പി.പി.ദിവ്യയ്‌ക്കെതിരെ അഴിമതി ആരോപിച്ച് വീണ്ടും കെ.എസ്.യു

കണ്ണൂർ: പി.പി. ദിവ്യയ്‌ക്കെതിരെ തുടർച്ചയായി അഴിമതി ആരോപണങ്ങളും തെളിവുകളുമായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടിയുടെ നിർമ്മാണ കരാറുകൾ നേരിട്ടു നൽകി. അരുൺ കെ. വിജയൻ ജില്ലാ കളക്ടറായ കാലയളവിലാണ് ഏറ്റവും കൂടുതൽ തുകയുടെ കരാർ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചത്.കളക്ടറുടെ ഇടപെടലുകളിൽ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പി.പി. ദിവ്യയുടെ ബിനാമി കമ്പനിയായ കാർട്ടൻ ഇന്ത്യ അലയൻസാണ് നിർമ്മിതി കേന്ദ്രയ്ക്ക് നൽകിയ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ബിനാമി കമ്പനിയും ദിവ്യയുടെ കുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരും. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കട്ടെയെന്നും ഷമ്മാസ് വെല്ലുവിളിച്ചു.
കോടതീല് കണ്ടിപ്പാ
പാക്കലാം: ദിവ്യ
മുഹമ്മദ് ഷമ്മാസിന്റെ ആരോപണത്തിൽ മറുപടിയുമായി പി.പി. ദിവ്യ ഫേസ്ബുക്കിൽ. താൻ കണ്ടു വളർന്ന നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ്. മടിയിൽ കനമില്ലെങ്കിൽ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച പിണറായിയാണ് തന്റെ ഹീറോ…അഴിമതിയെക്കുറിച്ച് സ്വപ്നം കണ്ട് നടക്കുന്നവർക്ക് എല്ലാം അങ്ങനെയെന്ന് തോന്നുന്നത് സ്വാഭാവികം. അലക്കിത്തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കൈയിൽ വച്ച് മാദ്ധ്യമങ്ങളോട് പറയുന്ന വിടുവായത്തത്തിന് മറുപടി പറഞ്ഞു സമയം കളയുന്നില്ല. ‘കോടതിയിൽ കണ്ടിപ്പാ പാക്കലാം.”-ദിവ്യ കുറിച്ചു
Source link