ഏതായാലും ആ ജനുസിലുളളവരായിരുന്നു സംവിധായകന്‍ സിദ്ദിഖും അദ്ദേഹത്തിന്റെ അനന്തിരവന്‍മാരായ റാഫിയും ഷാഫിയും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ ജനിച്ചവര്‍ക്ക് കല പുറത്തെടുക്കുന്നതിന് പരിമിതികളുണ്ടല്ലോ? റാഫിയും ഷാഫിയും കൂടി സിനിമയ്ക്ക് പിന്നാലെ പോയാല്‍ വീട്ടില്‍ അടുക്കള പുകയില്ല. സിനിമ അനിശ്ചിതത്വത്തിന്റെ മേഖലയാണ്. സഹസംവിധായകര്‍ക്ക് അന്ന് പ്രതിഫലം തുച്ഛമാണ്. സ്വന്തമായി ഒരു പടം കിട്ടുമോയെന്ന് ഉറപ്പില്ല. കിട്ടിയാല്‍ തന്നെ അത് ഹിറ്റടിച്ച് വീണ്ടും തുടര്‍ച്ചയായി സിനിമകള്‍ വന്നെങ്കില്‍ മാത്രമേ നിലനില്‍പ്പ് ഭദ്രമായി എന്ന് പറയാന്‍ കഴിയൂ.
അതുകൊണ്ട് തന്നെ സുരക്ഷിതമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സഹോദരങ്ങള്‍ തീരുമാനിച്ചു. റാഫി സിദ്ദിഖ്–ലാലിന്റെയും മറ്റും സഹായിയായി പ്രവര്‍ത്തിക്കുന്ന കാലത്ത് കുടുംബം പുലര്‍ത്താനായി തുകല്‍ ബാഗുകളൂടെ കച്ചവടം നടത്തി ഷാഫി. പില്‍ക്കാലത്ത് റാഫി തിരക്കഥാകൃത്ത് എന്ന നിലയില്‍ സിനിമയില്‍ പച്ചപിടിച്ചപ്പോള്‍ അനുജന്റെ ജീവിതാഭിലാഷം അദ്ദേഹം മറന്നില്ല. താന്‍ തിരക്കഥയെഴുതുന്ന രാജസേനന്‍ സിനിമകളില്‍ ഷാഫിയെ സഹസംവിധായകനായി നിര്‍ത്തി സംവിധാനം പഠിപ്പിച്ചു. സിനിമയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ ഷാഫിക്ക് സ്വതന്ത്രസംവിധായകനാവണമെങ്കിലും രണ്ട് കടമ്പകളുണ്ട്. ഒന്ന് ഷാഫിയെ വിശ്വസിച്ച് പണമിറക്കാന്‍ നിര്‍മ്മാതാവ് വേണം. രണ്ട് അന്നത്തെ ലീഡിംഗ് ഹീറോസില്‍ ആരെങ്കിലും ഡേറ്റ് നല്‍കണം. റാഫിമെക്കാര്‍ട്ടിനിലെ റാഫിയുടെ അനുജന്‍ എന്ന മേല്‍വിലാസം അവിടെയും തുണയായി. ജയറാമിനെ നായകനാക്കി വണ്‍മാന്‍ഷോ എന്ന പടമൊരുക്കാന്‍ അവസരം ഒരുങ്ങി. റാഫി മെക്കാര്‍ട്ടിന്റേതായിരുന്നു സ്‌ക്രിപ്റ്റ്.
