KERALAM

കേരളകൗമുദി വാർത്ത തുണയായി, ചെറുവയൽ രാമന് സഹായ ഹസ്തം

 ആചാര്യശ്രീ രാജേഷിന്റെ ഇടപെടൽ

 മാസം 11000 രൂപ വീതം നൽകും

കൽപ്പറ്റ: പൈതൃക ജൈവ നെൽവിത്തുകളുടെ സംരക്ഷകനും ആദിവാസി കർഷകനുമായ ചെറുവയൽ രാമന്റെ ദുരിതങ്ങൾക്ക് വിരാമം. കോഴിക്കോട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കാശ്യപാശ്രമം കുലപതിയും പ്രമുഖ വേദപണ്ഡിതനുമായ ആചാര്യശ്രീ രാജേഷിന്റെ ഇടപെടലിലൂടെ രാമന് പ്രതിമാസം 11000 രൂപ ലഭിക്കും. ആദ്യത്തെ ചെക്ക് ഇന്നുതന്നെ കൈമാറും.

ചെറുവയൽ രാമന്റെ ദുരിതജീവിതത്തെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ‘പത്മശ്രി വയറ് നിറക്കില്ല’ എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ആചാര്യശ്രീ ഡൽഹി ആസ്ഥാനമായ എം.ഡി.എച്ച് മഹാശയ് ധരംപാൽ ട്രസ്റ്റിന്റെ സഹായം തേടുകയായിരുന്നു. അവരാണ് തുക നൽകുന്നത്.

2023ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമൻ വയനാട് മാനന്തവാടി കമ്മനയിലെ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഭാര്യ ഗീതയോടൊപ്പം കഴിയുന്നത്. സർക്കാർ 1600 രൂപ പെൻഷൻ നൽകുന്നുണ്ടെങ്കിലും ആ തുക മരുന്നിനു പോലും തികയാത്ത അവസ്ഥയാണ്.

കാർഷിക സംസ്‌കൃതിയെ ആശ്രയിച്ചും ആദരിച്ചും കൊണ്ടുള്ള ജീവിതരീതിയാണ് വേദജ്ഞാനം മുന്നോട്ട് വെക്കുന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ സഹായമെത്തിക്കാൻ പ്രതിജ്ഞാ ബദ്ധരാണെന്നും ആചാര്യശ്രീ രാജേഷ് പറഞ്ഞു.

വേദപ്രചാരണം ലക്ഷ്യമാക്കി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ. ഇന്ത്യയിലും പുറത്തുമായി വൈദിക ക്ലാസുകൾ നടത്തിവരുന്നു.


Source link

Related Articles

Back to top button