KERALAM

തല വേർപെട്ട് ശരീരം കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു, പകുതിയിലധികവും കടുവ ഭക്ഷിച്ചിരുന്നു

വയനാട്: പഞ്ചാരക്കൊല്ലിയിൽ കടുവ പാതിഭക്ഷിച്ച ആദിവാസി വീട്ടമ്മ രാധയുടെ മൃതദേഹം ആദ്യം കണ്ടത് തണ്ടർ ബോൾട്ട് സംഘം. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് വനപാലകരും പൊലീസും സ്ഥലത്തേക്കെത്തിയത്. സാധാരണയുണ്ടാകാറുള്ള പട്രോളിംഗിന്റെ ഇടയ‌്ക്കാണ് ചെരുപ്പും ചോരപ്പാടും തണ്ടർ ബോൾട്ട് സംഘം കാണുന്നത്. തല വേർപെട്ട് ശരീരം കമിഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു. പിൻഭാഗം ഏറെക്കുറേ കടുവ ഭക്ഷിച്ചിരുന്നു. തണ്ടർ ബോൾട്ട് അതുവഴി വന്നില്ലായിരുന്നെങ്കിൽ മുഴുവനായി കടുവ ഭക്ഷിക്കുന്നതിനുള്ള സാദ്ധ്യതയുമുണ്ടായിരുന്നു.

വനം വകുപ്പിന്റെ താത്കാലിക വാച്ചർ പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധയാണ് (45) കൊല്ലപ്പെട്ടത്. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്കൂട്ടറിൽ കൊണ്ടാക്കിയത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു മൃതദേഹം.

ഇന്നലെ ഉച്ചയോടെ തന്നെ ഡ്രോണുകൾ പഞ്ചാരക്കൊല്ലി വന മേഖലയിൽ കടുവയ്ക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. രാധയെ കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്ത് മൂന്നുപേർ കടുവയെ കണ്ടതായി വിവരമുണ്ട്. കടുവ ക്ഷീണിതനാണ്. ഇവരെ കണ്ടയുടൻ അലർച്ചയുണ്ടാക്കി ഉൾക്കാട്ടിലേക്ക് മാറിയെന്നാണ് വിവരം.

പ്രദേശത്ത് നിരോധനാജ്ഞയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നില്ല. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിൽ എത്തി. പഞ്ചാരക്കൊല്ലി ബേസ് ക്യാമ്പാക്കിയാണ് ഓപ്പറേഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും വയനാട്ടിലേക്ക് നിയമിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button