തുടര്‍ച്ചയായി ഹിറ്റുകള്‍
ആദ്യപടം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചതോടെ ഷാഫിക്ക് തനത് മേല്‍വിലാസമായി. നന്നായി പണി അറിയുന്ന സംവിധായകന്‍ എന്ന് തന്നെ വിലയിരുത്തപ്പെട്ടു. നര്‍മ്മരസം ഉള്‍ക്കൊളളുന്ന വാണിജ്യ സിനിമകള്‍ ഒരുക്കി ഹിറ്റാക്കുന്നതില്‍ ഷാഫിക്കുളള വൈഭവം നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. പിന്നീട് റാഫിമെക്കാര്‍ട്ടിന്റെ തിരക്കഥകള്‍ ഇല്ലാതെ സ്വതന്ത്രമായി പറക്കാന്‍ ഷാഫിയെ പ്രേരിപ്പിച്ചത് ജ്യേഷ്ഠന്‍ തന്നെയായിരുന്നു. വലിച്ചുവാരി സിനിമകള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടില്ല ഷാഫി. ഒരു വര്‍ഷം ഒരു ഹിറ്റ് എന്നതായിരുന്നു കണക്ക്. വണ്‍മാന്‍ഷോയ്ക്ക് ശേഷം ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ഒരുക്കിയ കല്യാണരാമന്‍ എന്ന ദിലീപ് ചിത്രം ബ്ലോക്ക് ബസ്റ്ററായി. തൊട്ടടുത്ത വര്‍ഷം ജയസൂര്യയെ നായകനാക്കി ഉദയകൃഷ്ണയുടെ രചനയില്‍ പുലിവാല്‍കല്യാണവും ഹിറ്റ്. അടുത്തത് സാക്ഷാല്‍ മമ്മൂട്ടി ചിത്രം. തൊമ്മനും മക്കളും. സൂപ്പര്‍ഹിറ്റെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ?
ഈ ചിത്രം അന്ന് തമിഴിലെ നമ്പര്‍ വണ്‍ താരമായി കത്തി നിന്ന വിക്രമിനെ നായകനാക്കി തമിഴില്‍ ചെയ്യാന്‍ അവസരം ഒരുങ്ങി. തമിഴിനൊപ്പം ബോളിവുഡിലെ സെന്‍സേഷനായിരുന്ന അസിനായിരുന്നു നായിക. മജ എന്ന ആ പടവും ശരാശരി വിജയം നേടി. വിജയചിത്രങ്ങളുടെ ശില്‍പ്പിക്ക് വീണ്ടും ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായി. മമ്മൂട്ടി-ഗോപിക കോംബോയില്‍ മായാവി എന്ന പടം സംഭവിക്കുന്നത് അങ്ങനെയാണ്. അതും ഹിറ്റായതോടെ ഷാഫി എന്ന പേരിന് ഹിറ്റ് എന്നൊരു മറുവാക്ക് തന്നെയുണ്ടായി. നായകന്‍മാരും എഴുത്തുകാരും മാറി വന്നപ്പോഴും ഷാഫി ഹിറ്റുകള്‍ സൃഷ്ടിച്ചു. ഒരു നിമിഷം ബോറടിക്കാത്ത പടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു എന്നതിലായിരുന്നു ഷാഫിയുടെ വിജയം.
മോസ്റ്റ് വാണ്ടഡ് ഡയറക്ടര്‍
വിജയശില്‍പികളെ വിടാതെ പിടികൂടുന്ന സിനിമാത്തമ്പുരാക്കന്‍മാര്‍ ഷാഫിയുടെ ഡേറ്റിനായി മത്സരിച്ചു. മുന്‍നിര നിര്‍മ്മാതാക്കള്‍ക്കെല്ലാം ഷാഫി തന്നെ അവരുടെ പടം ചെയ്യണം. നായകന്‍മാര്‍ക്ക് ഷാഫിയുടെ പടത്തില്‍ അഭിനയിക്കണം. റിസ്‌ക് ഇല്ലാതെ ഹിറ്റുകളിലേക്ക് നങ്കൂരമിടാനുളള എളുപ്പവഴിയായി ഷാഫി മാറി. എന്നാല്‍ എടുത്തുചാട്ടം ഷാഫിയുടെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ഓരോ ചുവടുകളും സൂക്ഷിച്ച് വയ്ക്കുന്ന ഷാഫി നല്ല പ്രൊജക്ടിനായി ക്ഷമയോടെ കാത്തിരുന്നു.
