നായയുടെ നാക്ക് ഉണ്ണി കടിച്ചു മുറിക്കുന്നതായിരുന്നു ഇൻട്രൊ, ‘കുടുംബ വയലന്‍സിനു’ വേണ്ടി വന്നത് 15 ദിവസം: കലൈ കിങ്സൻ അഭിമുഖം

‘മാർക്കോ’ സിനിമയിലെ കട്ട് ചെ്യത സീനുകൾ എവിടെ? ഒടിടിയിൽ ഇറങ്ങുമ്പോൾ ആ രംഗങ്ങൾ ഉണ്ടാകുമോ? ഈ ചോദ്യങ്ങൾ സിനിമയിറങ്ങിയപ്പോൾ മുതൽ നിലനിൽക്കുന്നുണ്ട്. അതുപോലെ തന്നെ സിനിമയിലെ വയലൻസിനെപ്പറ്റിയുള്ള പല ചർച്ചകളും. സിനിമയെ സിനിമയായി കാണാൻ ഇപ്പോഴത്തെ പ്രേക്ഷകർ തയാറായി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ‘മാർക്കോ’ മാറുമ്പോൾ സിനിമയുടെ ഫൈറ്റ് കൊറിയോഗ്രഫർ കലൈ കിങ്സൻ ഈ സിനിമയുടെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ…
‘മഹാപാപം തീർന്നോ തീർന്നോ’
ഞങ്ങൾ ഒരുപാട് പ്ലാൻ ചെയ്ത് ഷൂട്ടിൽ തന്നെ ഒഴിവാക്കിയതിന്റെ ബാലൻസ് ആണ് നിങ്ങള്‍ ഇപ്പോൾ സിനിമയിൽ കണ്ടത്. ആദ്യത്തെ ഡിസ്കഷനിൽ പ്രീ ക്ലൈമാക്സ് സീനിൽ കുഞ്ഞിനെ പുറത്തെടുക്കുന്ന സീൻ ഇങ്ങനെയല്ല പ്ലാൻ ചെയ്തിരുന്നത്. അതുപോലെ ഹീറോയുടെ ഓപ്പണിങ് ഷോട്ടും. ഫൈറ്റ് നടക്കുന്നതിനിടെ ഹീറോയെ കാറിനുള്ളിൽ ആക്കുന്നു. അതിനകത്ത് നായയുണ്ട്. നായയുമായി ഫൈറ്റ് നടക്കും, തിരിച്ചിറങ്ങും എന്നതായിരുന്നു ഡയറക്‌ഷൻ ഡിപ്പാർട്ട്മെന്റുമായി ആദ്യം സംസാരിച്ച ഇൻട്രൊ സീൻ. നമുക്ക് ഒരു സ്ക്രിപ്റ്റ് കിട്ടുമ്പോൾ അതിൽ എന്തൊക്കെ ചെയ്യാം എന്നു ചിന്തിക്കണമല്ലോ. അങ്ങനെ ഹീറോയുടെ ഓപ്പണിങ് ഫൈറ്റിൽ നായയുടെ വായ പിളർത്തുന്ന ആ സീൻ കൊറിയോഗ്രഫ് ചെയ്തു. അവിടെ ഹീറോയുടെ മുഖം റിവീൽ ആകും.
പക്ഷേ ആദ്യം ഞാൻ പ്ലാൻ ചെയ്തിരുന്നത് നായയുടെ വായ പിളർത്തുമ്പോൾ അതിന്റെ നാക്ക് ഇങ്ങനെ ആടും, അപ്പോൾ ഹീറോ അത് കടിച്ചെടുക്കുന്നതായിരുന്നു ഇൻട്രോ. പക്ഷേ ഷൂട്ടിന്റെ സമയത്ത് എല്ലാവർക്കും കുറച്ച് പേടിയായി. വയലൻസ് കൂടിപ്പോകുമോ എന്നൊക്കെ ചർച്ച വന്നു. ഒരു വയലൻസ് മൂവിയാണ് ഇത്. അതിൽ എന്തും കാണിക്കാമല്ലോ. പക്ഷേ എന്നാലും നമ്മൾ തന്നെ ഷൂട്ടിലൊക്കെ കുറേ കട്ട് ചെയ്തു. ഇതൊരു വയലൻസ് മൂവി അല്ലേ, ഇങ്ങനെയൊക്കെ കാണിക്കാം എന്നു ഞാൻ പറഞ്ഞെങ്കിലും നായയുടെ നാക്ക് കടിച്ചെടുക്കണ്ട, വായ് പിളർത്താം എന്നു തീരുമാനിക്കുകയായിരുന്നു.
