എൻഎം വിജയന്റെയും മകന്റെയും ആത്മഹത്യ: ഐസി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. എംഎൽഎയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എൻഎം വിജയന്റെ കത്തുകളിലെ പരാമർശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യൽ. ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയാണ് എംഎൽഎ. ആത്മഹത്യ പ്രേരണ കുറ്റമാണ് ഐസി ബാലകൃഷ്ണനെതിരെ ചുമത്തിയത്.
പുത്തൂർവയലിലുള്ള ജില്ലാ പൊലീസ് ക്യാമ്പിൽ വച്ച് സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. എൻഎം വിജയന്റെ കത്തിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എംഎൽഎ നേരത്തെ തന്നെ ആവർത്തിച്ചിരുന്നത്. എൻഎം വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചിരുന്നു. എൻഎം വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെകെ ഗോപിനാഥ് തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്. കെപിസിസി പ്രസിഡന്റിന് നൽകാൻ വിജയൻ എഴുതിയ കത്തിൽ ഇവരുടെ പേരുകൾ പരാമർശിച്ചിരുന്നു എന്നാണ് പറയുന്നത്. പൊലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.
Source link