അന്ന് നവാഗതരായിരുന്ന സച്ചി-സേതു ടീമിന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചോക്കലേറ്റ് വന്‍ഹിറ്റായി. ഷാഫിയില്‍ ഫിലിം ഇന്‍ഡസ്ട്രിക്കുളള വിശ്വാസം അതോടെ അരക്കിട്ടുറപ്പിക്കപ്പെട്ടു. പൃഥ്വിരാജിനെയും ജയസൂര്യയെയും വച്ച് ഒരുക്കിയ ലോപിപോപ്പ് ഷാഫിയുടെ കരിയര്‍ ഗ്രാഫില്‍ മിന്നുന്ന വിജയമായില്ലെങ്കിലും പരാജയമായില്ല. ചിത്രം ശരാശരി വിജയം നേടി. വീണ്ടും ഷാഫി മമ്മൂട്ടിയുമായി കൈകോര്‍ത്തു. എന്നും ഷാഫിയുടെ ഭാഗ്യനായകനായിരുന്നു മമ്മൂട്ടി. വന്‍ബജറ്റില്‍ ഒരുക്കിയ ചട്ടമ്പിനാട് എന്ന ചിത്രവും വിജയക്കിരീടം ചൂടി. കല്യാണരാമന് ശേഷം ദിലീപും ഷാഫിയും തമ്മില്‍ ഒന്നിച്ചില്ല എന്ന പരാതി അവസാനിപ്പിച്ചുകൊണ്ട് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന പടമായിരുന്നു അടുത്തത്. ദിലീപ്-ഭാവന ലക്കി പെയര്‍ അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം തകര്‍പ്പന്‍ ഹിറ്റായി.
വിജയം തലയ്ക്ക് പിടിക്കാത്ത ചിരി
തുടര്‍ച്ചയായ വിജയങ്ങള്‍ പ്രിയദര്‍ശനും സിദ്ദിഖ് ലാല്‍ മാര്‍ക്ക് പോലും അപ്രാപ്യമായ കാലത്ത് ഷാഫിയുടെ മിന്നും വിജയങ്ങള്‍ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കി കണ്ടത്. അപ്പോഴും വിജയലഹരിയില്‍ മത്ത് പിടിക്കാതെ സൗമ്യമായ ചിരിയുമായി വീട്ടില്‍ ഒതുങ്ങിക്കൂടുന്ന ഷാഫിയെക്കണ്ട് പലരും വിസ്മയിച്ചു. ഓരോ പടം കഴിഞ്ഞും അദ്ദേഹത്തിന് ഒരു ഇടവേളയുണ്ട്. വിശ്രമത്തിനും പുതിയ സിനിമകള്‍ കാണാനും അടുത്ത പടത്തിനുളള കഥ കേള്‍ക്കാനും മറ്റുമുളള ഇടവേള. അതുകൊണ്ട് തന്നെ വര്‍ഷത്തില്‍ ഒരു പടം എന്ന ശീലത്തിന് മാറ്റം വരാതെ പരമാവധി ശ്രദ്ധിച്ചു.
സിനിമയില്‍ പതിവുളള അത്യാഗ്രഹവും അതിമോഹവും തൊട്ടുതെറിച്ചിട്ടില്ലാത്ത വ്യക്തി കൂടിയായിരുന്നു ഷാഫി. ഹിന്ദി അടക്കം ഇതര ഭാഷളില്‍ നിന്ന് കൊതിപ്പിക്കുന്ന ഓഫറുകള്‍ വന്നിട്ടും ഷാഫി അതിലൊന്നും മയങ്ങിയില്ല. മലയാളത്തില്‍ മോഹിപ്പിക്കുന്ന പ്രതിഫലം നല്‍കി ഷാഫിയെ കൊത്തിക്കൊണ്ട് പോകാന്‍ നിര്‍മാതാക്കള്‍ ക്യൂ നിന്നു. വിപണനമൂല്യമുളള സകലതാരങ്ങളും ഷാഫിക്ക് ഡേറ്റ് നല്‍കാന്‍ തയ്യാറായിരുന്നു. ഒരു പ്രമുഖ നടന്‍ ഷാഫിയുടെ ഒരു ഫോണ്‍കോളിനായി ഏത് നിമിഷവും കാത്തിരുന്ന കഥയും ഷാഫി ഓകെ പറഞ്ഞാല്‍ അഡ്വാന്‍സ് വാങ്ങിയ പടങ്ങള്‍ പോലും മാറ്റി വച്ച് അദ്ദേഹത്തിന്റെ സിനിമകള്‍ ചെയ്യാന്‍ തയ്യാറാകുന്നതും മറ്റും ഷാഫിയെ സംബന്ധിച്ച് വലിയ അംഗീകാരങ്ങളായി. മിതഭാഷിയായ ഷാഫി സൗമ്യമായ ചിരി കൊണ്ട് എല്ലാ വിജയങ്ങളെയും നേരിട്ടു.