അതുപോലെ കുഞ്ഞിനെ പുറത്തെടുക്കുന്ന സീനിൽ കബീർ സിങ് പൊക്കിൾകൊടി കത്തി കൊണ്ട് മുറിച്ചെടുക്കുന്നതാണ് സിനിമയിൽ നിങ്ങൾ കണ്ടത്. എന്റെ ആദ്യ പ്ലാൻ പൊക്കിൾക്കൊടി കടിച്ചുമുറിച്ചെടുക്കുന്ന തരത്തിലായിരുന്നു. എന്നിട്ട് ആ അമ്മയെ കൊല്ലും. പിന്നെ ആ പൊക്കിൾക്കൊടി ചുരുട്ടിയെടുത്ത് കുഞ്ഞിനെ തോളിലിങ്ങനെ പിടിച്ച്, മരിച്ചുകിടക്കുന്ന അമ്മയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകും. എന്നിട്ട് ഉണ്ണിയുടെ അടുത്ത് പോയി ആ ബോഡി അവിടെയിട്ട് പൊക്കിൾകൊടി ചുരുട്ടി ചുരുട്ടി കുഞ്ഞിനെ മുഖത്തിനു നേരേ പിടിക്കും. എന്നിട്ട് ഡയലോഗ് പറഞ്ഞിട്ട് ഇറങ്ങിപ്പോകും. ഡിസ്കഷനിൽ ഇത് ഓക്കെ ആയിരുന്നു.
പക്ഷേ ഷൂട്ടിന്റെ സമയത്ത് മറ്റ് അഭിപ്രായങ്ങൾ വന്നു. കുഞ്ഞിന്റെ പൊക്കിൾക്കൊടി കടിക്കണ്ട, കത്തികൊണ്ട് മുറിച്ചാൽ മതി, അമ്മയെ കത്തികൊണ്ട് കുത്തിക്കൊന്ന് അവിടെത്തന്നെ കിടത്താം എന്നൊക്കെ തീരുമാനിക്കുകയായിരുന്നു. ആ ചെറിയ കുഞ്ഞിനെ സിലിണ്ടറിലടിക്കുന്നതും സ്ത്രീയുടെ വായ കീറുന്നതുമെല്ലാം അടക്കം 15 ദിവസത്തിലാണ് ആ സീൻ ഷൂട്ട് ചെയ്തത്. തീർന്നപ്പോഴേക്കും എല്ലാവരും ‘മഹാപാപം തീർന്നോ തീർന്നോ’ എന്നാണ് പരസ്പരം ചോദിച്ചിരുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾ വളരെ ജോളിയായാണ് ഇതൊക്കെ ഷൂട്ട് ചെയ്യുന്നത്.
സ്റ്റാർട്ട്, ‘ആക്‌ഷൻ’
എന്റെ കുടുംബത്തിൽ 32 പേർ സ്റ്റണ്ട് യൂണിയൻ മെമ്പേഴ്സ് ആയിരുന്നു. അച്ഛൻ. അണ്ണൻ, മാമ, അണ്ണന്റെ മക്കൾ എല്ലാവരും സ്റ്റണ്ട് യൂണിയനിൽ ആണ്. ഇതിൽ ആരും പക്ഷേ മാസ്റ്റേഴ്സ് ആയില്ല. എല്ലാവരും ഫസ്റ്റ് അസിസ്റ്റന്റ് ഒക്കെ വരെയേ ആയുള്ളൂ. ചെറുതായിരുന്നപ്പോഴേ ഈ സ്റ്റണ്ട് ഒക്കെ ഞാൻ കാണാറുണ്ട്. അതുപോലെ തന്നെ എന്തുകൊണ്ട് ഇവർ മാസ്റ്റേഴ്സ് ആയില്ല എന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ നമുക്ക് എന്തുകൊണ്ട് ഫൈറ്റ് മാസ്റ്റേഴ്സ് ആയിക്കൂടാ എന്ന ചിന്ത വന്നു, ഇതിനുവേണ്ടി കൂടുതൽ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ഫൈറ്റ് മാസ്റ്റർ ആകാൻ എന്തൊക്കെ ചെയ്യണമെന്ന് പ്ലാൻ ചെയ്ത് 2011–12 സമയത്താണ് ഞാൻ ഇതിനുവേണ്ടിയുള്ള കാര്യങ്ങൾ ആരംഭിക്കുന്നത്.