വിജയത്തില്‍ അഹങ്കരിക്കുകയും സഹപ്രവര്‍ത്തകരെ പുലഭ്യം പറയുകയും ചെയ്യുന്ന അല്‍പ്പജ്ഞാനികള്‍ക്ക് ഷാഫി എന്നും ഒരു വിസ്മയമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഒരിക്കല്‍ ഷാഫി നല്‍കിയ ഉത്തരം ഇതായിരുന്നു. ‘‘സിനിമയില്‍ ആരുടെയും വിജയം ശാശ്വതമല്ല. ശശികുമാര്‍ സാറും ഐ.വി. ശശി സാറും അടക്കമുളള ലജണ്ടുകള്‍ക്ക് പോലും ഒരു ഘട്ടത്തില്‍ ഫ്‌ളോപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഞാനൊരു സാധാരണക്കാരനാണ്. ഇന്ന് കാണുന്ന വിജയം നാളെ ആവര്‍ത്തിക്കുമോയെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ഹിറ്റുകള്‍ വരുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ അടുത്ത സിനിമയെ സമീപിക്കാനാണ് ശ്രമിക്കുന്നത്. അഹങ്കരിക്കാനുളളതല്ല ഒരു സിനിമാക്കാരന്റെ ജീവിതം. അത് എന്നും അനിശ്ചിതത്വം നിറഞ്ഞതാണ്.’’
25 വര്‍ഷം നീണ്ട കരിയറില്‍ ഷാഫി പതിവ് തെറ്റിച്ച് രണ്ട് സിനിമകള്‍ വീതം ചെയ്തത് 2007 ലും 2011 ലുമായിരുന്നു. 2007 ല്‍ ഭാഗ്യം അദ്ദേഹത്തെ തുണച്ചു. മായാവിയും ചോക്‌ലേറ്റും ഒരു പോലെ ഹിറ്റ്. 2011 ല്‍ കഥ മാറിമാറിഞ്ഞു. ജയറാം നായകനായ മേക്കപ്പ്മാന്‍ ഹിറ്റായപ്പോള്‍ മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.
ടൂ കണ്‍ട്രീസുമായി ഒരു രണ്ടാം വരവ്
പിറ്റേ വര്‍ഷം കുഞ്ചാക്കോ ബോബനെ നായകനാക്കി 101 വെഡ്ഡിങ് എന്ന പടമെടുത്തപ്പോഴും സിനിമ ഷാഫിയുടെ ഖ്യാതിക്ക് നിരക്കുന്നതായില്ല. സമയം എല്ലാവര്‍ക്കും എന്നും ഒരു പോലെ അനുകൂലമാവില്ലല്ലോ? ഷാഫിയുടെ പടിയിറക്കം ആരംഭിച്ചു എന്ന മട്ടില്‍ ആസ്ഥാന വിദ്വാന്‍മാര്‍ പ്രചരണങ്ങളുമായെത്തി. ഷാഫി ആര്‍ക്കും മറുപടി പറയാന്‍ നിന്നില്ല.
ആരെയും നിരായുധരാക്കുന്ന ആ ചിരിയുമായി വീട്ടില്‍ ഒതുങ്ങിക്കൂടിയത് മൂന്ന് വര്‍ഷങ്ങള്‍. 2015 ല്‍ ടൂ കണ്‍ട്രീസ് എന്ന ദിലീപ് ചിത്രവുമായി ഷാഫി തിരിച്ചുവന്നപ്പോള്‍ കൈപിടിക്കാന്‍ ജേഷ്ഠന്‍ റാഫിയുടെ രസകരമായ തിരക്കഥയുമുണ്ടായിരുന്നു. അവര്‍ ഒന്നിക്കുമ്പോള്‍ എക്കാലവും സംഭവിക്കാറുളളത് ഇക്കുറിയും സംഭവിച്ചു. പടം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റ്. ദിലീപ് എന്നും ഷാഫിക്ക് രാശിയുളള നടനായിരുന്നു.
പത്ത് വര്‍ഷം മുന്‍പ് സംഭവിച്ച ആ സിനിമയോടെ ഷാഫിയുടെ ഭാഗ്യജാതകം പിന്നോട്ട് നടന്നു. ബിജു മേനോനെ നായകനാക്കി ഒരുക്കിയ ഷെര്‍ലക്ക്‌ഹോംസ് വിജയമായില്ല. ബിബിന്‍ ജോര്‍ജിനെ വച്ച് ചെയ്ത ഒരു പഴയ ബോംബ്കഥയുടെ അവസ്ഥയും വിഭിന്നമല്ല. വിഷ്ണു ഉണ്ണികൃഷ്ണനെ വച്ച് ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന പടം ചെയ്തപ്പോള്‍ തിരക്കഥയുമായി റാഫി ഒപ്പമുണ്ടായിട്ടും വിജയം ആവര്‍ത്തിച്ചില്ല. ഷറഫുദ്ദിനെ നായകനാക്കി ചെയ്ത ‘ആനന്ദം പരമാനന്ദ’മായിരുന്നു അവസാന ചിത്രം.
ആകെയുളള 18 സിനിമകളില്‍ അവസാനം വന്ന ചിലതൊഴികെ എല്ലാ സിനിമകളും ചരിത്രവിജയമാക്കാന്‍ കഴിഞ്ഞു എന്നത് നിസാരമല്ല. അതുകൊണ്ട് തന്നെ മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരുടെ നിരയില്‍ മോശമല്ലാത്ത ഒരു സ്ഥാനമുണ്ട് ഷാഫിക്കും. അതിലുപരി റിപ്പീറ്റ് വാല്യു ഉളള അതീവ രസകരമായ സിനിമകളാണ് അദ്ദേഹം ഒരുക്കിയതില്‍ ഏറെയും.തന്റെ സിനിമകളെക്കുറിച്ച് അനര്‍ഹമായ അവകാശവാദങ്ങളൊന്നും ഉന്നയിക്കാറില്ല ഷാഫി. ആളുകളെ ബോറടിപ്പിക്കാതെ ഒപ്പം കൊണ്ടുപോവുക, ചിരിക്കുന്ന മുഖത്തോടെ അവര്‍ തിയറ്ററുകളില്‍ നിന്നിറങ്ങി വരിക എന്നിങ്ങനെ മിനിമം മോഹങ്ങള്‍ മാത്രം സൂക്ഷിച്ചിരുന്ന ചലച്ചിത്രകാരന്‍. ആയുര്‍ദൈര്‍ഘ്യം വല്ലാതെ വര്‍ദ്ധിച്ചു വരുന്ന ഒരു കാലത്ത് 57 വയസ്സ് ഒരു പ്രായമേയല്ല. എന്നിട്ടും അമ്മാവന്‍ സിദ്ദിഖിന് പിന്നാലെ ഷാഫിയും വിടവാങ്ങുമ്പോള്‍ ഓര്‍മ്മയാകുന്നത് മലയാള വാണിജ്യ സിനിമയിലെ ഒരു സുവര്‍ണകാലമാണ്.
Source link