ആദ്യം ക്ലാസ്സിൽ പോയി എല്ലാം പഠിച്ചു. ഫൈറ്റ് മാസ്റ്റർ ആകണമെങ്കിൽ ഒരു കാർഡ് ലഭിക്കണം. അതിനൊരു ടെസ്റ്റ് ഉണ്ട്. ആ ടെസ്റ്റ് പാസ് ആയാൽ മാത്രമേ കാര്യമുള്ളൂ. നമ്മുടെ അച്ഛന്റെ പേര് പറഞ്ഞോ ശുപാർശ ചെയ്തോ ഒന്നും ആ കാർഡ് കിട്ടില്ല. കഴിവ് തന്നെ വേണം. എപ്പോൾ വേണമെങ്കിലും പരുക്ക് പറ്റാം. അതിനെ നമ്മൾ എങ്ങനെ പ്രതിരോധിക്കും എന്നതിന് കൃത്യമായ പ്രാക്ടീസ് വേണം. ഒരു 8 വർഷത്തോളം ഞാൻ പ്രാക്ടീസ് ചെയ്തു, എന്നിട്ട് സ്റ്റണ്ട് യൂണിയൻ ടെസ്റ്റിൽ ജോയിൻ ചെയ്തു, പാസ് ആയി. എന്നിട്ട് അസിസ്റ്റന്റായും അസോഷ്യേറ്റായും സിനിമയിൽ ജോലി ചെയ്തു. ഇതൊക്കെ കഴിഞ്ഞാലേ മാസ്റ്റർ ആകാൻ പറ്റൂ. മാസ്റ്റർ ആകണോ വേണ്ടയോ എന്നത് സ്വന്തം ഇഷ്ടമാണ്.
മാസ്റ്റർ ആയാല്‍ പിന്നെ ഫൈറ്റിനു പോകാൻ പറ്റില്ല. മാസ്റ്ററിന്റെ ജോലി മാത്രമേ ചെയ്യാൻ പറ്റൂ. നിങ്ങളെ വിശ്വസിച്ച് കമ്പനി പടം തരണം, അത് നന്നായി ഓടണം, അതുവച്ച് മറ്റു സിനിമകൾ കിട്ടണം. ഞാൻ അസിസ്റ്റന്റായും അസോഷ്യേറ്റായും ഒക്കെ വർക്ക് ചെയ്തത് മാസ്റ്റർ കാർഡ് കിട്ടാനാണ്. അങ്ങനെ കാർഡ് ഇല്ലാതെ ഞാൻ വർക്ക് ചെയ്ത നിരവധി പടങ്ങളുമുണ്ട്. യശോദ, ഉന്നാലെ ഉന്നാലെ, അതിനു മുൻപ് വേട്ടൈക്കാരൻ.
അങ്ങനെ ഇപ്പോൾ കാർഡ് കിട്ടി മാസ്റ്റർ ആയി വർക്ക് ചെയ്യുകയാണ്. ഞാൻ വന്നതു തന്നെ മാസ്റ്റർ ആകാനാണ്. മാസ്റ്റർ ആയാൽ പിന്നെ വേറെ ഫൈറ്റ് സ്റ്റണ്ട് ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഫൈറ്റ് ചെയ്തിരുന്ന സമയത്ത് ഗ്ലാസ് പൊട്ടിക്കണം, ബൈക്ക് സ്ക്കിഡ് ചെയ്യണം, മുകളിൽനിന്നു ചാടണം, ഷൂട്ട് ചെയ്യണം, ഫൈറ്റ് ചെയ്യണം, ഹോഴ്സ് റൈഡിങ് ചെയ്യണം എന്നിങ്ങനെ പല പരിപാടികൾ ഉണ്ടായിരുന്നു. പിന്നെ കുങ്ഫു, ബോക്സിങ് ഇതൊക്കെ പഠിച്ചിട്ടുണ്ട്. അതൊന്നും ഇപ്പോൾ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് ഞാൻ പഠിച്ചതിന്റെ 25 ശതമാനം മാത്രമേ സിനിമകളിൽ ഇതുവരെ ഉപയോഗിക്കാൻ പറ്റിയിട്ടുള്ളൂ. ഇതാണ് എന്റെ ഇതുവരെയുള്ള യാത്ര…
Source link